ഇന്ത്യ-ചൈന സംഘര്‍ഷം; പ്രശ്ന പരിഹാരത്തിനായി നയതന്ത്രതല ചര്‍ച്ച തുടരും

കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ (എല്‍എസി) ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സൈനിക, നയതന്ത്രതല ചർച്ച തുടരാൻ ധാരണ.

ലേയിലെ ചൂഷൂലിന്‌ എതിർവശത്ത്‌ ചൈനീസ്‌ പ്രദേശമായ മോൾഡോയിൽ ഇരുരാജ്യത്തിന്റെയും സൈനിക കമാൻഡർമാർ പങ്കെടുത്ത ചർച്ചയിലാണ്‌ തീരുമാനം. ചർച്ച നാലു മണിക്കൂറിലേറെ നീണ്ടു. ഇരുരാജ്യത്തിന്റെയും സ്ഥാനപതിമാരും വിദേശമന്ത്രാലയം ഉദ്യോഗസ്ഥരും വെള്ളിയാഴ്‌ച വീഡിയോ കോൺഫറൻസ്‌ നടത്തിയിരുന്നു.

ലേ കേന്ദ്രമായ 14-ാം വ്യൂഹത്തിന്റെ കമാൻഡിങ്‌ ഓഫീസർ ലെഫ്‌. ജനറൽ ഹരീന്ദർസിങ്ങാണ്‌ ഇന്ത്യൻ സംഘത്തെ നയിച്ചത്‌. തിബറ്റ്‌ സൈനികമേധാവി ലിയു ലിൻ ചൈനീസ്‌ സംഘത്തിന്‌ നേതൃത്വം നൽകി. ഇരുരാജ്യങ്ങളും തമ്മിൽ 1993ൽ ഒപ്പിട്ട ഉടമ്പടിയുടെ അടിസ്ഥാനത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന്‌ പരിഗണന നൽകിയായിരുന്നു ചർച്ച.

അതിർത്തിയിൽ ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കുക എന്നതായിരുന്നു പ്രധാന അജൻഡ. ഇതിനായി യഥാർഥ നിയന്ത്രണരേഖയോടു ചേർന്നുള്ള പ്രദേശങ്ങളിൽനിന്ന്‌ ടാങ്കുകളും കവചിതവാഹനങ്ങളും ഇരുപക്ഷവും പിൻവലിക്കേണ്ടതുണ്ട്‌.

പാംഗോങ്‌ തടാകതീരത്ത്‌ നിരീക്ഷണത്തിനായി നടത്തുന്ന റോഡ്‌ നിർമാണം തടസ്സപ്പെടുത്തരുതെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടു. സൈനിക, നയതന്ത്ര ചർച്ച വഴി പ്രശ്‌നം പരിഹരിക്കാൻ ശ്രമം തുടരുന്നതായി ചർച്ചയ്‌ക്കു മുന്നോടിയായി സൈന്യം പ്രസ്‌താവന ഇറക്കി.

ഇന്ത്യൻ സംഘത്തെ നയിച്ച ലെഫ്‌. ജനറൽ ഹരീന്ദർസിങ്‌ കാർഗിലിൽ അടക്കം സൈനിക നീക്കങ്ങൾക്ക്‌ നേതൃത്വം നൽകിയിരുന്നു.‌ മിലിട്ടറി ഇന്റലിജൻസ്‌ ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്‌.

വടക്കൻ കശ്‌മീരിൽ കമാൻഡറായും കോംഗോയിൽ യുഎൻ ദൗത്യസംഘത്തിന്റെ ബ്രിഗേഡിയറായും പ്രവർത്തിച്ച അനുഭവസമ്പത്തുമുണ്ട്‌.

അദ്ദേഹം‌ കരസേനാ മേധാവി എം എം നരവനെയെ ചർച്ചയുടെ വിശദാംശം ധരിപ്പിച്ചു. തുടർന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌, വിദേശമന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ എന്നിവർക്ക്‌ വിവരങ്ങൾ കൈമാറി.

മെയ്‌ അഞ്ചിനും ആറിനും തടാകതീരത്തും ഗൽവാൻ താഴ്‌വരയിലും ദെംചോക്കിലും ദൗലത്‌ ബേഗ്‌ ഒൽദിയിലും ഇരു രാജ്യങ്ങളുടെയും സൈനികർ മുഖാമുഖം വന്നു. ഇതേതുടർന്നാണ്‌ പ്രശ്‌നപരിഹാര ചർച്ചകൾ ആരംഭിച്ചത്‌. ഇതിനകം 15 റൗണ്ട്‌ ചർച്ച വിവിധ തലങ്ങളിൽ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News