സ്വാശ്രയത്വത്തിന്റെ പേരിലും തട്ടിപ്പ്‌- കേന്ദ്ര സർക്കാരിന്റെ കൊവിഡ്‌ പാക്കേജിനെപ്പറ്റി പ്രകാശ് കാരാട്ട്

സ്വാശ്രയത്വം (ആത്മനിർഭർ ഭാരത്‌) എന്ന സങ്കൽപ്പത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കവർന്നെടുത്തിരിക്കുകയാണ്‌. 21–-ാം നൂറ്റാണ്ടിനെ ഇന്ത്യയുടേതാക്കി മാറ്റാനും സാമ്പത്തികവളർച്ച പുനരുജ്ജീവിപ്പിക്കാനും സ്വാശ്രയത്വമാണ്‌ പ്രധാന മാർഗമെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു. വൈരുധ്യവും തെറ്റിദ്ധരിപ്പിക്കലും‌ ഇത്തരം അവകാശവാദങ്ങൾക്കുപിന്നിലുണ്ട്‌.

എന്നാൽ, ആത്മനിർഭർ ഭാരത്‌ എന്ന ലക്ഷ്യം കൈവരിക്കാനായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിലൂടെ യഥാർഥ വസ്‌തുത വെളിപ്പെട്ടിരിക്കുകയാണ്‌. ആഗോള ധനമൂലധനത്തെ കൂടുതൽ ആശ്രയിച്ച്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുക, രാജ്യത്തെ പ്രകൃതിവിഭവങ്ങൾ സ്വകാര്യവൽക്കരിച്ച്‌ സ്വദേശത്തെയും വിദേശത്തെയൂം വൻവ്യവസായികളുടെ ‌ നേട്ടത്തിനായി കൈമാറുക എന്നിവയാണ്‌ പാക്കേജിന്റെ മുഖ്യലക്ഷ്യമെന്ന്‌ വ്യക്തമായിരിക്കുകയാണ്‌.

ജൂൺ രണ്ടിന്‌ ഇന്ത്യൻ വ്യവസായികളുടെ സംഘടനയായ സിഐഐ വാർഷിക യോഗത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ പ്രധാനമന്ത്രി ആവർത്തിച്ചു പറഞ്ഞത്‌‌ സ്വാശ്രയത്വത്തെക്കുറിച്ചാണ്‌. സ്വയംപര്യാപ്‌തമായ ഇന്ത്യ പൂർണമായും ആഗോള സമ്പദ്‌വ്യവസ്ഥയുമായി അലിഞ്ഞുചേരും‌. അത്‌ അർഥമാക്കുന്നത്‌ രാജ്യം തന്ത്രപരമായ മേഖലകളിൽ ആരെയും ആശ്രയിക്കില്ല എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ, കോവിഡ്‌ പാക്കേജ്‌ വിശദീകരിച്ചുകൊണ്ട്‌ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്‌‌ തികച്ചും ഇതിന്‌ വിരുദ്ധമായ കാര്യങ്ങളാണ്‌.

ധാതു, ഖനന മേഖലയെ ബഹുരാഷ്ട്ര കുത്തകകൾക്കായി തുറന്നിട്ടു. 500 ഖനന പ്രദേശം സ്വകാര്യസംരംഭകർക്കായി‌ ലേലം ചെയ്യും. ലോഹ, ലോഹേതര മേഖലകളിലെ ഖനനത്തിനും പര്യവേഷണത്തിനുംവേണ്ടി ഇപ്പോൾത്തന്നെ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌. വാണിജ്യാവശ്യത്തിനുള്ള കൽക്കരി ഖനനത്തിനും 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചു. രാജ്യത്തെ സംബന്ധിച്ച്‌ ധാതുക്കൾ തന്ത്രപ്രധാനമായ മേഖലയും വിലപിടിപ്പുള്ള വിഭവങ്ങളുമാണ്‌.

