ആലുവയിൽ കണ്ടെത്തിയ മനുഷ്യ അസ്ഥികൂടം വൈദ്യ പഠനത്തിനായി ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചത്; ദുരൂഹതയില്ലെന്ന് പൊലീസ്

ആലുവയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വൈദ്യ പഠനത്തിനായി ഉപയോഗിച്ച മനുഷ്യ അസ്ഥിക്കൂടമാണ് ഇതെന്നും സംഭവത്തിൽ ദുരൂഹത ഇല്ലെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അസ്ഥികൂടം വയലിൽ ഉപേക്ഷിച്ച ആലുവ സ്വദേശി തങ്കപ്പനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

ആലുവ കിഴക്കേ വെളിയത്തു നാട് ഫാം റോഡിലാണ് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കാർബോഡ് പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥിക്കൂടത്തെ സംബന്ധിച്ചുള്ള ദുരൂഹത അവസാനിച്ചത്. തുടർന്ന് ആലുവ യുസി കോളേജിന് സമീപത്തെ ഐക്ലിനിക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ തങ്കപ്പനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇവിടെ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തങ്കപ്പൻ എറണാകുളത്ത് ഒരു ഡോക്ടറുടെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. ഡോക്ടറുടെ മരണ ശേഷം വീട് വൃത്തിയാക്കുന്നതിനിടെ ആവശ്യമില്ലാത്ത പഴയ പേപ്പറുകളും കാർഡ്ബോഡ് പെട്ടികളും വിൽക്കാനായി തങ്കപ്പൻ തന്റെ വീട്ടിലേക്ക് കൊണ്ട് വന്നു.

വീട്ടിലെത്തി കാർബോർഡ് പെട്ടികളിൽ ഒന്ന് തുറന്നപ്പോഴാണ് അസ്ഥികൂടം കണ്ടത്. ഭയന്ന ഇയാൾ പെട്ടി ഉൾപ്പടെ അസ്ഥികൂടം പാടശേഖരത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസിന് മൊഴി നൽകി.

കളമശ്ശേരി മെഡിക്കൽ കോളേജിൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വൈദ്യ പഠനത്തിനായി ഉപയോഗിച്ചതാണ് അസ്ഥികൂടമെന്ന് കണ്ടെത്തിയത്.

വൈദ്യ പഠനത്തിന് ഉപയോഗിക്കുമ്പോൾ ചെയ്യുന്ന പോളിഷിംഗും അസ്ഥിക്കൂടത്തിൽ ചെയ്തിട്ടുണ്ട്. അസ്ഥികൂടം കൂടുതൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാനും അന്വേഷണം ശക്തമാക്കാനുമാണ് പോലീസിന്റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News