ആധാർ വിധി ചോദ്യം ചെയ്തുള്ള പുന:പരിശോധന ഹർജികൾ സുപ്രീംകോടതി ചൊവാഴ്ച്ച പരിഗണിക്കും

ആധാർ ഭരണഘടനാ പരമാക്കിയ വിധി ചോദ്യം ചെയ്തുള്ള പുന:പരിശോധന ഹർജികൾ സുപ്രീംകോടതി ചൊവാഴ്ച്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് പുനപരിശോധന ഹർജികൾ ചേംബറിൽ പരിഗണിക്കുന്നത്. കേസിൽ ഭിന്ന വിധി എഴുതിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുനഃപരിശോധന ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ അംഗമാണ്.

പൗരന്റെ ബയോമെട്രിക് വിവരങ്ങളുള്ള ഏകീകൃത തിരിച്ചറിയൽ നമ്പറായ ആധാര്‍ ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി ഭരണ ഘടനാ ബഞ്ച് 2018 സെപ്റ്റംബറിലാണ് വിധി എഴുതിയത്. സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിയും ബാങ്ക് അക്കൗണ്ട്, മൊബൈൽ കണക്ഷൻ എന്നിവയ്ക്ക് ആധാർ നിർബന്ധമല്ലെന്നും വ്യക്തമാക്കി കൊണ്ടായിരുന്നു വിധി. ഈ വിധി
പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പുനഃപരിശോധനാ ഹർജികളാണ് കോടതി ചൊവ്വാഴ്ച പരിഗണിക്കുക.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ്മാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എൽ നാഗേശ്വർ റാവു എന്നിവരാണ് അംഗങ്ങൾ. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് കേസ് പരിഗണിക്കുക. പുനഃപരിശോധന വേണമോ, കേസിൽ തുറന്ന കോടതിയിൽ വീണ്ടും വാദം കേൾക്കണമോ, ഹർജി തള്ളണമോ എന്നീ കാര്യങ്ങളിൽ തീരുമാനം എടുക്കും.

ആധാർ വിധി എഴുതിയ ബെഞ്ചിൽ ഉണ്ടായിരുന്ന അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ കെ സിക്രി എന്നിവർക്ക് പകരമാണ് നിലവിലെ ചീഫ് ജസ്റ്റിസ് എസ്‌ എ ബോബ്‌ഡെ, നാഗേശ്വർ റാവു എന്നിവർ ബെഞ്ചിന്റെ ഭാഗമായത്. 2018ലെ വിധി ഏകകണ്ഠമായിരുന്നില്ല. ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആധാർ ഭരണ ഘടനാ വിരുദ്ധമാണെന്ന് ഭിന്ന വിധി എഴുതി.

ഭിന്ന വിധി എഴുതിയ ജസ്റ്റിസ് ചന്ദ്രചൂഡ് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിന്റെ ഭാഗമായി മുൻ നിലപാട് തുടരുമോ എന്നത് നിർണായകമാണ്. പുനഃപരിശോധനാ ഹർജിയിലൂടെ വിധികൾ കോടതി പുനഃപരിശോധന നടത്തുന്നത് വിരളമാണ്. പുനഃപരിശോധന ഹർജികൾ തള്ളിയാൽ തിരുത്തൽ ഹർജി നൽകുകയാണ്ഹർജിക്കാർക്ക് മുന്നിലെ അടുത്ത വഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here