ജൂണ്‍ 30 വരെ പള്ളികള്‍ തുറക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഈ മാസം 30വരെ പള്ളികള്‍ തുറക്കില്ല.വൈദികരും വിശ്വാസികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ലത്തീന്‍ സഭയായ വരാപ്പു‍ഴ അതിരൂപതയില്‍ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഇടവക വികാരിമാര്‍ക്ക് നിര്‍ദേശം നല്‍കി.

അതേ സമയം സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് പള്ളികള്‍ തുറക്കാന്‍ യാക്കൊബായ സഭ തീരുമാനിച്ചു.പള്ളികളില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ ബാവ സര്‍ക്കുലര്‍ പുറത്തിറക്കി.

സീറോ മലബാര്‍ സഭക്ക് കീ‍ഴിലെ എറണാകുളം അങ്കമാലി അതിരൂപതയില്‍ പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അതിരൂപത നേതൃത്വം വൈദികരുമായും വിശ്വാസികളുടെ പ്രതിനിധകളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വ‍ഴി ചര്‍ച്ച നടത്തിയിരുന്നു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് പള്ളികള്‍ തിടുക്കപ്പെട്ട് തുറക്കേണ്ടെന്നായിരുന്നു ചര്‍ച്ചയിലെ പൊതുവികാരം.
 

അതിരൂപത അതിര്‍ത്തിക്കുള്ളില്‍ രോഗവ്യാപന സാധ്യതയുള്ളതിനാല്‍ നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനിച്ചതായി ആര്‍ച്ച് ബിഷപ്പ് ആന്‍റണി കരിയില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എന്നാല്‍ വ്യക്തിപരമായ പ്രാര്‍ഥനകള്‍ക്ക് പള്ളികള്‍ തുറന്നിടാമെന്നും വിവാഹം, മാമോദീസ,മരണാനന്തര ചടങ്ങുകള്‍ എന്നിവ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമെ നടത്താവൂയെന്നും ആര്‍ച്ച് ബിഷപ്പ് നിര്‍ദേശം നല്‍കി.

അതേ സമയം സാഹചര്യങ്ങള്‍ക്കനുസരിച്ച് പള്ളികള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് വരാപ്പു‍ഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ ഇടവക വികാരിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.ഇതനുസരിച്ച് കലൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിയുള്‍പ്പടെ മൂന്ന് ദേവാലയങ്ങള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് പള്ളികള്‍ തുറക്കാനാണ് യാക്കൊബായ സഭയുടെ തീരുമാനം.പള്ളികളില്‍ വിശാസികളെത്തുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് സഭാധ്യക്ഷനും അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്തയുമായ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സര്‍ക്കുലര്‍ പുറത്തിറക്കി.

പള്ളിക്കകത്ത് വിശ്വാസികള്‍ ആറടി അകലം പാലിച്ച് നില്‍ക്കണം.പള്ളികളില്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിക്കണം. പ്രായമായവരും കുട്ടികളും പള്ളികളിലേക്ക് വരരുത്.കുമ്പസാരവും കുര്‍ബാനയും ഒവിവാക്കണം തുടങ്ങി 15 നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.

ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ക‍ഴിയാത്ത പള്ളികള്‍ തുറക്കരുതെന്നും സഭാധ്യക്ഷന്‍റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here