അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം സ്വന്തം നാടുകളിലെത്തിക്കണം: സുപ്രീംകോടതി

അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം സ്വന്തം നാടുകളിലെത്തിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്‌.
മടങ്ങിവരുന്ന തൊഴിലാളികൾക്ക് ജോലി ഉൾപ്പടെ ക്ഷേമ പദ്ധതികൾ തയ്യാറാക്കി പരസ്യപ്പെടുത്തണം.

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച തൊഴിലാളികൾക്ക് എതിരായ കേസുകൾ റദ്ദാക്കുന്നത് സംസ്ഥാനങ്ങൾ പരിഗണിക്കണം.

സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം റെയിൽവേ ശ്രമിക് ട്രെയിൻ അനുവദിക്കണമെന്നും സുപ്രീംകോടതി ഉത്തരവ്.

രണ്ട് മാസത്തിലേറെയായി തുടരുന്ന അതിഥി തൊഴിലാളി പലായനം അനിശ്ചിതമായി നീളാൻ അനുവദിക്കില്ലെന്ന നിലപാടുമായാണ് തൊഴിലാളികളുടെ മടക്കം പൂർത്തിയാക്കാൻ സുപ്രീംകോടതി സമയ പരിധി നിശ്ചയിച്ചത്.

15 ദിവസത്തിനകം അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിൽ എത്തിക്കാനാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി ഉത്തരവിട്ടത്. തൊഴിലാളികളെ തിരികെ നാടുകളിൽ എത്തിക്കാൻ സംസ്ഥാനങ്ങൾ ശ്രമിക് ട്രെയിനുകൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം റെയിൽവേ ട്രെയിനുകൾ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.

സ്വന്തം നാടുകളിലേക്ക് മടങ്ങി എത്തുന്ന തൊഴിലാളികൾക്ക് വേണ്ടി ക്ഷേമ പദ്ധതികൾ അനിവാര്യമാണെന്നും കോടതി നിലപാട് എടുത്തു. തൊഴിൽ നൈപുണ്യം പ്രാദേശിക തലത്തിൽ തന്നെ മനസിലാക്കി തൊഴിലാളികൾക്ക് ജോലി ഉറപ്പാക്കണം.

ഇവർക്കായി നടപ്പാക്കുന്ന ക്ഷേമ പദ്ധതികൾ എന്തൊക്കെയെന്ന് സർക്കാരുകൾ പരസ്യപ്പെടുത്തണം. കോടതിയെയും അറിയിക്കണം. തൊഴിലാളികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി വീണ്ടും പോകാൻ തീരുമാനിച്ചാൽ അവരെ
ജോലിക്ക് ചേരും മുൻപ് കൗണ്സിലിംഗ് സെന്ററുകളിൽ എത്തിച്ച് കൗണ്സിലിംഗിന് വിധേയമാക്കാനും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉത്തരവിട്ടു.

സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ ശ്രമിക്കവെ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ തൊഴിലാളികൾക്ക് എതിരെ പലയിടങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകൾ റദ്ദാക്കുന്ന കാര്യം സംസ്ഥാനങ്ങൾ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

മെയ് 26ന് സ്വമേധായ എടുത്ത കേസിലാണ് ഉത്തരവ്. നേരത്തെ തൊഴിലാളികളുടെ യാത്ര ചെലവ് സംബന്ധിച്ച് കോടതി ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലാളികളുടെ മടക്കം പൂർത്തിയാക്കാൻ സമയ പരിധി നിശ്ചയിച്ചുള്ള കോടതി ഉത്തരവ്. ഉത്തരവ് നടപ്പാക്കിയതിന്റെ പുരോഗതി, വിഷയത്തിലെ തുടർ നടപടികൾ എന്നിവ പരിശോധിക്കാൻ ജൂലൈ എട്ടിന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here