ഉത്ര കൊലപാതകം: അന്വേഷണ സംഘം വിപുലീകരിച്ചു

കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിപുലീകരിച്ചു. കൊല്ലം ജില്ലയ്ക്ക് പുറത്തു നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. അന്വേഷണത്തിനായി സാങ്കേതിക വിദഗ്തരുടെ സമിതിയും രൂപീകരിച്ചു.

കേരള പൊലീസിന്‍റെ ചരിത്രത്തിൽ ഉത്ര കൊലപാതരത്തിന് സമാനമായ മറ്റൊരു കേസ് ഇല്ല. പാമ്പ് പ്രധാന ആയുധമായ രാജ്യത്തെ ആദ്യ കേസും ഇതാണ്. അന്വേഷണത്തിലെ ചെറുപിഴവ് പോലും പ്രതിക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കാം.

പഴുതടച്ചുള്ള അന്വേഷണത്തിനു വേണ്ടിയാണ് വിവിധ വകുപ്പുകളിൽ പ്രവർത്തിക്കുന്ന വിദഗ്തരുടെ സമിതി പൊലീസ് രൂപീകരിച്ചത്. ആരോഗ്യം, വനം, മൃഗസംരക്ഷണം, ക്രിട്ടിക്കൽ കെയർ, ഐ.ടി മേഖലകളിലെ വിദഗ്തർ ഉൾപ്പെടുന്നതാണ് സമിതി.

വിഗദ്ത സമിതി അംഗങ്ങള്‍ ഈ ആഴ്ച്ച സൂരജിന്‍റെ അടൂരിലെ വീട്ടിലും ഉത്രയുടെ അഞ്ചലിലെ വീട്ടിലും പരിശോധന നടത്തും.ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരു സി.ഐയേയും എസ്.ഐയേയും കൂടി ഉൾപ്പെടുത്തി നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം വിപുലീകരിച്ചു.

ക്രൈംബ്രാ‍ഞ്ചിൽ വർഷങ്ങളോളം പ്രവർത്തിച്ച് പരിചയമുള്ളവരാണ് പുതുതായി എത്തിയ രണ്ട് ഉദ്യോഗസ്ഥരും. കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് തെളിവുകൾ ഉടന്‍ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനും തീരുമാനമായി.

ഫോറൻസിക് പരിശോധന വൈകിയാൽ തെളിവുകൾ നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. അതുകൊണ്ടാണ് മൊബൈൽ ഫോൺ അടക്കമുള്ളവ എത്രയും വേഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചത്.

സൂരജിന്‍റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും.എന്നാലത് കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രം മതിയെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News