അമൂല്യമായ പ്രകൃതിവിഭവങ്ങളെ യാതൊരു നിയന്ത്രണവുമില്ലാതെ ചൂഷണം ചെയ്യാൻ ബഹുരാഷ്ട്രകുത്തക കമ്പനികളെ ഇന്ത്യയിലേക്ക്‌ ക്ഷണിക്കുക എന്നത്‌ മോഡി സർക്കാർ നയമായി മാറ്റി‌. ഇത്‌ ഇന്ത്യയുടെ സ്വാശ്രയത്വത്തിനുള്ള വലിയ ഭീഷണിയാണ്‌.

മറ്റൊരു തന്ത്രപ്രധാന മേഖല പ്രതിരോധ സാമഗ്രികളുടെ ഉൽപ്പാദനമാണ്‌. പ്രത്യേക പാക്കേജിൽ പ്രതിരോധ ഉൽപ്പാദനമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി 49ൽനിന്ന്‌ 74 ശതമാനമായി ഉയർത്തി. ഇത്‌ പൊതുമേഖല ഉൽപ്പാദന യൂണിറ്റുകളെ തകർക്കും. ഇപ്പോൾത്തന്നെ പ്രതിരോധ ഉൽപ്പാദനമേഖല, സർക്കാർ ഇന്ത്യൻ കോർപറേറ്റുകൾക്കായി തുറന്നിട്ടിരിക്കുകയാണ്‌. തന്ത്രപരമായ പങ്കാളിത്ത പദ്ധതിയിലൂടെ ഇന്ത്യൻ കോർപറേറ്റുകൾ വിദേശ ആയുധ നിർമാതാക്കളുമായി ധാരണയിലെത്തിയിട്ടുണ്ട്‌.

അമേരിക്കയിൽനിന്ന്‌ ആയുധവും സൈനിക ഉപകരണങ്ങളും വാങ്ങുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ഇന്ത്യയാണ്‌. രാഷ്ട്രസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ഈ മേഖലയിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിനുപകരം തദ്ദേശീയമായ ആയുധനിർമാണത്തിലും ഇറക്കുമതിയിലും അമേരിക്കൻ ആയുധകമ്പനികളെ ആശ്രയിക്കുന്ന നയമാണ്‌ സർക്കാർ കൈക്കൊള്ളുന്നത്‌.

തന്ത്രപ്രധാന മേഖലയിൽ ഉൾപ്പെടെ പൊതുമേഖലയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള രൂപരേഖയാണ്‌ കോവിഡ്‌ പാക്കേജിലൂടെ പുറത്തിറക്കിയിരിക്കുന്നത്‌. തന്ത്രപ്രധാന മേഖലയിൽ നിക്ഷേപം നടത്താൻ ‌ സ്വകാര്യമേഖലയ്‌ക്ക്‌ അനുമതി നൽകി‌. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ച്‌ അവയുടെ എണ്ണം കുറയ്‌ക്കാനാണ്‌ പാക്കേജ്‌ ലക്ഷ്യമിടുന്നത്‌. സ്വാശ്രയത്വത്തിനുവേണ്ടി അനിവാര്യമായി നിലനിൽക്കേണ്ട പൊതുമേഖലാസ്ഥാപനങ്ങളെ തകർക്കുക എന്നതിൽ കവിഞ്ഞ്‌ മറ്റൊന്നുമല്ല ഇത്‌.

ഭാരത്‌ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിനെ‌ (ബിപിസിഎൽ) വിറ്റഴിക്കുമെന്ന്‌ പ്രഖ്യാപിച്ച സർക്കാർ അതിനുള്ള നടപടികളിലേക്ക്‌ കടന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണശുദ്ധീകരണശാലയാണ്‌ ബിപിസിഎൽ. അതിന്റെ 52.98 ശതമാനം ഓഹരിയും വിൽക്കും. ഈ പ്രധാനപ്പെട്ട പൊതുമേഖലാസ്ഥാപനത്തിന്റെ നിയന്ത്രണം പൂർണമായും വിദേശ എണ്ണക്കമ്പനികളുടെ നിയന്ത്രണത്തിലാക്കാനുള്ള വ്യവസ്ഥകളാണ്‌ സർക്കാർ ആഗോള ടെൻഡറിൽ മുന്നോട്ടുവച്ചിരിക്കുന്നത്‌.

