കെജ്‌രിവാളിന്‍റെ കൊവിഡ് പരിശോധന ഇന്ന്; ഇതര സംസ്ഥാനക്കാർക്ക്‌ ചികിത്സ നിഷേധം; പ്രതിഷേധം ശക്തം

കൊവിഡ് ലക്ഷണങ്ങളുള്ളതിനെ തുടർന്ന് ക്വാറന്റീനിൽ പ്രവേശിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ കൊവിഡ് പരിശോധന ഇന്ന്. ഞായറാ‍ഴ്ച്ച ഉച്ചമുതൽ നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടിതിനെ തുടര്‍ന്നാണ് കെജ്‌രിവാള്‍ സ്വയം നിരീക്ഷണത്തില്‍ പോയത്.

അതേസമയം കൊവിഡ്‌ പ്രതിസന്ധി അവസാനിക്കും വരെ രാജ്യതലസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സ ഡൽഹി നിവാസികൾക്കു മാത്രമാണെന്ന ദില്ലി സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം.

ദില്ലിക്കാർക്ക് മാത്രം ചികിത്സ നൽകിയാൽ മതിയെന്ന കെജ്രിവാൾ സർക്കാരിന്റെ നിലപാടിനെതിരെ ലഫ്റ്റനന്റ് ഗവർണർ രംഗത്തെത്തി. ദില്ലിയിലെ ആശുപത്രികളിൽ ദില്ലിയിൽ കഴിയുന്ന എല്ലാവർക്കും ചികിത്സ നൽകണമെന്ന് ലഫ്റ്റനന്റ് ഗവർണർ പറഞ്ഞു. ചികിത്സ നൽകാതിരിക്കാൻ സാധിക്കില്ലെന്നുമാണ് അനിൽ ബൈജാലിന്‍റെ നിലപാട്.

എന്നാല്‍ അതിർത്തികൾ തുറക്കുന്നതോടെ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ രോഗികൾ ദില്ലിയിലേക്ക്‌ പ്രവഹിക്കുന്നത്‌ തടയാനാണ്‌ തീരുമാനമെന്നാണ്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ ന്യായീകരണം.

അതേസമയം ദില്ലിക്കാര്‍ എന്നത്‌ ആരൊക്കെയാണെന്ന്‌ കെജ്‌രിവാൾ വ്യക്തമാക്കണമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ പി ചിദംബരം ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത്‌ എത്തുന്ന ഇതര സംസ്ഥാനക്കാർക്ക്‌ ദില്ലിക്കാരല്ല എന്നതിന്റെ പേരിൽ ചികിത്സ നിഷേധിക്കുന്നത്‌ ദൗർഭാഗ്യകരമാണെന്ന്‌ ബിഎസ്‌പി അധ്യക്ഷ മായാവതി പറഞ്ഞു.

കെജ്‌രിവാളിനെപ്പോലെ നിർദയമായി പെരുമാറാൻ തങ്ങൾക്കാവില്ലെന്ന പ്രതികരണവുമായി അതിർത്തി സംസ്ഥാനമായ ഹരിയാനയിലെ ആരോഗ്യമന്ത്രി അനിൽ വിജ്‌ രംഗത്തുവന്നു.

ദില്ലിയിലുള്ള ഇതര സംസ്ഥാനക്കാർക്ക് തിരിച്ചടിയാകുന്ന മാനദണ്ഡങ്ങളാണ്‌ ചികിത്സ പരിമിതപ്പെടുത്തിയ സർക്കാർ ഉത്തരവിലുള്ളത്‌. വാടക വീടിന്റെ കരാർ, ഡൽഹി നിവാസിയാണെന്നതിന്റെ തെളിവല്ല. ഈ മാനദണ്ഡം ഡൽഹിയിൽ ജോലിചെയ്യുന്നവരും വിദ്യാർഥികളും അടക്കം വലിയ വിഭാഗം ഇതരസംസ്ഥാനക്കാർക്ക്‌ തിരിച്ചടിയാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like