ഒരുമാസത്തെ രോഗികളില്‍ 88 ശതമാനം പേരും പുറത്തുനിന്നെത്തിയവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസമായി കൊവിഡ് രോഗബാധിതരായവരില്‍ 88 ശതമാനം പേരും പുറംനാടുകളില്‍ നിന്നെത്തിയവര്‍.

മെയ് ഒമ്പതുമുതല്‍ ജൂണ്‍ ഏഴുവരെ 1412 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ വിദേശത്തുനിന്നെത്തിയ 644 പേരും (45.6 ശതമാനം) മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 600 (42.4 ശതമാനം) പേരുമുണ്ട്. സമ്പര്‍ക്കത്തിലൂടെയും മറ്റും രോഗബാധിതരായവര്‍ 168 പേരാണ്.

വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാത്ത സാഹചര്യത്തില്‍ കൂടിയാണ് രോഗഭീതിയുള്ളവര്‍ കേരളത്തിലേക്കെത്തുന്നത്. ഇവിടെ ലഭിക്കുന്ന മെച്ചപ്പെട്ട ചികിത്സയും സര്‍ക്കാരിന്റെ സംരക്ഷണവും ഇവരെ നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നു. ഇവര്‍ മിക്കവര്‍ക്കും ഇവിടെ എത്തിയശേഷം നടത്തുന്ന പരിശോധനയിലാണ് രോഗം കണ്ടെത്തുന്നത്.

മെയ് ഏഴിനാണ് വിദേശത്തുനിന്നും വിമാനങ്ങള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങിയത്. ഇവരില്‍ ആദ്യ കൊവിഡ് സ്ഥിരീകരിക്കുന്നത് മെയ് ഒമ്പതിനാണ്. മലപ്പുറത്ത് രണ്ടുപേര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മെയ് പത്തിന് മൂന്നുപേര്‍ക്കും 11ന് ഒരാള്‍ക്കും രോഗബാധയുണ്ടായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കൂടി. ജൂണ്‍ അഞ്ചിനുമാത്രം വിദേശത്തുനിന്ന് മടങ്ങിയെത്തിയ 50 പേര്‍ക്ക് രോഗബാധയുണ്ടായി. ആറിന് 64 പേര്‍ക്കും ഏഴിന് 71 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയില്‍ നിന്നെത്തിയവരാണ് രോഗബാധിതരില്‍ മുന്നില്‍. കുവൈത്ത്, സൗദി, ഖത്തര്‍, താജിക്കിസ്ഥാന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍നിന്ന് എത്തിയ 616 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലി, റഷ്യ, സിങ്കപ്പുര്‍, മലേഷ്യ, മാലദ്വീപ്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു.

ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ കൊവിഡ് സ്ഥിരീകരിച്ചത് കൂടുതലും മഹാരാഷ്ട്രയില്‍ നിന്നുള്ളവരിലാണ്. തമിഴ്നാട്, ദില്ലി, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ഈ അഞ്ച് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 591 പേര്‍ക്ക് രോഗമുണ്ടായി. മധ്യപ്രദേശ്, ആന്ധ്ര, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്നവരിലും രോഗം സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News