ഇന്ത്യ ചൈന അതിർത്തി തർക്കം; പ്രശ്ന പരിഹാരം ലക്ഷ്യമിട്ടുള്ള ലഫ്റ്റനന്റ് ജനറൽ തല ചർച്ചയ്ക്ക് തുടക്കമായി

ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ പ്രശ്ന പരിഹാരം ലക്ഷ്യമിട്ടുള്ള ലഫ്റ്റനന്റ് ജനറൽ തല ചർച്ചയ്ക്ക് തുടക്കമായി. മെയ് ആദ്യം തുടങ്ങിയ തർക്കത്തിൽ ആദ്യമായാണ് ലഫ്റ്റനന്റ് ജനറൽ തലത്തിൽ ചർച്ച നടക്കുന്നത്.

അതിർത്തി മേഖലയായ ചുസൂൽ മോൾഡോയിലാണ് ചർച്ച നടക്കുന്നത്. ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. അതിർത്തിയിൽ മെയ് അഞ്ചിന് മുൻപ് ഉണ്ടായ സാഹചര്യം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ പ്രധാന ആവശ്യം.

ഇരു രാജ്യങ്ങളുടെ കമാണ്ടർമാരും മേജർ റാങ്കിലെ ഉദ്യോഗസ്ഥരും 10 തവണയിലേറെ ചർച്ച നടത്തിയിട്ടും ഒരു മാസമായുള്ള കിഴക്കൻ ലഡാക്ക് മേഖലയിലെ ഇന്ത്യാ- ചൈന അതിർത്തി തർക്കത്തിന് പരിഹാരമായിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് ലഫ്റ്റനന്റ് കേണൽ തലത്തിലുള്ള ചർച്ചയ്ക്ക് ഇന്ത്യയും ചൈനയും തയ്യാറായത്. ഇരു രാജ്യങ്ങളുടെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ ഇന്നലെ വീഡിയോ കോണ്ഫറൻസിലൂടെ യോഗം ചേർന്നിരുന്നു.

അഭിപ്രായ വ്യത്യസങ്ങൾ തർക്കമായി മാറരുതെന്ന പൊതു നിലപാടും കൈകൊണ്ടു. ഈ ധാരണയെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചയ്ക്കാണ് ഇരു വിഭാഗങ്ങളുടെയും ശ്രമം. ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.

നിശ്ചയിച്ചതിലും സമയം ഏറെ വൈകിയാണ് ചർച്ച ആരംഭിച്ചത്. ഇന്ത്യ ചർച്ചയ്ക്ക് തുടക്കമിട്ടു. അതിർത്തിയിൽ മെയ് അഞ്ചിന് മുൻപ് ഉണ്ടായ സ്ഥിതി പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യൻ സംഘത്തിന്റെ പ്രധാന ആവശ്യം. തർക്ക പ്രദേശമായിരുന്നിട്ടും ഗാൽവൻ, ഗോർഗ, പാഗോങ് തടാകം എന്നിവിടങ്ങളിൽ ചൈനീസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ട്.

ഇവർ തിരികെ മടങ്ങണമെന്ന ആവശ്യവും ഉന്നയിക്കും. അതിർത്തിയിൽ ചൈന നടത്തുന്ന നിർമാണങ്ങൾ നിർത്തണമെന്നും ആവശ്യപ്പെടാനാണ് സാധ്യത.ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്ട് കമാണ്ടറാണ് ചൈനീസ് സംഘത്തെ നയിക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് ഇന്ത്യയും ചൈനയും വ്യവസ്ഥാപിതമായ സൈനിക,നയതന്ത്ര തലത്തിൽ ശ്രമിക്കുകയാണ്.

ഈ പശ്ചാത്തലത്തിൽ അനുമാനങ്ങളും അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് ചർച്ചയ്ക്ക് മുന്നോടെയായി ഇന്ത്യൻ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.

ഇപ്പോൾ നടക്കുന്ന ചർച്ച കൊണ്ട് മാത്രം അന്തിമ പ്രശ്ന പരിഹാരമുണ്ടാകുമെന്ന കണക്ക് കൂട്ടൽ ചർച്ചയ്ക്ക് മുൻ കൈ എടുത്ത ഇന്ത്യയ്ക്ക് ഇല്ല. എന്നാൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച മേഖലയിലെ പിരിമുറുക്കത്തിന് അയവ് ഉണ്ടാക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here