ജയമോഹനെ കൊന്നശേഷവും അശ്വിന്‍ മദ്യപാനം തുടര്‍ന്നു; പൊലീസ് എത്തുമ്പോഴും അശ്വിന്‍ അബോധാവസ്ഥയില്‍; മൃതദേഹത്തിന് രണ്ടുദിവസം പഴക്കം

തിരുവനന്തപുരം: മുന്‍ രഞ്ജി ട്രോഫി താരം ജയമോഹന്‍ തമ്പി(64)യുടെ മരണത്തിന് കാരണം തലയ്ക്ക് പിന്നിലേറ്റ അടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ശനിയാഴ്ച പകല്‍ 2.30നാണ് ജയമോഹന്‍ തമ്പിയും അശ്വിനും ഇയാളുടെ കൂട്ടുകാരനും ചേര്‍ന്ന് മദ്യപാനം തുടങ്ങിയത്. ഇതിനിടയില്‍ എടിഎം കാര്‍ഡിനെ ചൊല്ലി ബഹളമുണ്ടാവുകയും അശ്വിന്‍ അച്ഛനെ തള്ളിയിടുകയുമായിരുന്നു. മുറിവ് ആഴത്തിലുള്ളതല്ലെന്നും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാത്തതിനാല്‍ ചോരവാര്‍ന്നാണ് മരണം നടന്നതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയമോഹന്റെ മുറിയില്‍വച്ചായിരുന്നു മദ്യപാനം. പരുക്കേറ്റ് കിടന്ന അച്ഛനെ ഈ മുറിയില്‍നിന്ന് ഹാളിലാക്കിയത് അശ്വിനായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്വന്തം മുറിയില്‍ പോയി മദ്യപാനം തുടര്‍ന്നു.

മരണ വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ അശ്വിന്‍ മദ്യലഹരിയില്‍ അബോധാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രാഥമിക ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും വൈകീട്ടോടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇയാളെ വിട്ടയക്കുകയായിരുന്നു.

കുവൈറ്റില്‍ ഷെഫായിരുന്നു അശ്വിന്‍. ജോലി മതിയാക്കി നാട്ടില്‍ എത്തിയ ശേഷം അച്ഛനൊപ്പമായിരുന്നു താമസം.

ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും ബഹളവും പതിവായിരുന്നു. അശ്വിന്റെ ഭാര്യ അഞ്ചുമാസത്തിന് മുമ്പ് സ്വന്തം നാട്ടിലേക്ക് പോയി. ഇതോടെ അശ്വിനും അച്ഛനും മാത്രമായി. അശ്വിന്റെ മുറിയില്‍നിന്ന് നിരവധി മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെടുത്തു.

തിരുവനന്തപുരം മണക്കാട് മുക്കോലക്കല്‍ ദേവി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ തമ്പിയുടെ വീടിനു മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു.

ആലപ്പുഴ സ്വദേശിയാണ് ജയമോഹന്‍. രഞ്ജി ട്രോഫിയില്‍ ആറ് മത്സരങ്ങളാണ് ജയമോഹന്‍ കേരളത്തിനായി കളിച്ചത്.

1982-84ല്‍ കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ്. എസ്ബിടി ടീമിന്റെ ക്യാപ്റ്റനായിരുന്നു. എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജറായി വിരമിച്ചതാണ്. ആഷിഖ് രണ്ടാമത്തെ മകനാണ്. മേഘ, ജൂഹി എന്നിവര്‍ മരുമക്കളുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here