പട്ടിക വിഭാഗ വകുപ്പിനെ ഹൃദയപൂര്‍വ്വം നമുക്ക് ഓഡിറ്റു ചെയ്യാം. പക്ഷെ നമ്മള്‍ ഇതെല്ലാം അറിയണം: അഡ്വ ടി കെ സുരേഷ് എഴുതുന്നു

കേരളത്തിലെ LDF സര്‍ക്കാറിനെയും സര്‍ക്കാറിന്റെ ഏതു വകുപ്പിനെയും
ഏതൊരാള്‍ക്കും ഏതുവിധേനയും സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കാവുന്നതാണ് .
ആര്‍ക്കും അതിന് സുതാര്യമായ രീതിയില്‍ നേതൃത്വം കൊടുക്കാവുന്നതുമാണ്.

പക്ഷേ മറ്റൊന്നും പരാമര്‍ശിക്കാതെ ‘കേരളത്തിലെ പട്ടിക ജാതി വകുപ്പിനെ ഒരു സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കേണ്ടതാണെന്നും, ഇതിനായി ആരെങ്കിലും മുന്നോട്ടു വരുകയാണെങ്കില്‍ ഒരു 50000 രൂപ മതിയാകുമെങ്കില്‍ താനും സുഹൃത്തുക്കളും തയ്യാറാണെന്നും’ fb യിലൂടെ പ്രഖ്യാപിക്കുന്ന ആളുകളുടെ മഹാമനസ്‌കത കാണാതെ പോകരുത്.

ആര്‍ക്കെങ്കിലും ഈ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളോടു മാത്രം എന്തെങ്കിലും അസഹിഷ്ണുത തോന്നുന്നുണ്ടെങ്കില്‍ അത് പലവിധ കാരണങ്ങളാലാകാം ..

ചിലരില്‍ അത് പട്ടികജാതി വിഭാഗത്തില്‍ പെട്ട ജനവിഭാഗങ്ങള്‍ക്ക് ഈ വകുപ്പ് വേണ്ടതിലധികം പരിഗണന നല്‍കുന്നു എന്ന സവര്‍ണ്ണ ആശങ്കയുടെ ആകുലതയാകാം ..

വേറെ ചിലരില്‍ അത് പട്ടികജാതി വിഭാഗത്തില്‍ പെട്ട ജനവിഭാഗങ്ങളെ പുരോഗതിയിലെത്തിക്കാന്‍ ആവശ്യമായത്ര പ്രവര്‍ത്തനങ്ങള്‍ ഈ വകുപ്പ്
നടത്തുന്നില്ലേ എന്ന മനോവ്യധയില്‍ നിന്നുള്ള ഭരണഘടനാവിശ്വാസിയായ ഒരു പൗരന്റെ വ്യാകുലതയാകാം.

മറ്റു പലരിലും മറ്റു പലതുമാകാം..

അതെന്തുതന്നെയായാലും, ഭൂതകാലത്ത് അതിക്രൂരമായി ചവിട്ടിമെതിക്കപ്പെട്ടിരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലും , മറ്റു പിന്നോക്ക വിഭാഗങ്ങളിലും പെട്ടവര്‍ക്ക്, ആത്മാഭിമാനമുള്ള മനുഷ്യനെന്ന നിലയില്‍ നടുനിവര്‍ത്തി തലയുയര്‍ത്തി നില്‍ക്കാന്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കുന്ന ചങ്കുറപ്പും പിന്തുണയും എന്തെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ ഊന്നി നിന്നുകൊണ്ട് ഏതു ജനാധിപത്യവിശ്വാസിക്കും പരിശോധിക്കാവുന്നതാണ്.

1957 ലെ സ: ഇ.എം.എസ്. ഗവണ്‍മെന്റിന്റെ കാലത്തെ കുടിയിറക്കല്‍ നിരോധന ഉത്തരവില്‍ നിന്ന് ഉയര്‍ച്ചയുടെ പടവുകള്‍ കയറി, ഏവര്‍ക്കും വീട് എന്നു വിഭാവനം ചെയ്യുന്ന പദ്ധതികളിലെത്തി നില്‍ക്കുന്നതു മാത്രമല്ല കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ഇടതു സര്‍ക്കാറുകളുടെ പദ്ധതികള്‍ ..

അന്നവും പാര്‍പ്പിടവും മാത്രമല്ല, സമൂഹത്തില്‍ മാന്യമായി പരിഗണിക്കപ്പെടുന്ന ഏതു തൊഴിലും ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ലഭ്യമാകാനും , ഏതു തൊഴിലും ലഭിക്കാനാവശ്യമായ ഉന്നത വിദ്യാഭ്യാസവും ഭൗതിക സാഹചര്യങ്ങളും ഈ വിഭാഗത്തില്‍പ്പെട്ട ജനതയ്ക്ക് പ്രാപ്യമാക്കാനും ആവശ്യമായ ഇടപെടലുകളാണ് കേരളത്തിലെ
സ: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന LDF സര്‍ക്കാര്‍ സ:A. K. ബാലന്‍ നേതൃത്വം കൊടുക്കുന്ന പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിലൂടെ കഴിഞ്ഞ 4 വര്‍ഷങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമലയുടെ ചെറിയ ഭാഗം മാത്രമേ പുറത്തു കാണാനാകൂ ..
മനുഷ്യന്റെ പടിപടിയായ വികാസത്തിനായുള്ള സാമൂഹ്യവിപ്ലവങ്ങളും അപ്രകാരം തന്നെയാണ് ..
വളരെ കുറച്ചേ പെട്ടന്ന് ശ്രദ്ധയില്‍ പെടൂ ..

അങ്ങിനെ 4 വര്‍ഷത്തെ നേട്ടങ്ങളില്‍ ഒറ്റനോട്ടത്തില്‍ കാണാവുന്നത് ഇവയാണ്.

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വിവിധ പദ്ധതികളിലായി 40412 വീടുകള്‍ അനുവദിച്ചു. അതില്‍ 29546 വീടുകള്‍ പൂര്‍ത്തിയായി. ഇത് സര്‍വ്വകാല റിക്കാര്‍ഡാണ്. ഭവന നിര്‍മ്മാണത്തിന് സ്ഥലമില്ലാത്ത 16406 കുടുംബങ്ങള്‍ക്ക് വീട് വെക്കുവാന്‍ സ്ഥലവും ലഭ്യമാക്കി.

