സിങ്കപ്പെണ്ണേ… ശരിക്കും നിങ്ങളാണ് താരങ്ങള്‍

കോവിഡ് പ്രതിരോധത്തിനായി ഊണും ഉറക്കവും ഉപേക്ഷിച്ചാണ് നന്മുടെ നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകരുടെ പോരാട്ടം. ഈ നാട് ഇവര്‍ക്കൊപ്പം കൈകോര്‍ക്കുയാണ്.

ആരോഗ്യ പ്രവര്‍ത്തകരില്‍ ഏറ്റവും കൂടുതല്‍ സഹനം ഏല്‍ക്കേണ്ടി വരുന്നത് വനിത ജീവനക്കാരാണ്. കൈക്കുഞ്ഞുങ്ങളെ പോലും വീട്ടിലാക്കിയാണ് നീണ്ട നാളത്തെ ഡ്യൂട്ടിക്കായി പലരും എത്തുന്നത്. എന്നാലും അവരുടെ മനോവീര്യം ഒട്ടും കുറയുന്നില്ലായെന്നതിന് തെളിവാണ് ഈ വീഡിയോ ആല്‍ബം.

കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ വനിതാ വിഭാഗം (ജ്വാല) യാണ് ഈ ആല്‍ബത്തിന് പിന്നില്‍.വിജയ് ചിത്രം ബിഗിലിലെ ‘സിങ്കപ്പെണ്ണേ….’ എന്ന സൂപ്പര്‍ഹിറ്റ് ഗാനമാണ് വിഡിയോയുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ ഡോക്ടര്‍മാര്‍ തന്നെയാണ് വിഡിയോയുടെ അരങ്ങിലും അണിയറയിലും.

കോവിഡ് കാലത്തും സ്വജീവന്‍ പോലും പണയപ്പെടുത്തി ചുറ്റുമുള്ളവരെ കാക്കാന്‍ രാപകല്‍ അധ്വാനിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നേര്‍ക്കാഴ്ചയാണ് വിഡിയോ. ഒരേ സമയം ജോലി മേഖലയിലെയും കുടുംബത്തിലെയും കടമകള്‍ ഉത്തരവാദിത്വ പൂര്‍വം നിര്‍വഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍.

കോവിഡ് പിടിമുറുക്കുന്നതിനാല്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും ഗാനരംഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

ജോലിയുടെ ഒഴിവു വേളകളില്‍ ചുവടു വച്ചും പാട്ടു പാടിയും നിരവധി വനിതാ ആരോഗ്യ പ്രവര്‍ത്തകര്‍ വിഡിയോയുടെ ഭാഗമായി.പ്രശസ്ത ഗായിക കൂടിയായ ഡോ.ബിനീത രഞ്ജിത് ആണ് കോവിഡ് കാലത്ത് വനിതാ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമായി ഇത്തരമൊരു വിഡിയോ ചെയ്യാമെന്നുള്ള ആശയം മുന്നോട്ടു വച്ചത്.

ഡോ.ദിവ്യ സുരേഷന്‍ ഗാനരംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചു. ഡോ.ശ്രീജിത്ത് ഹരിദാസും ഡോ.ശീതള്‍ ജോണും ചേര്‍ന്ന് വിഡിയോയുടെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. വനിത ഡോക്ടര്‍മാരുടെ ഗാനം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here