നടി മേഘ്ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു

ബംഗളൂരു: പ്രശസ്ത മലയാളനടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സാര്‍ജ അന്തരിച്ചു. 39 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

നിരവധി മലയാളം-കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മേഘ്‌ന 2018ലാണ് കന്നഡ നടനായ ചിരഞ്ജീവിയെ വിവാഹം കഴിച്ചത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് താരത്തിന്റെ വിയോഗം.

2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവിയുടെ ആദ്യ ചിത്രം. ഇതിനോടകം ചിരഞ്ജീവി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.നടന്‍ അര്‍ജ്ജുന്‍ സര്‍ജയുടെ അനന്തരവന്‍ കൂടിയായ ചിരഞ്ജീവി കന്നഡ സിനിമയില്‍ സജീവമാകാനൊരുങ്ങവേയാണ് മരണം സംഭവിച്ചത്. മൂന്നോളം സിനിമകള്‍ അണിയറയിലൊരുങ്ങുകയും ഒരു സിനിമ റിലീസിന് തയ്യാറെടുക്കുകയും ചെയ്തിരിക്കുകയായിരുന്നു.

ശിവാര്‍ജ്ജുന എന്ന ചിത്രം മാര്‍ച്ച് 12ന് റിലീസിന് ഒരുങ്ങിയതാണ്. എന്നാല്‍ കൊവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യത്ത് തീയേറ്ററുകള്‍ പൂട്ടിയതോടെ റിലീസ് നീളുകയായിരുന്നു. ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ പുറത്തിറങ്ങിയ ആദ്യ ആണ് ചിരഞ്ജീവി സര്‍ജയുടേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം.

രാജ് മാര്‍ത്താണ്ഡ, ഏപ്രില്‍, രണം, ക്ഷത്രിയ എന്നീ ചിത്രങ്ങളാണ് ചിരഞ്ജീവിയുടേതായി അണിയറയിലൊരുങ്ങിയിരുന്ന മറ്റു ചിത്രങ്ങള്‍. കാക്കി എന്ന ചിത്രവും ഈ വര്‍ഷം ചിരഞ്ജീവി സര്‍ജയുടേതായി തീയേറ്ററുകളിലെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here