വിസ്തൃതി കുറഞ്ഞ വീടുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കാന്‍
16122 പഠനമുറികള്‍ അനുവദിച്ചതില്‍ 9316 പൂര്‍ത്തിയായി. ഇന്ത്യയില്‍ മറ്റൊരു
സംസ്ഥാനത്തും ഈ പദ്ധതി തന്നെ നിലവിലില്ല എന്നറിയണം.

ITI പാസ്സായവര്‍ക്കുള്ള ജോബ്‌ഫെയര്‍, അഭ്യസ്ത വിദ്യര്‍ക്കുള്ള നൈപുണ്യ
വികസനം, വിദേശത്ത് സ്വന്തമായി തൊഴില്‍ നേടുന്നതിനുള്ള സഹായം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കരാര്‍ തൊഴിലുകള്‍ എന്നിവയിലൂടെ 5449 പേര്‍ക്ക് തൊഴില്‍ നല്‍കി. ഇതില്‍ 360 പേര്‍ക്ക് വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ലഭിച്ചു.

വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ വിതരണം ത്വരിതപ്പെടുത്തുന്നതിന് എല്ലാ സ്‌കോളര്‍ഷിപ്പ് പദ്ധതികളും ഇ- ഗ്രാന്റ്‌സ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി. വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ചു. വിദേശ പഠനത്തിന് 25 ലക്ഷം രൂപ വരെ പ്രത്യേക സഹായം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്തു.

സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് 330 വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കി.

വടക്കഞ്ചേരിയില്‍ 70 കുട്ടികള്‍ക്ക് ഫുഡ്ക്രാഫ്റ്റ് പരിശീലനം, മണ്ണന്തലയില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ-ഇന്‍-ജേണലിസം എന്നീ പുതിയ കോഴ്‌സുകള്‍ ആരംഭിച്ചു.

കിഫ്ബി മുഖേന ചക്കിട്ടപ്പാറയിലും പെരിങ്ങോത്തും രണ്ട് M.R.S കള്‍ പണി പൂര്‍ത്തിയായി. കാസര്‍ഗോഡ് MRS ഹോസ്റ്റല്‍, മൂന്ന് പോസ്റ്റ് മെടിക് ഹോസ്റ്റലുകള്‍ (ആലുവ, കൊഴിഞ്ഞാമ്പാറ, കണ്ണൂര്‍), രണ്ട് ITIകെട്ടിടങ്ങള്‍ (വെട്ടിക്കവല, ആറ്റിപ്ര), അഴീക്കോട് PETCഎന്നീ പദ്ധതികളുടെ നിര്‍മ്മാണം നടന്നുവരുന്നു.

മുന്‍ സര്‍ക്കാര്‍ ആരംഭിച്ച 204 സ്വയംപര്യാപ്ത ഗ്രാമങ്ങളില്‍ 142 എണ്ണം LDF സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. പുതുതായി അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ 226 കോളനികള്‍ക്ക് അനുമതി നല്‍കിയതില്‍ 21 എണ്ണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

ചികിത്സാ ധനസഹായമായി 76344 പേര്‍ക്ക് 137.45 കോടി രൂപ വിതരണം ചെയ്തു.
കുടുംബത്തിലെ വരുമാനദായകനായ വ്യക്തി മരിച്ചാല്‍ ബഹു. മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കുന്ന ധനസഹായം 50,000 രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തിയ ശേഷം 548 പേര്‍ക്ക് ധനസഹായം അനുവദിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിലാകട്ടെ
ഗോത്ര ഭാഷ അറിയുന്ന 267 അധ്യാപകരെ ഗോത്രബന്ധു പദ്ധതിയില്‍ മെന്റര്‍ ടീച്ചര്‍മാരായി നിയമിച്ചു. പുറമെ മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ 59 മെന്റര്‍ ടീച്ചര്‍മാരെ കൂടി നിയമിക്കുന്നതിന് നടപടി സ്വീകരിച്ചു. ഗോത്രഭാഷയിലൂടെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയുന്നു.

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് 125 സങ്കേത
ങ്ങളില്‍ ‘ സാമൂഹ്യപഠനമുറി ‘ പ്രവൃത്തിച്ചുവരുന്നു. 77 എണ്ണം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.
500 കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

മണ്ണന്തലയില്‍ പുതുതായി തുടങ്ങിയ സെന്റര്‍ ഓഫ് സ്‌കില്‍ എക്‌സലന്‍സ് എന്ന സ്ഥാപനത്തില്‍ 70 കുട്ടികളുടെ ആദ്യബാച്ച് പഠനം പൂര്‍ത്തിയാക്കി. 300 വിദ്യാര്‍ത്ഥികള്‍ക്ക് ഒരേസമയം പരിശീലനം നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കി.

പോലീസ്, എക്‌സൈസ് സേനകളിലേക്ക് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന തെരഞ്ഞെടുത്ത 100 പേരുള്‍പ്പെടെ സര്‍ക്കാര്‍ മേഖലയില്‍ 2745 പേര്‍ക്ക് തൊഴില്‍ നല്‍കി.

കേരള ട്രൈബല്‍ പ്ലസ് പദ്ധതിയിലൂടെ 23096 കുടുംബങ്ങള്‍ക്ക് നൂറ് വീതം
അധിക തൊഴില്‍ ദിനങ്ങള്‍ നല്‍കി. 2331 പേര്‍ക്ക് നൈപുണ്യ വികസന
പരിശീലനത്തിലൂടെയും 1170 പേര്‍ക്ക് കെട്ടിട നിര്‍മ്മാണ മേഖലയില്‍ ഗോത്രജീവിക പദ്ധതിയിലൂടെയും തൊഴില്‍ നല്‍കി.

സ്പില്‍ ഓവറായി ഉണ്ടായിരുന്ന 18,846 വീടുകളില്‍ 17876 വീടുകള്‍ വകുപ്പ് മുഖേനയും (6792) ലൈഫ് മിഷന്‍ മുഖേനയും (11084), പൂര്‍ത്തീകരിച്ചു.
പുതുതായി ഈ സര്‍ക്കാര്‍ അനുവദിച്ച 6709 വീടുകളില്‍ 555 എണ്ണം പൂര്‍ത്തിയായി. ഇപ്പോള്‍ മൊത്തം 7124 വീടുകളുടെ പ്രവൃത്തി വകുപ്പിന്റെ കീഴില്‍ നടന്നുവരികയാണ്.

പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ 4265 പേര്‍ക്ക് 3663.374 ഏക്കര്‍ ഭൂമി വിതരണം ചെയ്തു.
ഇനി 9039 പേരാണ് പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഭൂരഹിതരായിട്ടുള്ളത്. അവരുടെ കാര്യവും സര്‍ക്കാര്‍ സജീവമായി പരിഗണിച്ചുവരികയാണ്

102000 പേര്‍ക്ക് ചികിത്സാ ധനസഹായം അനുവദിച്ചു.

അംബേദ്കര്‍ സെറ്റില്‍മെന്റ് ഡെവലപ്പ്‌മെന്റ് പദ്ധതിയില്‍ 155 കോളനികളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. 95 സങ്കേതങ്ങളില്‍ പദ്ധതി നടത്തിപ്പ് പുരോഗമിച്ചു വരുന്നു.

കിഫ്ബി മുഖേന പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ 12 പദ്ധതികള്‍ക്കായി 85.19 കോടി രൂപ അനുവദിച്ചു. കുറ്റിച്ചല്‍, ആറളം എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ബേഡഡുക്ക, കുറ്റിക്കോല്‍, അച്ചന്‍കോവില്‍, പിണവൂര്‍കുടി, നെടുങ്കണ്ടം പ്രീമെട്രിക് ഹോസ്റ്റലുകള്‍, കോടാലിപാറ, നേര്യമംഗലം പോസ്റ്റ് മെടിക് ഹോസ്റ്റലുകള്‍,
പാലോട് യൂത്ത് ഹോസ്റ്റല്‍, നാടുകാണി വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍
ഹോസ്റ്റല്‍ എന്നിവയാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികള്‍.

ഗദ്ദിക സാംസ്‌കാരിക കലാ-വിപണന മേളകള്‍ 8 എണ്ണം നടത്തിയതിലൂടെ 4 കോടി രൂപയുടെ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ കഴിഞ്ഞു. 100 ല്‍ ഏറെ
സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാനും 500 ഓളം കലാകാരന്മാര്‍ക്ക്
ജീവനോപാധി കണ്ടെത്തുവാനും സാധിച്ചു.

വാത്സല്യനിധി ,ഗോത്രവാത്സല്യനിധി എന്നീ ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെ പട്ടികജാതിയില്‍പ്പെട്ട 5645 പെണ്‍കുട്ടികളേയും പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട 1077 പെണ്‍കുട്ടികളേയും ഇന്‍ഷൂര്‍ ചെയ്തു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ OBC/ SEBC/ OEC വിഭാഗത്തിലെ കുട്ടി
കളുടെ വിദ്യാഭ്യാസ ആനുകൂല്യ ഇനത്തില്‍ ഉണ്ടായിരുന്ന കുടിശ്ശികയായ 189 കോടി രൂപ പിന്നോക്ക വിഭാഗ വികസന വകുപ്പ് കൊടുത്തു തീര്‍ത്തു.

അതിനുപുറമെ തുടര്‍ വര്‍ഷങ്ങളില്‍ 93236 കോടി രൂപ ഇതിനായി ചെലവഴിച്ചു.

കേരളത്തിലെ മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ ക്രിമിലെയര്‍ വരുമാനപരിധി 6 ലക്ഷം
രൂപയില്‍ നിന്നും 8 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുകയുണ്ടായി.

മുഖാരി/ മുവാരി, കോടാങ്കി നായിക്കന്‍, നായിഡു, കമ്മാറ, പാലക്കാട് ജില്ലയിലെ
ശൈവ വെള്ളാള സമുദായത്തെ സംസ്ഥാന OBC ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള ‘ബോയന്‍ ‘ സമുദായത്തെയും സംസ്ഥാന OBC ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട 60 വയസ്സ് കഴിഞ്ഞ വ്യക്തികള്‍ക്കുള്ള പെന്‍ഷന്‍ തുക 500 രൂപയില്‍ നിന്ന് 1200 രൂപയായി വര്‍ദ്ധിപ്പിക്കുകയും വരുമാന പരിധി 50,000
രൂപയില്‍ നിന്ന് 1 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തു.

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട സിക്കിള്‍സെല്‍ അനീമിയ ബാധിതരുടെ രക്ഷിതാക്കള്‍ക്ക്, സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി ഒരു ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്ന പദ്ധതിയില്‍ 93 പേര്‍ക്കായി 88,64,370/- രൂപ അനുവദിച്ചു.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ക്രാഫ്റ്റ് വില്ലേജ് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി.

പ്രവാസികള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പാ പദ്ധതിയായ റീ-ടേണ്‍ പ്രകാരം 406 പേര്‍ക്ക് 19.71 കോടി രൂപ അനുവദിച്ചു.

OBC, മതന്യൂനപക്ഷ വിഭാഗത്തിലെ പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിന് 54 അപേക്ഷകര്‍ക്ക് 154018 ലക്ഷം രൂപ അനുവദിച്ചു.

‘എന്റെ വീട് ‘ പദ്ധതിയില്‍ 623 പേര്‍ക്ക് ഒരു വീടിന് 10 ലക്ഷം രൂപ വരെ എന്നനിരക്കില്‍ ഭവനനിര്‍മ്മാണ വായ്പ അനുവദിച്ചു.

പുതിയ 14 ഉപജില്ലാ ഓഫീസുകള്‍ ആരംഭിച്ചു.

LDF സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ടവരുടെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന ഒട്ടനവധി പദ്ധതികളുണ്ട്.

അവയെ വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സാമ്പത്തിക വികസനം, നിയമ സേവനം, സാംസ്‌ക്കാരിക പരിപാടികള്‍ എന്നിങ്ങനെ അഞ്ചായി തരം തിരിക്കാം
കൂടാതെ ആറാമതായി പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കേരളത്തിലെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ ഒട്ടനവധിയാണ്..

