പുറത്തിറങ്ങിയാല്‍ ഒരു മോഷണം സ്ഥിരം; പള്ളിയില്‍ മോഷണത്തിന് പോയി മദ്യലഹരിയില്‍ ഉറങ്ങി; കുപ്പിച്ചില്ല് വിഴുങ്ങിയും, പൊലീസ് ജിപ്പിന്റെ ചില്ല് തകര്‍ത്തും അഭ്യാസം; നാട്ടുകാര്‍ ഓടിച്ചപ്പോള്‍ ‘ഡ്രാക്കുള’ വീണത് വെള്ളമില്ലാത്തിടത്ത്, ഒടുവില്‍ പിടിയില്‍

മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടുമെന്നായപ്പോള്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്ത് ചാടി രക്ഷപെടാന്‍ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവിന് ഗുരുതരമായി പരിക്കേറ്റു. പരുക്കേറ്റ ഡ്രാക്കുള സുരേഷിനെ (38)യാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇന്നലെയാണ് മൂവാറ്റുപുഴയില്‍ ഒരു സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ നടന്നത്.

ഇന്നലെ ഉച്ചയ്ക്ക് പെരുവംമൂഴിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സമീപത്തെത്തിയ സുരേഷ് തൊഴിലാളികളുടെ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്നിടത്ത് കയറിപ്പറ്റി പഴ്‌സുകള്‍ ഉള്‍പ്പടെയുളള സാധനങ്ങള്‍ കൈക്കലാക്കി. മോഷ്ടിക്കുന്നത് തൊഴിലാളികളിലൊരാളുടെ ശ്രദ്ധയില്‍പെട്ടതോടെ ഇവിടെ നി്ന്ന് ഇറങ്ങിയോടി. തൊഴിലാളികളും നാട്ടുകാരും തിരച്ചിലാരംഭിച്ചതോടെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചു.

ഇവിടെ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ 2 പേരുടെ കൈ കടിച്ചു മുറിച്ച് വീണ്ടും കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. കുറെ നേരം തിരഞ്ഞെങ്കിലും ഇയാളെ നാട്ടുകാര്‍ക്ക് കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇയാളുടെ ബൈക്ക് മോഷണം നടന്ന സ്ഥലത്തിനടുത്തിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ ബൈക്കിന്റെ ചോക്ക് ഊരിയിട്ട് നാട്ടുകാര്‍ മോഷ്ടാവിനായി കാത്തിരുന്നു.

ഇരുട്ടായതോടെ ബൈക്ക് തിരഞ്ഞെത്തിയ കള്ളന്‍ നാട്ടുകാരുടെ മുന്നില്‍ പെട്ടു. പിടികൂടുമെന്നായപ്പോള്‍ രക്ഷപെടാന്‍ പെരുവംമൂഴി പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എടുത്ത് ചാടി. വീണതോ വെള്ളമില്ലാത്ത സ്ഥലത്തും. വെറും നിലത്ത് വീണ് ഗുരുതരമായി പരുക്കേറ്റതോടെ അനങ്ങാനാകാത്ത സ്ഥിതിയിലായി.

നാട്ടുകാര്‍ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ പൊലീസ് ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തിയാണ് ഇയാളെ പുറത്തെത്തിച്ചത്. പൊലീസിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

2001 മുതലുള്ള 20 ല്‍ അധികം കേസുകളി പ്രതിയാണ് ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന പുത്തന്‍കുരിശ് വടയമ്പാടി കുണ്ടേലിക്കുടിയില്‍ സുരേഷ്. എപ്പോള്‍ പുറത്തിറങ്ങിയാലും ഇയാള്‍ മനസ്സില്‍ ഒരു മോഷണത്തിനുള്ള പദ്ധതിയിട്ടിട്ടുണ്ടാകുമെന്നാണ് സുരേഷിന്റെ പ്രത്യേകതയെന്നാണ് പൊലീസ് പറയുന്നു. പുത്തന്‍കുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം എന്നിവിടങ്ങളാണ് മോഷണം നടത്തിയിട്ടുള്ളത്.

മോഷണശ്രമത്തിനിടെ പിടിയിലായാല്‍ എന്തെങ്കിലും കള്ളം പറഞ്ഞു രക്ഷപ്പെടാറാണ് പതിവത്രെ. മോഷണം തുടങ്ങിയ കാലത്ത് രാത്രി മോഷണമായിരുന്നു ശീലമെങ്കിലും ഇപ്പോള്‍ ജയിലിനു പുറത്തിറങ്ങിയാല്‍ പട്ടാപ്പകലും മോഷണം നടത്തും.. രാത്രി മോഷണം തുടങ്ങിയ കാലത്ത് വീണ ഇരട്ടപ്പേരാണ് ഡ്രാക്കുള. കഴിഞ്ഞ വര്‍ഷം പിടിയിലായപ്പോള്‍ പൊലീസ് ജിപ്പിന്റെ പിന്നിലെ ചില്ല് അടിച്ചു തകര്‍ത്ത് കുപ്പിച്ചില്ല് വിഴുങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015 ല്‍ കോലഞ്ചേരിയിലെ ഒരു പള്ളിയില്‍ മോഷണം നടത്താന്‍ കയറിയ ഇയാള്‍ വെന്റിലേറ്ററില്‍ കുടുങ്ങിപ്പോയി. മദ്യലഹരിയില്‍ വെന്റിലേറ്ററില്‍ ഇരുന്ന് ഉറങ്ങിപ്പോയ ഡ്രാക്കുള സുരേഷിനെ അന്ന് പൊലീസെത്തി് പ്രയാസപ്പെട്ട് പുറത്തെത്തിച്ചതും ചരിത്രം.

2018 ല്‍ സുരേഷ് പിടിയിലാകുമ്പോള്‍ രണ്ടുകാലും ഒടിഞ്ഞ നിലയിലായിരുന്നു. ബൈക്കപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ അവിടെ നിന്നും മുങ്ങി ഒളിവില്‍ കഴിയുന്നതിനിടെയാണു സുരേഷിനെ പൊലീസ് പൊക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News