അര്‍ബുദത്തിനെതിരെ പോരാടാന്‍ കൂട്ടായ അക്ഷരങ്ങള്‍ ഇനി നാടിന്റെ കരുതല്‍; ടിഎന്‍ ഗോപിയുടെ 1000 പുസ്തകങ്ങള്‍ ഡിവൈഎഫ്ഐക്ക് കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണാര്‍ത്ഥം ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീസൈക്കിള്‍ കേരളയുടെ ഭാഗമായി എഴുത്തുകാരന്‍ ടിഎന്‍ ഗോപിയുടെ കുടുംബവും.

ടിഎന്‍ ഗോപി എഴുതിയ ഹിഗ്വിറ്റയുടെ രണ്ടാംവരവ് എന്ന പുസ്തകത്തിന്റെ 1000 കോപ്പികള്‍ ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിക്കുവേണ്ടി ടിഎന്‍ ഗോപിയുടെ മക്കളായ സിദ്ധാര്‍ഥ് കൃഷ്ണ, ഋതുവര്‍ണ എന്നിവരില്‍ നിന്നും ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വികെ സനോജ് ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് അഫ്സല്‍, ബ്ലോക്ക് സെക്രട്ടറി സിഎന്‍ ജിതുല്‍, ബ്ലോക്ക് പ്രസിഡണ്ട് എന്‍പി ജസില്‍, ലിജിന്‍ തിലക് എന്നിവര്‍ ഒപ്പമുണ്ടായി.

ഹിഗ്വിറ്റയുടെ രണ്ടാം വരവിന്റെ ഏഴാം പതിപ്പ് ഇറങ്ങുമ്പോഴാണ് ടിഎന്‍ ഗോപി അക്ഷരങ്ങളുടെ ലോകത്തുനിന്നും വിടപറയുന്നത്. പൊതുയോഗങ്ങളിലും പൊതു ചടങ്ങുകളിലുമെല്ലാം പുസ്തകം വിറ്റ് ലഭിക്കുന്ന തുക ഉപയോഗിച്ചാണ് ടിഎന്‍ ഗോപി അര്‍ബുദത്തനിനെതിരായ പോരാട്ടവഴിയില്‍ തന്റെ ജീവിതത്തെ കൈപിടിച്ച് നടത്തിയത്.

പ്രിയപ്പെട്ട എഴുത്തുകാരന്റെ അതിജീവനത്തിന്റെ ആശയം തുളുമ്പുന്ന അക്ഷരങ്ങള്‍ ഇനി കൊവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ ഈ നാടിന് അതിജീവനത്തിന്റെ ദിശാബോധം നല്‍കുന്ന ഡിവൈഎഫ്ഐ റീസൈക്കിള്‍ കേരള വഴി വായനക്കാരിലേക്കെത്തും. പുസ്തകം വിറ്റ് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.

സംസ്ഥാന വ്യാപകമായി വിവിധ പരുപാടികളിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കണ്ടെത്തുന്നതിനായി ഡിവൈഎഫ്ഐ ഏറ്റെടുത്ത ക്യാമ്പെയ്നാണ് റീസൈക്കിള്‍ കേരള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News