എന്നാല്‍ പുതിയതായി പദ്ധതികള്‍ തുടങ്ങുന്നതില്‍ മാത്രമല്ല ഒരു സര്‍ക്കാറിന്റെ മിടുക്കും സാമൂഹ്യ പ്രതിബദ്ധതയും പ്രകടമാകുന്നത്.

മുന്‍ സര്‍ക്കാറുകള്‍ തുടങ്ങി വെച്ച പദ്ധതികള്‍ വീഴ്ച്ചകള്‍ കൂടാതെയും കൂടുതല്‍ ജനോപകാരപ്രദമായ രീതിയില്‍ നടപ്പാക്കുക എന്നതും ഒരു ജനപക്ഷ സര്‍ക്കാറിന്റെ ജനാധിപത്യപരമായ ഉത്തരവാദിത്വമാണ്.
അക്കാര്യത്തിലും തൊപ്പിയില്‍ പൊന്‍ തൂവല്‍ ചാര്‍ത്തുന്നു കേരളത്തിലെ LDF സര്‍ക്കാര്‍.

ഏത് അര്‍ത്ഥത്തിലായാലും ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് സ:A.K. ബാലന്‍ നേതൃത്വം കൊടുക്കുന്ന പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കാഴ്ച്ചവെച്ചു വരുന്നത് .

മനുഷ്യനെ ലോകോത്തരനാക്കി മാറ്റുന്നത് വിദ്യാഭ്യാസമാണല്ലോ ..

നഴ്സറി സ്‌കൂളുകളില്‍ നിന്നാരംഭിക്കുന്നു പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം പകര്‍ന്നു നല്‍കാനുള്ള
വിവിധ പദ്ധതികള്‍.

ഏതു നഴ്‌സറി സ്‌ക്കൂളുകളിലും അംഗന്‍വാടികളിലും പട്ടികജാതി പട്ടിക വര്‍ഗ്ഗവിഭാഗത്തിലെ കുട്ടികള്‍ക്ക് മുന്തിയ പരിഗണന ലഭിക്കുന്നതിനു പുറമെ,
പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പട്ടികജാതി കോളനികളിലും സങ്കേതങ്ങളിലുമായി മാത്രം സംസ്ഥാനത്ത് 87 നഴ്സറി സ്‌കൂളുകള്‍ നടത്തിവരുന്നുണ്ട്.
മാത്രമല്ല ഈ കുട്ടികള്‍ക്ക് യൂണിഫോം അടങ്ങുന്ന പഠന സാമഗ്രികളും, പ്രതിദിന ഫീഡിംഗ് ചാര്‍ജ്ജും കൂടാതെ ലംപ്സംഗ്രാന്റും ഒരു പരാതിക്കും ഇടയില്ലാത്ത വിധത്തില്‍ നല്‍കി വരുന്നു.

പ്രീ പ്രൈമറി കഴിഞ്ഞാല്‍ അടുത്ത ഘട്ടമായ പ്രൈമറിയിലേക്ക് കടന്നാല്‍ എന്താണ് അവസ്ഥ ?

1 മുതല്‍ 4 വരെ ക്ലാസ്സുകളില്‍ സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, ബാഗ്, കുട എന്നിവ വാങ്ങുന്നതിന് പഠന പ്രോത്സാഹനത്തിനായി 2000 രൂപ നല്‍കുന്നു.

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, റക്കഗനൈസ്ഡ് അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പഠിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മാന്യമായ തുക
ലംപ്സം ഗ്രാന്റ് നല്‍കുന്നു.

9, 10 ക്ലാസ്സില്‍ പഠിക്കുവര്‍ക്ക് പ്രതിമാസം സ്‌റ്റൈപന്റും ഗ്രാന്റും നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി വീഴ്ച്ച കൂടാതെ നടപ്പാക്കുന്നു ..

അതിനും പുറമേ വൃത്തിഹീനത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരുടെ മക്കള്‍ക്ക്
ജാതി മത പരിഗണന കൂടാതെ സര്‍ക്കാര്‍ ധനസഹായം നല്‍കി വരുന്നു.

അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന SC ST വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീസ് റീ-ഇംബേഴ്സ്മെന്റ് നല്‍കുന്നു.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരം പുലര്‍ത്തുന്ന സ്വകാര്യ ബോര്‍ഡിംഗ് സ്‌കൂളുകളില്‍ താമസിച്ച് പഠിക്കുന്നതിന് അഞ്ചാം ക്ലാസ്സ് മുതല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സൗകര്യമൊരുക്കിയിരിക്കുന്നു.

4,7 ക്ലാസ്സുകളില്‍ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് പത്താംക്ലാസ്സ് വരെ പ്രതിവര്‍ഷം 4500 രൂപ വീതം ശ്രീ.അയ്യന്‍കാളി ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.

12,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുടെ മക്കള്‍ക്ക് ഫര്‍ണീച്ചര്‍ വാങ്ങുന്നതിന് ആവശ്യമായ സംഖ്യ ഒറ്റത്തവണയായി നല്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിനായി പ്രതിമാസം ധനസഹായം നല്‍കുന്നു.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചാം ക്ലാസ് മുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനായി വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് 9 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. മികച്ച നേതൃത്വമാണ് ഇതിന്റെ പ്രവര്‍ത്തനത്തിനായി വകുപ്പ് നല്‍കി വരുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് മാന്യമായി താമസിച്ചു പഠിക്കുവാന്‍ സംസ്ഥാനത്തൊട്ടാകെ
87 പ്രീ മെട്രിക് ഹോസ്റ്റലുകള്‍ ,
സൗജന്യ താമസം സൗജന്യ ഭക്ഷണം.

ഇതിനും പുറമേ സബ്‌സിഡൈസ്ഡ് ഹോസ്റ്റല്‍ സൗകര്യം വേറെയും ..

