ആശങ്കയില്ലാതെ മുംബൈ; പ്രത്യാശയോടെ ധാരാവി

ലോക്ക് ഡൌൺ ഇളവുകൾ മഹാരാഷ്ട്രയിൽ ബാധകമല്ലെങ്കിലും മുംബൈയിലെ റോഡുകളെല്ലാം ഇന്ന് പഴയ തിരക്കിലേക്ക് മടങ്ങിയിരിക്കയാണ്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുവാനുള്ള മുംബൈക്കാരുടെ ഇച്ഛാശക്തിയാണ് പ്രധാന പാതകളിലെല്ലാം ദൃശ്യമായത്.

കൊവിഡ് രോഗവ്യാപനത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ഭീതിയും ആശങ്കയും അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന നഗരത്തിൽ ഇന്ന് കാണുവാൻ കഴിയുന്നില്ല.

മഹാരാഷ്ട്രയിൽ രോഗ വ്യാപനം വർധിച്ചു കൊണ്ടിരിക്കുമ്പോഴും മുംബൈ നഗരത്തിന് പ്രത്യാശ പകരുന്ന വിവരങ്ങളാണ് ധാരാവിയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

രണ്ടു മാസം മുൻപ് പകർച്ചവ്യാധി പൊട്ടിപുറപ്പെട്ടപ്പോൾ സമൂഹ വ്യാപനത്തിന്റെ ഭീതി പടർത്തിയത് ചേരി പ്രദേശങ്ങളും ധാരാവിയുമായിരുന്നു. ശാരീരിക അകലം പാലിക്കുകയെന്നത് ചിന്തിക്കുവാൻ പോലും കഴിയാത്ത പ്രദേശത്തെ പാവപ്പെട്ട ജനങ്ങളെ കുറിച്ചായിരുന്നു രാജ്യവും തേങ്ങിയത്.

എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി ധാരാവിയിൽ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല രോഗം ഭേദമായവരുടെ എണ്ണത്തിലുള്ള ഗണ്യമായ വർദ്ധനവും മഹാനഗരത്തിനും ആശ്വാസം പകരുന്നതാണ്.

ധാരാവിയിൽ ഇതുവരെ 71 മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ധാരാവിയിലും ഇതര ചേരി പ്രദേശങ്ങളിലും പ്രത്യേക ക്ലിനിക്കുകൾ തുറന്നതും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിപുലമാക്കിയതും രോഗ വ്യാപനം നിയന്ത്രിക്കുവാൻ സഹായകമായി എന്നാണ് പ്രദേശത്തെ മലയാളി കോർപറേറ്റർ ടി എം ജഗദീഷ് പറയുന്നത്.

ബി എം സി ജീവനക്കാരോടൊപ്പം സന്നദ്ധ പ്രവർത്തകരും അണുവിമുക്ത പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കൂടാതെ കൊവിഡ് രോഗ ലക്ഷണമുള്ളവരെ തിരിച്ചറിഞ്ഞ് ക്വാറന്റീൻ ചെയ്യുന്നതിനും സമയോചിതമായി ചികിത്സ ലഭ്യമാക്കാനും കഴിഞ്ഞ പ്രവർത്തന രീതികൾ ഫലം കണ്ടുവെന്നും ജഗദീഷ് പറഞ്ഞു.

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ധാരാവിയിൽ നിന്ന് കൂട്ടമായി ആളുകൾ ഒഴിഞ്ഞു പോകാനാരംഭിച്ചതും രോഗവ്യാപനം നിയന്ത്രിക്കാൻ സഹായിച്ചതായി ബി എം സി അധികൃതർ പറയുന്നു.

മലയാളി സമാജങ്ങളും കെയർ 4 മുംബൈ തുടങ്ങിയ നിരവധി സന്നദ്ധ സംഘടനകളും ധാരാവിയിൽ ഭക്ഷണവും, പ്രതിരോധ മരുന്നുകളും കൂടാതെ മാസ്ക് സാനിറ്റൈസർ തുടങ്ങിയ ഇതര ചികിത്സോപകരണങ്ങളും വിതരണം ചെയ്തിരുന്നതും ധാരാവിയിലെ നിർധനർക്ക് ആശ്രയമായി.

മഹാരാഷ്ട്രയിലെ ഹോട്ട് സ്പോട്ടായ മുംബൈയിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും മരണ സംഖ്യയിലും ആശാവഹമായ രീതിയിൽ കുറവുണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here