കോൺഗ്രസ് വിട്ട 7 എംഎൽഎമാർ നിയമസഭയിൽ പ്രവേശിക്കരുതെന്ന് ഹൈക്കോടതി; മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി.കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന 7 എംഎൽഎമാർ നിയമസഭയിൽ പ്രവേശിക്കരുതെന്ന് ഹൈക്കോടതി. 7 എം എൽ എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ അപേക്ഷയിൽ സ്പീക്കർ തീരുമാനം എടുക്കും വരെയാണ് നിയമസഭയിൽ കയറുന്നത് വിലക്കിയത്.

ഹൈക്കോടതി ഉത്തരവോടെ ഇവർക്ക് ജൂൺ 19ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാൻ സാധിക്കില്ല. 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷി ആയിരുന്ന കോൺഗ്രസിന്റെ സർക്കാർ രൂപീകരണ സാധ്യത ഇല്ലാതാക്കിയത് എട്ട് എം എൽഎമാർ ബിജെപിയിൽ ചേർന്നതോടെയാണ്. ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് 2018ലാണ് കോൺഗ്രസ് സ്പീക്കർക്ക് കത്ത് നൽകിയത്.

അയോഗ്യത വിഷയത്തിൽ സ്പീക്കർ തീരുമാനം എടുക്കാൻ കാലതാമസം വരുത്തിയെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് നിരീക്ഷിച്ചു. കൂറുമാറി ബിജെപി മന്ത്രിസഭയിൽ അംഗമായ തനോജം ശ്യാം കുമാറിനെ അടുത്തിടെയാണ് സ്പീക്കർ അയോഗ്യനാക്കിയത്. ഹൈക്കോടതി ഉത്തരവോടെ മണിപ്പൂരിലെ ഏക രാജ്യസഭാ സീറ്റിലേക്കുള്ള മത്സരം ശ്രദ്ധ നേടി.

സീറ്റ് വിജയിക്കുമെന്നാണ് കോൺഗ്രസ് അവകാശ വാദം. എന്നാൽ ഒറ്റയ്ക്ക് സീറ്റ് വിജയിക്കാനുള്ള സംഖ്യ ഇല്ലെങ്കിലും ചെറു പാർട്ടികൾ സഹായിക്കുമെന്നാണ് ബിജെപി പ്രതീക്ഷ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here