
വംശീയതയുടെയും വർണവെറിയുടെയും അപമാനത്തിലാണ്ട അമേരിക്കയെ സ്വന്തം മരണത്തിലൂടെ പിടിച്ചുലച്ച ജോർജ് ഫ്‌ളോയിഡിന് അമ്മ ലാർസീനിയ ഫ്‌ളോയിഡിന്റെ കല്ലറയ്‌ക്കരികിൽ അന്ത്യനിദ്ര.
താൻ കളിച്ചുവളർന്ന, ഫുട്‌ബോൾ താരമായി പേരെടുത്ത ഹൂസ്‌റ്റൺ നഗരത്തിൽ, ഫൗണ്ടൻ ഓഫ് പ്രെയ്‌സ് ചർച്ചിലെ സംസ്‌കാര ശുശ്രൂഷയ്‌ക്കുശേഷം പേളാൻഡിലെ ഹൂസ്‌റ്റൺ മെമ്മോറിയൽ ഗാർഡൻ സെമിത്തേരിയിലാണ് ഫ്‌ളോയിഡിന്റെ മൃതദേഹം അടക്കം ചെയ്‌തത്.
മെയ് 25ന് മിനിയാപൊളിസിലാണ് വെള്ളക്കാരനായ പൊലീസുകാരൻ ഡെറിക് ഷോവിൻ ഫ്‌ളോയിഡിനെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ചു കൊന്നത്.
‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന ഫ്‌ളോയിഡിന്റെ അന്ത്യവാക്കുകൾ തുടർന്നിങ്ങോട്ട് രണ്ടാഴ്‌ചയ്‌ക്കിടെ ലോകം ഏറ്റെടുത്തു.
അകാലത്തിൽ അമേരിക്കൻ പൊലീസിന്റെ വംശീയതയ്‌ക്കിരയായി മരിച്ച ആ നാൽപ്പത്താറുകാരനെ അടക്കം ചെയ്‌ത ദിനത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വംശീയതയ്‌ക്കെതിരെ പ്രതിഷേധമുയർന്നു.
ശ്രീലങ്കയിൽ വിലക്ക് ലംഘിച്ച് യുഎസ് എംബസിക്ക് മുന്നിൽ പ്രതിഷേധിക്കാൻ എത്തിയ ഇരുപതിൽപ്പരം ഇടതുപക്ഷ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു.
ചൊവ്വാഴ്‌ച രാവിലെ പത്തോടെ ഹൂസ്‌റ്റണിലെ പള്ളിയിലേക്ക് ആളുകൾ എത്തിത്തുടങ്ങി. നിയന്ത്രണങ്ങൾ കാരണം 500 പേരെയാണ് പള്ളിയിൽ അനുവദിച്ചത്. ഉച്ചയ്‌ക്കായിരുന്നു സംസ്‌കാരശുശ്രൂഷ.
കുതിരവണ്ടിയിലാണ് ഫ്‌ളോയിഡിന്റെ മൃതദേഹമുള്ള സുവർണപേടകം സെമിത്തേരിയിലേക്ക് എത്തിച്ചത്. ബോക്‌സിങ് താരം ഫ്‌ളോയിഡ് മേവെതറാണ് പേടകം നൽകിയത്.
തിങ്കളാഴ്‌ച പള്ളിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരക്കണക്കിനാളുകൾ സാമൂഹ്യ അകലം പാലിച്ച് നിശ്ചിത സമയത്ത് ഫ്‌ളോയിഡിന് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. കറുത്തവംശക്കാർക്ക് പുറമെ നിരവധി ലാറ്റിനോകളും കുടുംബസമേതം ദൂരസ്ഥലങ്ങളിൽ നിന്നടക്കം എത്തി.
ഫ്‌ളോയിഡ് കൊല്ലപ്പെട്ട മിനിയാപൊളിസിൽ വ്യാഴാഴ്‌ചയും ജന്മനാടായ നോർത്ത് കാരലൈനയിലെ റേഫോഡിൽ ശനിയാഴ്‌ചയും പൊതുദർശനമുണ്ടായിരുന്നു. ഫ്‌ളോയിഡിന്റെ മുഖമോ അന്ത്യവാക്കുകളോ ആലേഖനം ചെയ്‌ത ടീഷർട്ടുകളാണ് പലരും ധരിച്ചിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here