കായിക മേഖലയില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനായി തിരുവനന്തപുരത്ത്
ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, .
അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ സൗജന്യ പരിശീലനവും പഠനവും

പത്താം ക്ലാസ്സിനു ശേഷം
PIus-1 മുതല്‍ P.hd.വരെ പഠനം നടത്തുന്നവര്‍ക്ക് പ്രതിമാസം സ്‌റ്റൈപ്പന്റ് നല്‍കുന്നു. 8 കി.മീ. കൂടുതല്‍ യാത്ര ചെയ്തു വരുന്നവര്‍ക്ക് സ്‌റ്റൈപ്പന്റ് 6000 രൂപ യാണ് .മാന്യമായ ലംപ്‌സം ഗ്രാന്റ്

പോസ്റ്റ് മെട്രിക് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കായി സംസ്ഥാനത്ത് 17 ഹോസ്റ്റലുകള്‍ വകുപ്പ് നേരിട്ടു നടത്തുന്നു. അന്തേവാസികള്‍ക്ക് പോഷകസമൃദ്ധമായ സൗജന്യ ഭക്ഷണം . കൂടാതെ ഓണം, ക്രിസ്തുമസ് അവധിക്കാലങ്ങളില്‍ വീട്ടില്‍ പോയി വരുന്നതിന് യാത്രാബത്തയും പോക്കറ്റ് മണിയും .

ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്ത പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ബോര്‍ഡിംഗ് ഗ്രാന്റ് .

പഠിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി റാങ്ക് ജേതാക്കള്‍ക്ക് സ്വര്‍ണ്ണ മെഡല്‍.

മെഡിക്കല്‍ – എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യ റാങ്ക് നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പവന്‍ സ്വര്‍ണ്ണനാണയം സമ്മാനമായി നല്‍കുന്നു.

SSLC , Plus 2 പരീക്ഷകളില്‍ എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണ നാണയം നല്‍കി അനുമോദിക്കുന്നു.

1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്‌മെന്റ് തുകയുടെ പലിശയും സര്‍ക്കാര്‍ ഗ്രാന്റും ചേര്‍ത്ത് , ഡിഗ്രി – പി.ജി.- എല്‍.എല്‍.ബി- മെഡിക്കല്‍ – എഞ്ചിനീയറിംഗ് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
നല്‍കുന്നു.

SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും B+ ന് മുകളില്‍ ഗ്രേഡ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ദീര്‍ഘകാല കോച്ചിംഗിംന് 20,000 രൂപ വരെ ധനസഹായം നല്‍കുന്നു. കോച്ചിംഗ് നടത്തുന്ന സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായം. വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരമുള്ള ഇഷ്ടമുള്ള സ്ഥാപനം തെരഞ്ഞെടുക്കാം.

വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയില്‍ മെരിറ്റിലോ റിസര്‍വേഷനിലോ അഡ്മിഷന്‍ നേടുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച നിരക്കില്‍ ഫീസ് ആനുകൂല്യം നല്‍കുന്നു. കൂടാതെ ലംപ്‌സം ഗ്രാന്റ്, സ്‌റ്റൈപ്പന്റ് എന്നിവയും നല്‍കുന്നു.

എഞ്ചിനീയറിംഗ് മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് പ്രാഥമിക ചെലവുകള്‍ക്ക് തുക അനുവദിക്കുന്നു.

പട്ടികജാതി വികസന വകുപ്പില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്ന എഞ്ചിനയറിംഗ്- MCA കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ് വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കി വരുന്നു.

ഒന്നാംവര്‍ഷ MBBS , BAMS , BHMS വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്റ്റെതസ്‌കോപ്പ് നല്‍കുന്ന പദ്ധതി നടപ്പിലാക്കി വരുന്നു.

സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ഈവനിംഗ് കോഴ്‌സ് പഠിക്കുന്നതിന് കോഴ്‌സ് ഫീസ് അനുവദിക്കുന്നു.

യൂണിവേഴ്‌സിറ്റികളുടെ കറസ്‌പോണ്ടന്‍സ് കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ക്ക് കോഴ്‌സ്ഫീസ് അനുവദിക്കുന്നു.

സംസ്ഥാനത്തിനു പുറത്തു പഠനം നടത്തുന്നവര്‍ക്കുള്ള ആനുകൂല്യങ്ങളും നിരവധിയാണ്.

കേരളത്തില്‍ ഇല്ലാത്ത കോഴ്‌സുകള്‍ക്ക് സംസ്ഥാനത്തിനു പുറത്ത് അംഗീകൃത സ്ഥാപനങ്ങളിലും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും മെറിറ്റ് റിസര്‍വേഷന്‍ സീറ്റില്‍ പ്രവേശനം നേടിയിട്ടുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നു.

അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന 2.5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് തലത്തില്‍ കേരളത്തിനകത്തും പുറത്തും വിദ്യാഭ്യാസാനുകൂല്യം നല്‍കി വരുന്നു.

ജോലി സംബന്ധമായി കേരളത്തിന് പുറത്ത് താല്‍ക്കാലികമായി താമസം ആക്കിയിട്ടുള്ള പട്ടികജാതി വിഭാഗക്കാരുടെ മക്കള്‍ക്ക് സാധാരണ കോഴ്‌സുകള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നു.

ഇന്ത്യക്ക് വെളിയില്‍ പഠിക്കുന്നവര്‍ക്കും വകുപ്പ് ധനസഹായം നല്‍കി വരുന്നു ..

സര്‍ക്കാര്‍, എയിഡഡ് സ്ഥാപനങ്ങളില്‍ PIus 2, ഡിഗ്രി, PG കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കാത്ത പട്ടികജാതി/മറ്റ് അര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പാരലല്‍ കോളേജ് പഠനത്തിന് റഗുലര്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ നിരക്കില്‍ ലംപ്‌സംഗ്രാന്റ്, സ്‌റ്റൈപ്പന്റ് എന്നിവ അനുവദിക്കുന്നു. കൂടാതെ ട്യൂഷന്‍ ഫീസ്, പരീക്ഷാഫീസ് എന്നിവ നല്‍കുന്നു.