ഇന്ത്യയെ സംബന്ധിച്ച്‌ പെട്രോളിയം തന്ത്രപ്രധാന മേഖലയാണ്‌. അത്തരം ഒരു സാഹചര്യത്തിൽ ഇറക്കുമതിയെ ആശ്രയിച്ചു കഴിയുന്ന മേഖലയിലെ പ്രധാനപ്പെട്ട എണ്ണക്കമ്പനിയുടെ നിയന്ത്രണം വിദേശക്കമ്പനികൾക്ക്‌ കൈമാറുക എന്നത്‌ രാജ്യത്തിന്റെ പരമാധികാരത്തിനും സ്വാശ്രയത്വത്തിനും നേരെയുള്ള പ്രധാനപ്പെട്ട ആഘാതമാകും.

സ്വാശ്രയത്വത്തിലൂന്നിയ സമ്പദ്‌‌‌വ്യവസ്ഥ പടുത്തുയർത്താനുള്ള പ്രധാനഘടകം ഗവേഷണത്തിനും സാങ്കേതികവിദ്യ വികസിപ്പിക്കാനുമുള്ള ശക്തമായ അടിത്തറയാണ്‌. ഗവേഷണത്തിനും വികസനത്തിനുമുള്ള നമ്മുടെ ശേഷി വളർത്തിയെടുത്തും ഉന്നതസാങ്കേതിക വിദ്യകൾ സ്വായത്തമാക്കിയും മാത്രമേ സ്വാശ്രയ വളർച്ചയെപ്പറ്റി ചിന്തിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ, മോഡിസർക്കാർ ഗവേഷണ, വികസന പ്രവർത്തനങ്ങൾക്കും ശാസ്‌ത്രീയ ഗവേഷണത്തിനും പരിഗണന നൽകുന്നില്ല. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഒരു ശതമാനംപോലും ഈ മേഖലയ്‌ക്കായി നീക്കിവയ്‌ക്കുന്നില്ല.

ആഗോള സാഹചര്യം പരിഗണിക്കുമ്പോൾ സ്വാശ്രയത്വം കൈവരിക്കാൻ സ്വയം നിർണയാവകാശവും സ്വതന്ത്രമായ വിദേശനയവും അനിവാര്യമാണ്‌. എന്നാൽ, കഴിഞ്ഞ ആറു വർഷമായി മോഡി സർക്കാർ ഇക്കാര്യങ്ങളിലെല്ലാം അമേരിക്കയെ കെട്ടിപ്പുണരുന്ന സമീപനമാണ്‌ സ്വീകരിച്ചത്‌. ഇന്തോ–-പസഫിക്‌ തന്ത്രപ്രധാന കരാറിലും ക്വാഡ്‌ സഖ്യത്തിലും ഇന്ത്യ പങ്കാളിയായി. ഇതോടൊപ്പം അമേരിക്കയുമായി സൈനിക സഖ്യത്തിലും ഏർപ്പെട്ടു.

ആഭ്യന്തര, വിദേശ നയങ്ങളിൽ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ഇന്ത്യയുടെ ശേഷിയെ ഇതിലൂടെ അമേരിക്കയ്‌ക്ക്‌ അടിയറവച്ചിരിക്കുകയാണ്‌ ‌ സർക്കാർ. ഏകധ്രുവ ലോകവും ചൈനാവിരുദ്ധസഖ്യവും സൃഷ്ടിക്കുന്നതുൾപ്പെടെയുള്ള യുഎസ്‌ പ്രസിഡന്റ്‌ ട്രംപിന്റെ നശീകരണ ശ്രമങ്ങൾക്കുപിന്നാലെ പോകുകയാണ്‌ ഇന്ത്യ. ഈയിടെ ട്രംപും മോഡിയും നടത്തിയ ടെലിഫോൺ സംഭാഷണം ഇതിലേക്കുള്ള ഒരു വഴിത്താരയായാണ്‌ വ്യക്തമാക്കുന്നത്‌.

