മഹാരാഷ്ട്രയിൽ രോഗബാധിതർ ഒരു ലക്ഷത്തിലേക്ക്; സമൂഹ വ്യാപനം തടയാന്‍ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ വേണമെന്ന് കേരളത്തിൽ നിന്നെത്തിയ മെഡിക്കൽ സംഘം

ഇനിയുള്ള നാളുകൾ ഏറെ നിർണായകമാണ്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 80000 കടന്നിരിക്കയാണ്. ദിവസേന രണ്ടായിരത്തി അഞ്ഞൂറിലധികം പേരാണ് രോഗബാധിതരാകുന്നത്.

അടുത്ത ദിവസങ്ങളിൽ ആശങ്കയുണ്ടാക്കുന്ന ഒരു ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുമ്പോൾ രോഗ വ്യാപനം തടയുവാനുള്ള നടപടികളോ നിലവിലെ രോഗികൾക്ക് അത്യാവശ്യമായ ചികിത്സ സംവിധാനങ്ങളോ ഇല്ലെന്ന് വേണം പറയാൻ. മരണ സംഖ്യയും ആശങ്കാജനകമാണ്. മഴക്കാലത്തിന് മുൻപ് തന്നെ രോഗ വ്യാപനം നിയന്ത്രിക്കുവാനുള്ള അടിയന്തിര നടപടികളാണ് വേണ്ടത്.

സമൂഹ വ്യാപനം പാരമ്യത്തിൽ എത്തിയതുകൊണ്ട് രോഗികൾക്ക് മതിയായ ചികിത്സാ സംവിധാനം വിപുലപ്പെടണമെന്ന ആവശ്യമാണ് കേരളത്തിൽ നിന്നെത്തിയ മെഡിക്കൽ സംഘം സ്ഥിതിഗതികൾ വിലയിരുത്തി മുന്നോട്ട് വച്ചത്. ഇതിനായി ആരോഗ്യ പ്രവർത്തകരുടെ അഭാവവും പരിഹരിക്കണമെന്ന് സംഘത്തെ നയിക്കുന്ന ഡോ സന്തോഷ്‌കുമാർ ആവശ്യപ്പെട്ടിരുന്നു. അടുത്ത രണ്ടാഴ്ചക്കുള്ളിൽ 5000 ഐ സി യു കിടക്കകൾ വേണ്ടി വരുമെന്നും ദിവസേന രോഗബാധിരായെത്തുന്നവരിൽ 10 ശതമാനം പേരും ഗുരുതരാവസ്ഥയിലുള്ളവരാണെന്നും ഡോക്ടർ പറഞ്ഞു.

ഇന്നലെ മന്ത്രി ഏക്നാഥ് ഷിൻഡെ, താനെ നവി മുംബൈ മുനിസിപ്പൽ കമ്മീഷണർമാർ ആരോഗ്യ വകുപ്പ് അധികൃതർ തുടങ്ങിയവർ ഡോക്ടർ സന്തോഷ് കുമാറുമായി കൂടിക്കാഴ്ച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൂടിക്കാഴ്ചയിൽ നിലവിലെ സ്ഥിതിഗതികളും പ്രതിരോധ നടപടികളും ചർച്ച ചെയ്തു.

നഗരം വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചാൽ മാത്രമാണ് ഇന്നത്തെ അതീവ ഗുരുതരാവസ്ഥയിൽ നിന്നും മോചനം ലഭിക്കുകയുള്ളൂവെന്നും ഡോ സന്തോഷ്‌കുമാർ വ്യക്തമാക്കി.

ആശുപത്രികളിൽ കൂടുതൽ ഐസിയു സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ഇതിനോടൊപ്പം നഴ്സുമാരുടെ സേവനവും ഉറപ്പ് വരുത്തണമെന്നും തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടി സൂപ്രണ്ടായ ഡോ സന്തോഷ്‌കുമാർ ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്നെത്തിയ മെഡിക്കൽ സംഘത്തിന്റെ സേവനം താനെ, നവി മുംബൈ തുടങ്ങിയ ഹോട്സ്പോട്ടുകളിലേക്കും വ്യാപിപ്പിക്കണമെന്ന് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് പ്രേമ മേനോൻ ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളിലെ മുനിസിപ്പൽ കമ്മിഷണർമാരും ആവശ്യത്തോട് യോജിപ്പ് പ്രകടിപ്പിച്ചു.

ലോക് ഡൌൺ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ ബോധവത്കരണത്തിന്റെ കുറവു പരിഹരിക്കുകയും പ്രതിരോധ മരുന്നുകൾ ലഭ്യമാക്കിയും രോഗ വ്യാപനം തടയുവാനുള്ള ശ്രമങ്ങൾ വിപുലമാക്കുവാനുള്ള ശ്രമത്തിലാണ് നഗരത്തിലെ മലയാളി സംഘടനകളും.

മുംബൈയിൽ മൊത്തം മലയാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതികൾക്കാണ് നഗരത്തിലെ സാമൂഹിക പ്രവർത്തകർ രൂപരേഖ നൽകിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News