പത്തനംതിട്ടയില്‍ കടുവ ചത്തത് ന്യൂമോണിയ ബാധയേറ്റ്; കണ്ടെത്തല്‍ പോസ്റ്റുമോര്‍ട്ടത്തില്‍

പത്തനംതിട്ട മണിയാറില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തത് ന്യൂമോണിയ ബാധയേറ്റെന്ന് വനംവകുപ്പ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വനംവകുപ്പ് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഈ കണ്ടെത്തല്‍.

ശ്വാസകോശത്തില്‍ നിന്നു മുള്ളന്‍പന്നിയുടെ മുള്ളുകള്‍ കണ്ടെത്തി. മുള്ളുകള്‍ ശ്വാസകോശത്തില്‍ തറഞ്ഞിരുന്നു വ്രണമായി മാറി. ഇരകളെ ഭക്ഷിക്കാന്‍ കടുവയ്ക്ക് സാധിക്കാതിരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. അവസാന നാളുകളില്‍ ആണ് മുള്ളന്‍ പന്നിയുടെ ആക്രണമേല്‍ക്കാനിടയായ സാഹചര്യമെന്നുമാണ് വനംവകുപ്പിന്റെ നിഗമനം.

വനം വകുപ്പിലെ രണ്ട് ഡോക്ടര്‍മാരും, മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള ഒരു ഡോക്ടറുമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് നേത്യത്വം നല്‍കിയത്.

നടപടി ക്രമങ്ങളുടെ ദൃശ്യങ്ങള്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തി. ജഡ പരിശോധനയില്‍, പിന്‍ ഭാഗത്തു നട്ടെല്ലിനോട് ചേര്‍ന്ന് പുഴു അരിച്ച നിലയില്‍ മുറിവും കണ്ടെത്തി.

ഇരുപതോളം ശരീരഭാഗങ്ങള്‍ ശാസ്ത്രിയ പരിശോധനകള്‍ക്ക് ശേഖരിക്കും. ദേശീയ കടുവ സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ലാബിലേക്ക് പരിശോധനയ്ക്കായി അയക്കും. പ്രാഥമിക റിപ്പോര്‍ട്ടും വനം വകുപ്പ് ഉദ്യോസ്ഥര്‍ രണ്ടു ദിവസത്തിനുള്ളില്‍ കൈമാറും

അതേസമയം, കഴിഞ്ഞ കുറേ ദിവസങ്ങളായി കടുവയുടെ സഞ്ചാരപഥം വനം വകുപ്പിന് ലഭ്യമായിരുന്നില്ല. ഇതു സംബന്ധിച്ചുള്ള അന്വേഷണവും കടുവയെ അവസാനമായി കണ്ട മേഖയില്‍ വനംവകുപ്പ് ഉടന്‍ നടത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here