വകുപ്പിനു കീഴില്‍ വിവിധ ജില്ലകളിലുള്ള 44, ITI കളിലായി NCVT/ SCVT നിലവാരമുള്ള ഇലക്ട്രീഷ്യ ന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവി ല്‍, മെക്കാനിക് (മോട്ടോര്‍ വെഹിക്കി ള്‍), പെയിന്റര്‍ (ജനറല്‍), പ്ലംബര്‍, കാര്‍പെന്റര്‍, സ്വീയിംഗ് ടെക്‌നോളജി, വെല്‍ഡര്‍, സര്‍വ്വേയര്‍, ഡ്രൈവര്‍ കം മെക്കാനിക് എന്നീ ട്രേഡുകളില്‍ പരിശീലനം നല്‍കുന്നു.
41 ITI കളിലെ എല്ലാ ട്രേഡുകള്‍ക്കും
NCVT യുടെ അംഗീകാരമുള്ളതാണ്. പ്രസ്തുത ITI കളില്‍ നിന്ന് 80%
ത്തില്‍ കുറയാതെ ഹാജരോടുകൂടി പരിശീലനം പൂര്‍ത്തിയാക്കി ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് പ്രൊവിഷണല്‍ ഉള്‍പ്പെടെ NTC (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്) ലഭിക്കുന്നു.
NCVT യുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത 3, ITI കളില്‍ നിന്ന് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് STVTസര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പരിശീലനാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യം, യൂണിഫോം അലവന്‍സ്, ലംപ്‌സംഗ്രാന്റ്, സ്റ്റഡി ടൂര്‍ അലവന്‍സ് എന്നിവയ്ക്കു പുറമെ പ്രതിമാസ സ്‌റ്റൈപ്പന്റും നല്‍കിവരുന്നു.

വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജില്‍ CPPM (Certificate Programme in Precision Machinist) എന്ന ആധുനിക ഹൈടെക് കോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു.

വിവിധ മത്സര പരീക്ഷകള്‍ക്ക് പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിന് സംസ്ഥാനത്ത് 4 പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു.

അഖിലേന്ത്യാ സര്‍വ്വീസുകളിലേക്കുള്ള മത്സര പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിന് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ICSETS (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വ്വീസ് എക്‌സാമിനേഷന്‍ സൊസൈറ്റി) പ്രവര്‍ത്തിക്കുന്നു.
പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് സൗജന്യ താമസ സൗകര്യം, മികച്ച ലൈബ്രറി സംവിധാനം ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും അനുവദിച്ച് ഒരു വര്‍ഷം പരിശീലനം ലഭ്യമാക്കുന്നു.

തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍കോളേജുകളോടു ചേര്‍ന്ന് രണ്ട് പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ (പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാ മെഡിക്കല്‍ സ്റ്റഡീസ്) പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ചിട്ടുണ്ട്. കുഴല്‍മന്ദത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സിനുള്ള സ്ഥാപനം, പയ്യന്നൂരില്‍ DMLT കോഴ്‌സിനുള്ള സ്ഥാപനം എന്നിവയും വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന
പാരാ മെഡിക്കല്‍ സ്ഥാപനങ്ങളാണ്.

പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കിര്‍ത്താഡ്‌സ് കാമ്പസില്‍ CREST (Centre for Research and Education for Social Transformation) എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നു.
ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനും കോര്‍പ്പറേറ്റ് മേഖലകളില്‍ ജോലി ലഭിക്കുന്നതിനും പട്ടിക വിഭാഗത്തിനെ പ്രാപ്തരാക്കുന്നതിന് കോഴിക്കോട് സെന്റര്‍ ഓഫ് എക്‌സലന്‍സ് വഹിക്കുന്ന പങ്ക് നിസ്സാരമല്ല

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സാങ്കേതിക വിദഗ്ദ്ധരെ സൃഷ്ടിക്കുന്നതിനായി പാലക്കാട് കണ്ണാടിയില്‍ ആരംഭിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക്ക്
നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു ..

പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിലയേറിയ റഫറന്‍സ് പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ബുക്ക് ബാങ്ക് സ്‌കീം ലോകത്തിനു തന്നെ മാതൃകയാണ്.

സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പഠന യാത്രയില്‍ പങ്കെടുക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള
പഠനയാത്രാ പര്യടന പരിപാടിയ്ക്ക് സര്‍ക്കാര്‍ ചിലവു വഹിക്കുന്നു.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാലക്കാട് മെഡിക്കല്‍ കോളേജ് വകുപ്പിന്റെ കീഴില്‍ ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നു.

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഒട്ടറെ സാമൂഹ്യക്ഷേമ പരിപാടികള്‍ നടപ്പിലാക്കി വരുന്നുണ്ട്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് 50,000 രൂപ വിവാഹ ധനസഹായമായി നല്‍കുന്നു.

ഒരാള്‍ പട്ടികജാതിയും, പങ്കാളി ഇതരസമുദായത്തില്‍പ്പെട്ടതുമായ
മിശ്രവിവാഹിതരായ ദമ്പതിമാര്‍ക്ക്
വിവാഹത്തെ തുടര്‍ന്ന് ഉണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെ അതിജീവിക്കാനും തൊഴില്‍ സംരംഭങ്ങള്‍ ആംരംഭിക്കുന്നതിനുമായി 50,000 രൂപ വരെ ഗ്രാന്റായി നല്‍കുന്നു.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗ്രാമസഭാലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഗ്രാമപ്രദേശത്ത് കുറഞ്ഞത് അഞ്ച് സെന്റ് ഭൂമിയും ,മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശത്ത് കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയെങ്കിലും വാങ്ങുന്നതിന് ഗ്രാമ, മുനിസിപ്പല്‍ , കോര്‍പ്പറേഷനുകളില്‍ യഥാക്രമം 3,75,000 രൂപ, 4,50,000 രൂപ, 6,00,000 രൂപ ഗ്രാന്റായി അനുവദിക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതി.

ഗ്രാമപ്രദേശത്ത് സ്വന്തമായി രണ്ട് സെന്റും നഗരപ്രദേശങ്ങളില്‍ കുറഞ്ഞത് ഒന്നര സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭവന രഹിതരായ പട്ടികജാതിയില്‍പെട്ടവര്‍ക്ക് 3,00,000 രൂപ ഭവന നിര്‍മ്മാണ ഗ്രാന്റ് ആയി നല്‍കുന്നു.

ഭൂരഹിത ഭവന രഹിതരായദുര്‍ബല വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വേടന്‍, നായാടി, വേട്ടുവ, ചക്ലിയ, കല്ലാടി, അരുന്ധതിയാര്‍, എന്നീ ദുര്‍ബല സമുദായങ്ങള്‍ക്ക് ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതിയില്‍ കുറഞ്ഞത് അഞ്ചു സെന്റ് ഭൂമിയെങ്കിലും വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനുമായി 7,25,000 രൂപ ഗ്രാന്റായി നല്‍കുന്നു.

