പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റുന്നു

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റുന്നു. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് – 19 ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സയില്‍ കഴിയുന്നത് പാലക്കാടാണ്. ഒരു മാസത്തിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതിലും മുന്നില്‍. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ സൗകര്യങ്ങളൊരുക്കാനായി പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ പ്രത്യേക കൊവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റാന്‍ തീരുമാനിച്ചത്.

ഈയാഴ്ച തന്നെ ഐസിഎംആറിന് അപേക്ഷ നല്‍കുന്നതുള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കും. അനുമതി ലഭിച്ചാല്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ ചികിത്സയൊരുക്കും.

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാശുപത്രിയില്‍ തന്നെ പ്രത്യേക ബ്ലോക്ക് സജ്ജമാക്കും. മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടി വരുന്നവര്‍ക്കുള്ള ഒ പി യുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ജില്ലാ ആശുപത്രിയില്‍ തന്നെയായിരിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സ മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്ക് ആശുപത്രികളിലും മാങ്ങോട് മെഡിക്കല്‍ കോളേജിലും തുടരും. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 14 പേരില്‍ 4 പേര്‍ വിദേശത്ത് നിന്നും 6 ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 4 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുമാണ്. ഇതില്‍ 3 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

ചെര്‍പ്പുളശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിലെ രണ്ട് വനിതാ ജീവനക്കാര്‍ക്കും വാളയാര്‍ അതിര്‍ത്തിയില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കുമാണ് രോഗം പകര്‍ന്നത്. ഒറ്റപ്പാലം സ്വദേശിയായ 60 കാരിയാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന നാലാമത്തേയാള്‍.

കോയമ്പത്തൂരില്‍ നിന്ന് ചരക്ക് വണ്ടിയില്‍ കയറി വന്ന മകളുടെ ഭര്‍ത്താവില്‍ നിന്ന് രോഗം പകര്‍ന്നുവെന്ന് സംശയിക്കുന്നതിനാല്‍ കുടുംബാംഗങ്ങളുടെ ശ്രവം പരിശോധനക്കയച്ചിട്ടുണ്ട്. നിലവില്‍ 172 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here