ജോര്‍ജ് ഫ്ലോയിഡിന്‍റെ മകള്‍ക്കായി വിദ്യാഭ്യാസ നിധി; അനുസ്മരണ യോഗങ്ങളില്‍ പതിനായിരങ്ങള്‍

അമേരിക്കയിൽ പൊലീസ്‌ നിഷ്ഠുരമായി കൊലപ്പെടുത്തിയ കറുത്തവംശജൻ ജോർജ്‌ ഫ്‌ളോയിഡിന്‌ പതിനായിരക്കണക്കിനാളുകൾ പ്രണാമം അർപ്പിച്ചു. ആറു ദിവസത്തിനിടെ മൂന്ന്‌ നഗരങ്ങളിൽ നടത്തുന്ന അനുസ്‌രണ ചടങ്ങുകളിൽ ആദ്യത്തേത്‌ ഫ്‌ളോയിഡ്‌ മരിച്ച മിനിയാപൊളിസിൽ വ്യാഴാഴ്‌ച നടന്നു.

അതിനൊപ്പം വിവിധ നഗരങ്ങളിൽ ഫ്‌ളോയിഡിനെ അനുസ്‌മരിച്ച്‌ മാർച്ചുകളുമുണ്ടായി. ഫ്‌ളോയിഡിന്റെ ജന്മനാടിനടുത്ത്‌ നോർത്ത്‌ കാരലൈനയിലെ റേഫോഡിൽ ശനിയാഴ്‌ചയും ഫ്‌ളോയിഡ്‌ കുട്ടിക്കാലംമുതൽ ജീവിതത്തിന്റെ നല്ല പങ്ക്‌ ചെലവഴിച്ച ഹൂസ്‌റ്റണിൽ തിങ്കളാഴ്‌ചയും അനുസ്‌മരണ ചടങ്ങുകൾ നടക്കും.

മിനിയാപൊളിസിലെ അനുസ്‌മരണചടങ്ങിൽ ജോർജ്‌ ഫ്‌ളോയിഡിന്റെ സഹോദരൻ ഫിലിയോൺസ്‌ ഫ്‌ളോയിഡ്‌, റവ. ജെസ്സി ജാക്‌സൺ, സെനറ്റർ അമി ക്ലോബച്ചറ, പ്രതിനിധി സഭാംഗങ്ങളായ ഇൽഹാൻ ഒമർ, ഷീല ജാക്‌സൺ തുടങ്ങിയവർ സംസാരിച്ചു. ഇവിടെയും വിവിധ മാർച്ചുകളിലും ജോർജിന്റെ കഴുത്തിൽ പൊലീസുകാരൻ ഡെറിക്‌ ഷോവിൻ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ച സമയത്തെ പ്രതീകമാക്കി, ആളുകൾ 8.46 മിനിറ്റ്‌ മൗനമാചരിച്ചു.

ന്യൂയോർക്കിലെ ബ്രൂക്‌ലിനിൽ മാർച്ചിൽ ജോർജിന്റെ സഹോദരൻ ടെറൻസ്‌ പങ്കെടുത്തു. ഫ്‌ളോയിഡ്‌ കറുത്ത ജീവനും വിലയുണ്ട്‌, നീതിയില്ലെങ്കിൽ സമാധാനമില്ല തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ്‌ ആളുകൾ മാർച്ചുകളിൽ പങ്കെടുത്തത്‌. മുദ്രാവാക്യം വിളികൾക്ക്‌ പുറമെ സംഗീതവും ബാൻഡ്‌വാദ്യവും ചില മാർച്ചുകളിൽ ഉണ്ടായി.

ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ ഒരാഴ്‌ചയിലേറെ നീണ്ട അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്‌ പതിനായിരത്തിലധികമാളുകളെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. പൊലീസ്‌ വെടിവയ്‌പിലും മറ്റുമായി ഒരുഡസനിലധികമാളുകൾ കൊല്ലപ്പെട്ടു. ഫ്‌ളോയിഡിനെ കൊന്ന ഷോവിനെതിരെ ചുമത്തിയ നരഹത്യ കൊലക്കുറ്റമാക്കി ഉയർത്തിയിട്ടുണ്ട്‌. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന്‌ പൊലീസുകാർക്കെതിരെയും കുറ്റം ചുമത്തി.

ഫ്‌ളോയിഡിന്റെ മകൾക്കായി വിദ്യാഭ്യാസനിധി

കൊല്ലപ്പെട്ട കറുത്ത വംശക്കാരൻ ജോർജ്‌ ഫ്‌ളോയിഡിന്റെ ആറു വയസ്സുകാരി മകൾ ഗിയാന്നയുടെ വിദ്യാഭ്യാസത്തിനായി റാപ്പർ കാന്യെ വെസ്‌റ്റ്‌ കോളേജ്‌ ഫണ്ട്‌ രൂപീകരിച്ചു. ഫ്‌ളോയിഡ്‌, സമീപ കാലത്ത്‌ വംശീയതയ്‌ക്കിരയായി മരിച്ച മറ്റ്‌ കറുത്തവംശക്കാരായ അഹ്‌മൗദ്‌ ആർബെറി, ബ്രിയോന്ന ടെയ്‌ലർ എന്നിവരുമായി ബന്ധപ്പെട്ട ജീവകാരുണ്യ സംഘടനകൾക്ക്‌ വെസ്‌റ്റ്‌ 20 ലക്ഷം ഡോളർ നൽകിയിട്ടുണ്ട്‌. ആർബെറിയുടെയും ബ്രിയോന്നയുടെയും കുടുംബങ്ങൾക്ക്‌ നിയമസഹായവും ഉറപ്പുനൽകിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel