പത്തനാപുരത്ത് കാട്ടാന ചരിഞ്ഞത് മൃഗവേട്ടക്കാര്‍ സ്ഥാപിച്ച പന്നിപ്പടക്കം കടിച്ച്; മൂന്നു പേര്‍ അറസ്റ്റില്‍

കൊല്ലം പത്തനാപുരം കറവൂരില്‍ കാട്ടാന ചരിഞ്ഞത് മൃഗവേട്ടക്കാര്‍ കാട്ടില്‍ സ്ഥാപിച്ച പന്നിപ്പടക്കം കടിച്ചത് മൂലമാണെന്ന് വനം വകുപ്പ്. സംഭവത്തില്‍ പാടം സ്വദേശികളായ മൂന്നു പേര്‍ അറസ്റ്റിലായി ഒളിവില്‍ പോയ രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

ലോക് ഡൗണ്‍ കാലയളവില്‍ മൃഗവേട്ട നടത്തി ഇറച്ചി വിറ്റിരുന്നവരാണ് പിടിയിലായതെന്ന് പുനലൂര്‍ ഡി.എഫ്.ഒ പറഞ്ഞു. പ്രതികളില്‍ നിന്ന് നാടന്‍ തോക്കും, ആയുധങ്ങളും പിടികൂടി.

കഴിഞ്ഞ ഏപ്രില്‍ 11നാണ് അമ്പനാര്‍ വനത്തില്‍ പത്ത് വയസ് പ്രായമുള്ള പിടിയാനയെ അവശ നിലയില്‍ കണ്ടെത്തിയത്. ആനയുടെ നാവ് രണ്ടായി പിളര്‍ന്ന നിലയിലുമായിരുന്നു. ദിവസങ്ങള്‍ക്കകം ചെരിഞ്ഞ ആനക്ക് സ്‌ഫോടനം മൂലമാണ് പരിക്കേറ്റതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അന്നെ സംശയമുണ്ടായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടെ രണ്ടാഴ്ച്ച മുമ്പ് മൃഗവേട്ടകാരെ കുറിച്ച് വനം വകുപ്പിന് കൃത്യമായ സൂചന ലഭിച്ചു. ഒന്നാം പ്രതി അനിമോന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മ്ലാവ് ഇറച്ചിയും വന്യമൃഗങ്ങളുടെ അവശിഷ്ടങ്ങളും മല പാമ്പിന്റെ നെയ്യും മറ്റും ലഭിച്ചു. തുടര്‍ന്ന് കൂട്ടുപ്രതികളായ രഞ്ജിത്ത്, ശരത്ത് എന്നിവരേയും വനം വകുപ്പ് അറസ്റ്റ് ചെയ്തു.പുനലൂര്‍ ഡി.എഫ്.ഒ ഷാനവാസ്

മൃഗവേട്ട നടത്തി ഇറച്ചി വില്‍ക്കുന്നതായിരുന്നു പ്രതികളുടെ രീതി. ലോക് ഡൗണ്‍ കാലയളവിലാണ് ഇവര്‍ മ്ലാവും മാനും അടക്കമുള്ള മൃഗങ്ങളെ വേട്ടയാടി കൊന്നത്. ഈ സംഭവത്തില്‍ മറ്റൊരു കേസും റജിസ്ടര്‍ ചെയ്തു.

പ്രതികളായ മൃഗവേട്ടക്കാരില്‍ നിന്ന് ഇറച്ചി വാങ്ങിയവരെ കണ്ടെത്താന്‍ പോലീസിന്റെ സഹായത്തോടെ വനം വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചു. മലമ്പാമ്പിന്റെ നെയ് സൂക്ഷിച്ച മറ്റ് മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News