ആന ചരിഞ്ഞ സംഭവത്തില്‍ തെറ്റുതിരുത്തി കേന്ദ്രം; ആനയ്ക്ക് ബോധപൂര്‍വം പടക്കം നല്‍കിയതല്ല, കാട്ടുപന്നിക്ക് വച്ച പടക്കം അബദ്ധത്തില്‍ കടിച്ചത്

ദില്ലി: പാലക്കാട് ഗര്‍ഭിണിയായ ആന പടക്കം കടിച്ച് മുറിവേറ്റ് ചരിഞ്ഞ സംഭവത്തില്‍ നിലപാടു തിരുത്തി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം.

ആനയ്ക്ക് ആരും ബോധപൂര്‍വം പടക്കം നല്‍കിയതല്ലെന്നും കാട്ടുപന്നിക്ക് വച്ച പടക്കം അബദ്ധത്തില്‍ കടിച്ചാണ് മുറിവേറ്റതെന്നും മന്ത്രാലയം അറിയിച്ചു. സംഭവത്തിലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് നിലപാട് മാറ്റം.

ആന ചരിഞ്ഞത് മലപ്പുറത്താണെന്നും ബോധപൂര്‍വം പടക്കം വച്ച കൈതച്ചക്ക നല്‍കി കൊല്ലുകയായിരുന്നുവെന്നും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയും അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരും വ്യാപകപ്രചാരണം നടത്തി. വിരാട് കോഹ്ലി, രോഹിത് ശര്‍മ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും കേരളത്തെ വിമര്‍ശിച്ച് രംഗത്തുവന്നു. സീ ന്യൂസ്, റിപ്പബ്ലിക് ടിവി തുടങ്ങിയ ഹിന്ദി- ഇംഗ്ലീഷ് ചാനലുകളും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.

”സംഭവത്തില്‍ കേരളം നിഷ്പക്ഷമായ അന്വേഷണം നടത്തുന്നുണ്ട്. ഒരാളെ പിടികൂടി. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ആരും വ്യാജവാര്‍ത്തകളോ അഭ്യൂഹങ്ങളോ സൃഷ്ടിക്കരുത്.”- മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here