പട്ടികജാതി കുടുംബങ്ങള്‍ക്ക്
ടോയ്‌ലറ്റ് നിര്‍മ്മിക്കുന്നതിന് 25,000 രൂപ വീതം ധനസഹായം നല്‍കുന്ന പദ്ധതി നടപ്പാക്കി വരുന്നു .

മാരകമായ രോഗങ്ങള്‍ ബാധിച്ചവരും അത്യാഹിതങ്ങളില്‍ പെട്ടവരുമായ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് പട്ടികജാതി വികസന വകുപ്പുമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50,000 രൂപവരെ ചികിത്സാ ധനസഹായമായി അനുവദിക്കുന്നു.
ഹൃദയശസ്ത്രക്രിയ, ഗുരുതരമായ രോഗങ്ങള്‍ എന്നിവയ്ക്ക് 1,00,000 രൂപവരെ നല്‍കുന്നു.

PSC , UPSC വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ പരീക്ഷകളിലും ഇന്റര്‍വ്യൂവിനും പങ്കെടുക്കാന്‍ പോകുന്ന പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ യാത്രാപ്പടി, അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കുന്നു.

ഭവന നിര്‍മ്മാണത്തിന് സര്‍ക്കാരില്‍ നിന്ന് മുമ്പ് ധനസഹായം കൈപ്പറ്റിയിട്ടുള്ളവരും എന്നാല്‍ ക്ഷയോന്മുഖമായ ഭവനത്തില്‍ താമസിക്കുന്ന പട്ടികജാതി കുടുംബത്തിന് ഭവന പുനരുദ്ധാരണത്തിന് പുതിയതായി ഒരു മുറി കൂടി നിര്‍മ്മിക്കുന്നതിനും
വകുപ്പ് ധനസഹായം നല്‍കുന്നു.

അഭ്യസ്ഥവിദ്യരും ഏതെങ്കിലും തൊഴില്‍ മേഖലയില്‍ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതീ യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍നേടുന്നതിന് യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകള്‍ക്കുമായി ധനസഹായം നല്‍കുന്നു.

സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി
വ്യക്തികള്‍ക്കു മൂന്നു ലക്ഷം വരെയുള്ള വായ്പകള്‍ക്കും ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷംവരെയുള്ള വായ്പകള്‍ക്കും വായ്പാ തുകയുടെ 1/3 സബ്‌സിഡി പദ്ധതി ബാങ്കുകളുമായി ച്ചേര്‍ന്ന് നടപ്പിലാക്കുന്നു. ബാങ്ക് അംഗീകരിക്കുന്ന ഏത് സ്വയം തൊഴില്‍ സംരംഭവും തുടങ്ങാം.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഭിഭാഷകര്‍ക്ക് നിയമ വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍ വക്കീലായി പ്രാക്ടീസ് ആരംഭിക്കുന്നതിനും പ്രാക്റ്റീസ് ചെയ്യുന്നതിനും 3 വര്‍ഷത്തേക്ക് ധനസഹായം

സാങ്കേതിക വിദ്യാഭ്യാസമായ ITI , ഡിപ്ലോമ, എഞ്ചിനീയറിംഗ് ഡിഗ്രി എന്നിവ പാസ്സായവര്‍ക്ക് ധനസഹായത്തോടെ അപ്രന്റീസ്ഷിപ്പ് .

വകുപ്പിന്റെ ITI കളില്‍ വിവിധ ട്രേഡുകള്‍ പാസ്സായിട്ടുള്ളവര്‍ക്ക് ടൂള്‍ കിറ്റ് വാങ്ങുന്നതിനുള്ള ഗ്രാന്റ് നല്‍കുന്നു.

പട്ടികജാതിക്കാരുടെ പാരമ്പര്യ ഉല്‍പന്നങ്ങള്‍ക്കും പട്ടികജാതി സ്വയം സഹായ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കും വിപണി കണ്ടെത്തുന്നതിന് സഹായകരമായ രീതിയില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു വര്‍ഷം രണ്ട് സ്ഥലങ്ങളിലായി
ഉല്‍പന്ന പ്രദര്‍ശന വിപണന മേള
സംഘടിപ്പിക്കുന്നു. സ്റ്റാള്‍ സൗജന്യമായി അനുവദിക്കുന്നു. ഉല്‍പന്നങ്ങള്‍ സ്റ്റാളിലെത്തിക്കുന്നതിനുള്ള വാഹന വാടക, സ്റ്റാളില്‍ നില്‍ക്കുന്നവര്‍ക്ക് പ്രതിദിന ബാറ്റ, ഭക്ഷണം, എന്നിവ നല്‍കുന്നു.

പട്ടികജാതി വികസന വകുപ്പിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ കിലയുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയ, പട്ടിക വിഭാഗത്തില്‍പ്പെട്ടവരുടെ സ്ഥിതിവിവര പഠന റിപ്പോര്‍ട്ടില്‍ അന്‍പതോ അന്‍പതില്‍ കൂടുതലോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളെ
സ്വയംപര്യാപ്ത ഗ്രാമങ്ങളാക്കി മാറ്റുന്നു .

ഓരോ സങ്കേതത്തിന്റേയും വികസനാവശ്യങ്ങള്‍ വിലയിരുത്തിയാണ് പദ്ധതി നിര്‍വ്വഹണം നടപ്പാക്കുന്നത്. റോഡ് നിര്‍മ്മാണം, വൈദ്യുതീകരണം, അഴുക്കുചാല്‍ നിര്‍മ്മാണം, സോളാര്‍ തെരുവ് വിളക്കുകള്‍, ബയോഗ്യാസ് പ്ലാന്റ്, ഭവന പുനരുദ്ധാരണം, എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് MLA മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പദ്ധതി നിര്‍വ്വഹണം.

