
എംഎൽഎമാരുടെ കൊഴിഞ്ഞുപോക്കിന് പിന്നാലെ ഗുജറാത്ത് കോൺഗ്രസിന് തലവേദനയായി ആഭ്യന്തര കലഹം. ജയിക്കുമെന്ന് ഉറപ്പായ ഒരു രാജ്യസഭാ സീറ്റിൽ ആരെ വിജയിപ്പിക്കണമെന്ന് തീരുമാനിക്കാനാകാതെ ഗുജറാത്ത് കോൺഗ്രസ്. ആദ്യ 35 വോട്ടുകൾ
ശക്തി സിംഗ് ഗോഹിലിന് നൽകി വിജയിപ്പിക്കാനായിരുന്നു പാർട്ടി ധാരണ.
എന്നാൽ ബഹുഭൂരിഭാഗം എംഎൽഎമാരും രണ്ടാം സ്ഥാനാർഥിയായ ഭാരത് സോളങ്കിക്ക് ഒപ്പമാണ്. രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജി വയ്ക്കുമെന്നും സൂചനയുണ്ട്.
എംഎൽഎമാരെ ബിജെപി പണം നൽകി മറുകണ്ടം ചാടിക്കുന്നത് തുടരുന്നു, ആഭ്യന്തര കലഹം തലവേദന സൃഷ്ടിക്കുന്നു, ഗുജറാത്ത് കോൺഗ്രസ് 2017 രാജ്യസഭാ തെരഞ്ഞെടുപ്പിന് സമാനമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഉറപ്പായ ഒരു രാജ്യസഭാ സീറ്റിൽ ആരെ വിജയിപ്പിക്കണമെന്ന് തീരുമാനിക്കാൻ സാധിക്കാത്തതാണ് പാർട്ടിയെ കുഴയ്ക്കുന്ന പുതിയ പ്രശ്‌നം. 65 എം എൽ എമാരാണ് കോൺഗ്രസിനുള്ളത്.
ഇതിൽ ആദ്യ 35 വോട്ടുകൾ ശക്തി സിംഗ് ഗോഹിലിന് നൽകി അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കുക. രണ്ടാം സ്ഥാനാർഥിയായി നിർത്തിയ ഭാരത് സോളങ്കിയെ വിജയിപ്പിക്കാൻ ബാക്കി വോട്ടുകൾ ഉപയോഗിച്ച് ഒരു ശ്രമം. ഇതായിരുന്നു കോൺഗ്രസിന്റെ തന്ത്രം. എന്നാൽ ഭൂരിഭാഗം എം എൽ എമാർക്കും ഇത്സ്വീ കാര്യമല്ല. ശക്തി സിംഗ് ഗോഹിലിന് പകരം ഭാരത് സോളങ്കിയെ ആണ് അവർക്ക് താല്പര്യം.
65 എംഎൽഎമാരിൽ 42 പേരും സോളങ്കിക്ക് ഒപ്പം. ഇതാണ് പാർട്ടിയെ കുഴയ്ക്കുന്നത്.2017ൽ അഹമ്മദ് പട്ടേലിന്റെ നാടകീയ രാജ്യസഭാ സീറ്റ് വിജയത്തിന് പിന്നിൽ ശക്തി സിംഗ് ഗോഹിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. അതിനാൽ ഗോഹിലിനെ പരാജയപ്പെടുത്താൻ കോൺഗ്രസിനുള്ളിൽ തന്നെ ശ്രമം നടന്നാൽ ബിജെപി അതിന് സാധ്യമായ സഹായം ചെയ്യുമെന്ന് ഉറപ്പാണ്.
ഈ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നതിൽ ഹൈകമാൻഡ് അന്തിമ തീരുമാനം എടുക്കട്ടെ എന്നാണ് സംസ്ഥാന നേതാക്കളുടെ അഭിപ്രായം. അതേസമയം രണ്ട് എം എൽ എ മാർ കൂടി കോൺഗ്രസ് വിടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
എം എൽ എമാരായ മോഹൻ സിംഗ്, സുഖ് റാം രത്വ എന്നിവർ എം എൽ എമാരെ പാർപ്പിച്ച റിസോർട്ടുകളിൽ ഇല്ല. ഇവരെ നേതാക്കൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. ഇതാണ് അഭ്യൂഹത്തിന് വഴി ഒരുക്കിയത്. കൂടുതൽ രാജി ഉണ്ടായാൽ മത്സരത്തിന് നിൽക്കാതെ ഒരു സ്ഥാനാർഥിയെ പിൻവലിക്കാമെന്നും ചില സംസ്ഥാന നേതാക്കൾ അഭിപ്രായപ്പെടുന്നു.
അത്തരമൊരു സാഹചര്യം വന്നാലും ആരെ പിൻവലിക്കും എന്നതിൽ നേരത്തെ സൂചിപ്പിച്ച ആഭ്യന്തര കലഹം പ്രധാന പരിഗണനാ വിഷയമായി വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here