ചൈനീസ്‌ വൈറസ്‌ സൃഷ്ടിച്ച മഹാമാരിയാണ്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്‌ക്ക്‌ കാരണമായതെന്ന ട്രംപിന്റെ ജൽപ്പനം ഏറ്റുപിടിച്ച്‌ ആർഎസ്‌എസ്‌ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച്‌ ചൈനീസ്‌ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള പ്രചാരണം നടത്തുകയാണ്‌.

മഹാമാരിയുടെ ഇപ്പോഴത്തെ പ്രഭവകേന്ദ്രമായി അമേരിക്ക മാറിയിട്ടും അവരുടെ ഉൽപ്പന്നങ്ങൾക്ക്‌ സ്വദേശി ജാഗരൺ മഞ്ജ് ഈ നയം ബാധകമാക്കുന്നില്ല. ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിന്റെ പ്രതിരൂപമായ സ്വദേശി ജാഗരൺ മഞ്ച്‌ പൂർണമായും അമേരിക്കൻ ആശ്രയസംഘടനയായി മാറി.

20 ലക്ഷം കോടി രൂപയുടെ കോവിഡ്‌ പാക്കേജ്‌ വെറും പൊള്ളയാണ്‌. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണ്‌ ഇതിനായി അനുവദിച്ചിരിക്കുന്നത്‌. ധനവിനിയോഗം വർധിപ്പിച്ച്‌ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ പരിഹാരം കാണണമെന്ന ആവശ്യം മോഡി സർക്കാർ നിരസിക്കുകയാണ്‌. വിദേശധന മൂലധനശക്തികൾ ഇത്‌ അംഗീകരിക്കില്ലെന്ന ഭയമാണ്‌ ഇതിനുപിന്നിൽ.

വിശന്നുവലഞ്ഞ്‌ തെരുവുകളിൽ മരിച്ചുവീഴുന്ന ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾക്ക്‌ മുൻഗണന നൽകുന്നതിനുപകരം മോഡി സർക്കാർ ആഗോള ധനമൂലധനശക്തികളുടെ ആജ്ഞകൾ അംഗീകരിച്ച്‌ നടപ്പാക്കാനാണ്‌‌ ശ്രമിക്കുന്നത്‌. മോഡിയും ആർഎസ്എ‌സും ഉയർത്തുന്ന സ്വാശ്രയത്വ, സ്വദേശി മുദ്രാവാക്യങ്ങൾ വെറും തട്ടിപ്പ്‌ മാത്രമാണെന്ന്‌ വ്യക്തമാകുകയാണ്‌‌ ഇതിലൂടെ.

പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ മേഖലകളിൽ ശക്തമായ പൊതുമേഖലാ സ്ഥാപനങ്ങൾ പടുത്തുയർത്താതെയും മികച്ച പൊതുആരോഗ്യ സംവിധാനവും ശക്തമായ പൊതുവിദ്യാഭ്യാസ ശൃംഖലയും ഇല്ലാതെ സ്വാശ്രയത്വം സാധ്യമല്ല. സ്വാശ്രയത്വം കൈവരിക്കാൻ സ്വദേശീയമായ ഗവേഷണവും വികസനവും ശാസ്‌ത്ര, സാങ്കേതിക മേഖലകളിലെ മുന്നേറ്റവും അനിവാര്യമാണ്‌. ബിജെപി, ആർഎസ്‌എസ്‌ ചിന്തയിൽ ഇതൊന്നും കടന്നുവരുന്നില്ല എന്നതാണ്‌ യാഥാർഥ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News