പട്ടികജാതി പട്ടിക വര്‍ഗ്ഗങ്ങളുടെ തനതു കലകളെ പരിപോഷിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പൈതൃകോത്സവം എന്ന പേരില്‍
ഉല്പന്ന പ്രദര്‍ശന വിപണനമേളയും കലാമേളയും സംഘടിപ്പിക്കുന്നു. പട്ടികജാതി വികസനം, പട്ടികവര്‍ഗ്ഗ വികസനം, കിര്‍താഡ്‌സ് എന്നീ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഒരു വര്‍ഷം രണ്ടു സ്ഥലങ്ങളിലായി പരിപാടികള്‍ സംഘടിപ്പിക്കുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍
A ഗ്രേഡ് നേടിയ പട്ടികജാതിയില്‍പ്പെട്ട കലാപ്രതിഭകള്‍ക്ക് 10,000 രൂപ പ്രോത്സാഹനമായി നല്‍കുന്ന പദ്ധതി.
സര്‍ഗ്ഗോത്സവം കലാമേളകള്‍ ..

പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സമുദായങ്ങളെ സംബന്ധിക്കുന്ന ഏറ്റവും മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കും ഫീച്ചറുകള്‍ക്കും ഡോ.ബി.ആര്‍.അംബേദ്കര്‍ മാധ്യമ അവാര്‍ഡ് നല്‍കുന്നു. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എഴുത്തുകാരുടെ കൃതികള്‍ പുസ്തക രൂപത്തില്‍ അച്ചടിക്കുന്നതിന് ഇരുപതിനായിരം രൂപവരെ ഗ്രാന്റായി അനുവദിക്കുന്നു.
മാത്രമല്ല പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിനുമായി പടവുകള്‍ എന്ന പേരില്‍ ഒരു ദ്വൈമാസിക വകുപ്പു പുറത്തിറക്കുന്നു.

പട്ടികജാതി – പട്ടികവര്‍ഗ്ഗത്തിലും ഇതര വിഭാഗത്തിലും പെട്ട സാഹിത്യകാരന്മാരുടെ സാഹിത്യവാസന പരിപോഷിപ്പിക്കുന്നതിനായി വര്‍ഷം തോറും സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു.

ഭരണഘടനാ ശില്പി ശ്രീ.അംബേദ്കറുടെ ജന്മദിനം ഏപ്രില്‍ പതിനാലാം തീയതിയും കേരള അധഃസ്ഥിത വര്‍ഗ്ഗത്തിന്റെ വിമോചന പോരാളി ശ്രീ.അയ്യങ്കാളിയുടെ ജന്മദിനം ചിങ്ങമാസത്തിലെ അവിട്ടം നാളിലും വിവിധ പരിപാടികളോടെ വകുപ്പ് ആഘോഷിക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ.ബി.ആര്‍.അംബേദ്കറുടെ നാമധേയത്തില്‍ തിരുവനന്തപുരത്ത് മണ്ണന്തലയില്‍ സ്ഥാപിതമായ
അംബേദ്കര്‍ ഭവന്‍ എന്ന പഠന ഗവേഷണ കണ്‍വെന്‍ഷന്‍ സെന്റര്‍
അന്താരാഷ്ട്ര നിലവാരത്തില്‍
മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു.

പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍,
പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, എന്നിവ ഇതില്‍ പ്രവര്‍ത്തിക്കുന്നു.

കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഏറ്റെടുത്ത് നടത്തി വരുന്ന നിശബ്ദ വിപ്ലവം മുഴുവന്‍ ഒരു fb പോസ്റ്റിലൂടെ വിശദീകരിക്കാനാവുന്നതല്ല ..

ഏറ്റവുമൊടുവില്‍ ഇപ്പോള്‍ കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായും പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തന മാതൃകയാണ് സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നത്.

പട്ടിക ജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരെ കൈ പിടിച്ചുയര്‍ത്താന്‍ ഏതു നിലയ്ക്കും പ്രതിജ്ഞാബദ്ധമാണ് കേരളത്തിലെ LDF സര്‍ക്കാറും പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പും ..

ഇതൊന്നും സൗജന്യങ്ങളല്ലെന്നും ..
നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട..
കാട്ടിലും നാട്ടിലും , പാടത്തും പറമ്പിലും ചേറിലും ചെളിയിലും പണിയെടുത്ത്, മറ്റുള്ളവരെ തീറ്റിപ്പോറ്റി , നിവര്‍ന്നു നില്‍ക്കാന്‍ പോലും അവകാശമില്ലാതെ , മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ജീവിച്ചിരുന്ന
ഒരു വലിയ ജനവിഭാഗത്തിന്റെ, മനുഷ്യത്വപരവും ഭരണഘടനാപരവുമായ അവകാശങ്ങളാണെന്നുമുള്ള ഉത്തമ ബോദ്ധ്യത്തോടെ തന്നെയാണ് ഇടതുപക്ഷ സര്‍ക്കാറുകള്‍ ഈ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും , അതുമൂലം ഗുണഭോക്താക്കളുടെ ജീവിത നിലവാരത്തിലുണ്ടായ ഉന്നമനവും , ഇനിയും കൈയ്യെത്തി പിടിക്കേണ്ടതായ മേഖലകളെയും നമുക്കാര്‍ക്കും പരിശോധിക്കാം ..

ആര്‍ക്കും എങ്ങനെ വേണമെങ്കിലും ഓഡിറ്റ് ചെയ്യാം ..
പദ്ധതികളുടെ നടത്തിപ്പില്‍ എവിടെയെങ്കിലും എന്തെങ്കിലും വീഴ്ച്ചകള്‍ സംഭവിക്കുന്നുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം ..
അത് ഉള്‍ക്കൊള്ളാനും, തിരുത്താനും , കൂടുതല്‍ ജനോപകാരപ്രദമായ വിധത്തിലും കരുത്തോടെയും, കരുതലോടെയും മുന്നോട്ടു പോകാനും ഹൃദയവിശാലതയും അനുഭവസമ്പത്തുമുള്ളവരാണ്
ഇടതു മുന്നണി സര്‍ക്കാറിനെ
മുന്നോട്ടു നയിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന, പട്ടിക ജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക്
ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ
ഹൃദയ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിനെ , കൊട്ടിഘോഷങ്ങളും
മുന്‍വിധികളുമില്ലാതെ
ഹൃദയപൂര്‍വ്വം നമുക്ക് ഓഡിറ്റു ചെയ്യാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here