വിമാനവാഹിനിക്കപ്പലിലെ മോഷണം; രണ്ട് പേര്‍ എന്‍ഐഎ പിടിയില്‍

കൊച്ചി കപ്പല്‍ശാലയിലെ വിമാനവാഹിനിക്കപ്പലില്‍ മോഷണം നടന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി.രാജസ്ഥാന്‍ ബീഹാര്‍ സ്വദേശികളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

നാവികസേനക്ക് വേണ്ടി കൊച്ചി കപ്പല്‍ ശാല നിര്‍മ്മിക്കുന്ന കപ്പലില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14നാണ് 5 ഹാര്‍ഡ് ഡിസ്‌ക്കുകളും പ്രോസസ്സറും റാമും ഉള്‍പ്പടെ മോഷണം പോയത്.

ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉത്തരേന്ത്യക്കാരായ പ്രതികളെ ബീഹാറില്‍ വെച്ച് എന്‍ ഐ എ പിടികൂടിയത്.

ഒരു വര്‍ഷം മുന്‍പ് കപ്പലില്‍ പെയിന്റടിക്കാന്‍ വന്ന കരാര്‍ തൊഴിലാളികളാണ് ഇരുവരും.പെയിന്റടിക്കാന്‍ കരാറെടുത്ത കമ്പനി ഇവരെ ജോലിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഇതെത്തുടര്‍ന്ന് ഇവര്‍ കപ്പലിലെ ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പടെ കൈക്കലാക്കി മുങ്ങുകയായിരുന്നുവെന്നാണ് എന്‍ ഐ എ യ്ക്ക് ലഭിച്ച മൊഴി. രണ്ട്‌പേരെയും ഉത്തരേന്ത്യയിലെ തെളിവെടുപ്പിന് ശേഷം കൊച്ചിയിലെത്തിക്കും. മോഷ്ടിച്ച ഹാര്‍ഡ് ഡിസ്‌ക്കുകളില്‍ രണ്ടെണ്ണം കണ്ടെടുത്തിട്ടുണ്ട്.

നാവിക സേനക്ക് കൈമാറുന്ന കപ്പലില്‍ നിന്ന് വിവര ശേഖരണത്തിനുപയോഗിക്കുന്ന ഹാര്‍ഡ് ഡിസ്‌ക്ക് കളവ് പോയത് വലിയ ആശങ്കക്കിടയാക്കിയിരുന്നു.

തന്ത്രപ്രധാന വിവരങ്ങള്‍ ചോരുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നാണ് കപ്പല്‍ ശാല നേരത്തെ വിശദീകരിച്ചിരുന്നത്.കപ്പലിന്റെ രൂപരേഖയും യന്ത്ര വിന്യാസങ്ങളും അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കാണ് നഷ്ടപ്പെട്ടത്.

സാധാരണ മോഷണമെന്നതിലുപരി മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടൊ എന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടൊ എന്നതടക്കമുള്ള കാര്യങ്ങള്‍ എന്‍ ഐ എ അന്വേഷിച്ച് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News