അഞ്ജുവിന്റെ മരണം: പ്രിന്‍സിപാളിനെതിരെ കേസെടുക്കണം; കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

കോട്ടയത്തെ വിദ്യാര്‍ഥിനി അഞ്ജുവിന്റെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ കുടുംബം ഉറച്ചു നില്‍ക്കുന്നു.

സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്നും വിദ്യാര്‍ഥിനിയുടെ പിതാവ് ഷാജി ആവശ്യപ്പെട്ടു. അതേസമയം പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ എംജി സര്‍വകലാശാല അന്വേഷണത്തിന് 2 അംഗ സമിതിയെ നിയോഗിച്ചു.

മകള്‍ ആത്മഹത്യ ചെയ്തത് മാനസിക പീഡനം സഹിക്കാതെയാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് അഞ്ജുവിന്റെ കുടുംബം. കോപ്പിയടിച്ചെന്നത് ആരോപണം മാത്രമാണ്. പരീക്ഷാഹാളിലേക്ക് കയറും മുമ്പ് ഹാള്‍ ടിക്കറ്റ് പരിശോധിച്ചിട്ടില്ല. പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഉത്തര സൂചിക കണ്ടതെന്നും കുടുംബം പറയുന്നു.

തങ്ങള്‍ ചോദിച്ചപ്പോള്‍ ഹാള്‍ടിക്കറ്റ് പൊലീസിന് കൈമാറിയെന്നായിരുന്നു കോളേജില്‍ നിന്നും ലഭിച്ച മറുപടി. കോളജ് അധികൃതര്‍ കാണിച്ച ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ലെന്നും കുട്ടിയുടെ അച്ഛന്‍ ഷാജി പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും കോളജ് അധികൃതര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം തന്നെയാണ് ഇന്നലെ മുതല്‍ കുടുംബം മുന്നോട്ടുവയ്ക്കുന്നത്. അതേസമയം വിദ്യാര്‍ഥിനിയുടെ മരണത്തില്‍ എം ജി സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു. ഡോ. എം.എസ്. മുരളി, ഡോ. അജി സി. പണിക്കര്‍, പ്രൊഫ. വി.എസ്. പ്രവീണ്‍ കുമാര്‍ എന്നിവര്‍ അംഗങ്ങളായ സിന്‍ഡിക്കേറ്റ് സമിതിയാണ് സംഭവം അന്വേഷിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here