പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടിവി വാങ്ങി നല്‍കി സിപിഐഎം നാട്ടിക ഏരിയ കമ്മിറ്റി

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ ഓണ്‍ ലൈന്‍ ക്ലാസുകള്‍ കാണാന്‍ വീട്ടില്‍ ടി വി ഇല്ലാത്ത കുട്ടികള്‍ക്ക് സിപിഐഎം ടിവി വാങ്ങി നല്‍കി. ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യമില്ലാത്ത 600 ല്‍ അധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സിപിഐഎം നാട്ടിക ഏരിയ കമ്മിറ്റി ടെലിവിഷന്‍ വാങ്ങി നല്‍കുന്നത്. പദ്ധതിയുടെ ഉത്ഘാടനം ടി വി വിതരണം ചെയ്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു.

സിപിഐഎം നാട്ടിക ഏരിയ കമ്മിറ്റിക്ക് കീഴില്‍ വരുന്ന ഏഴു പഞ്ചായത്തുകളില്‍ നിന്നായി പൊതുജനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ടി വി സിപിഐഎം ടി വി നല്‍കുന്നത്.

കോവിഡിന്റെ സാഹചര്യത്തില്‍ ഈ അദ്ധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ടി വി ഇല്ലാത്തതിനാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് പോലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം തടസ്സപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് സിപിഐഎം ന്റെ പദ്ധതി. ടിവി വിതരണത്തിന്റെ ഉത്ഘാടനം നാട്ടിക ഫിഷറീസ് സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിച്ചു.

ലോക്ക് ഡൗണ്‍ കാലത്ത് കുറ്റമറ്റ രീതിയില്‍ പരീക്ഷ നടന്നത് കേരളത്തിലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സിപിഐഎം നാട്ടിക ഏരിയാ കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരം ആണെന്നും കൂടുതല്‍ പേര്‍ ഈ മാതൃക ഏറ്റെടുക്കാന്‍ തയ്യാറായാല്‍ കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഏറ്റവും വേഗത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍. ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ ഗീതാ ഗോപി എം.എല്‍.എ., തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. സുഭാഷിണി, അധ്യാപിക അനിത, പി.ടി.എ. പ്രസിഡന്റ് യു.കെ. ഗോപാലന്‍, സി.പി.എം. ഏരിയാ സെക്രട്ടറി പി.എം. അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ഉദ്ഘാടന ചടങ്ങില്‍ നാട്ടിക സ്വദേശി ടി.കെ. ഹരിദാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ മന്ത്രിക്ക് കൈമാറി. ചേറ്റുവ എഫ് സി. ബിരിയാണി മേളയിലൂടെ സമാഹരിച്ച തുകയും തൃപ്രയാര്‍ ലെമര്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി നൗറല്‍ ഫാത്തിമ തന്റെ കുടുക്കയിലെ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here