ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ? എത്തുന്നവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: ജൂണ്‍ എട്ട് മുതല്‍ കൂടുതല്‍ ഇളവുകള്‍ വരികയാണെന്നും കേന്ദ്രം ഇതിനായി നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

”ജൂണ്‍ എട്ട് മുതല്‍ കൂടുതല്‍ ഇളവുകള്‍ വരികയാണ്. കേന്ദ്രം ഇതിനായി നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുവായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളെല്ലാം സംസ്ഥാനത്തുണ്ടാകും. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണം എന്നത് സംബന്ധിച്ച് വിവിധ മതനേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു.

65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ളവര്‍, മറ്റ് അസുഖബാധിതര്‍ എന്നിവര്‍ വീട്ടില്‍ കഴിയണമെന്നാണ് കേന്ദ്രനിര്‍ദേശം. അത് ഇവിടെയും നടപ്പാക്കും. ആരാധനാലയങ്ങളിലും ആറടി അകലം പാലിക്കണം. ഇവിടെ എത്തുന്നവര്‍ മാസ്‌ക്ക് ധരിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം, ചുമക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം, ടിഷ്യു ഉപയോഗിക്കുന്നെങ്കില്‍ ശരിയായി നിര്‍മ്മാര്‍ജനം ചെയ്യണം, രോഗലക്ഷണമുള്ളവര്‍ ആരാധനലായങ്ങളില്‍ പ്രവേശിക്കരുത്, ചെരുപ്പുകള്‍ അകത്ത് കടത്തരുത്, നിശ്ചിത അകലത്തില്‍ പ്രത്രേ്യകം സൂക്ഷിക്കണം, ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം, കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്റുകളുണ്ടാവണം.

എയര്‍ കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ 24 മുതല്‍ 30 വരെ ഡ്രിഗ്രി സെല്‍ഷ്യസില്‍ താപനില ക്രമീകരിക്കണം. ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോഡ് കേള്‍പ്പിക്കണം. പായ, വിരിപ്പ് എന്നിവ ആളുകള്‍ തന്നെ കൊണ്ടുവരണം. അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കണം.

വെള്ളമെടുക്കാന്‍ ടാപ്പുകള്‍ തന്നെ ഉപയോഗിക്കണം. പൊതുസ്ഥലത്ത് തുപ്പുന്നത് അടക്കമുള്ള കാര്യങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. കൊവിഡ് മുന്‍കരുതല്‍ എല്ലാവര്‍ക്കും വായിക്കാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുകയും ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യണം.

വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. പായ വിരിപ്പ് എന്നിവ പ്രാര്‍ത്ഥനക്ക് എത്തുന്നവര്‍ കൊണ്ടുവരണം. ഭക്തിഗാനങ്ങള്‍ പാടുന്നതിന് പകരം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിക്കണം. അസുഖമുള്ള വ്യക്തി ആരാധനാലയത്തിലെത്തിയാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണമെന്ന കാര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശം അതേപടി നടപ്പാക്കും.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here