ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ് തന്ത്രിയില്‍ നിന്ന് കത്ത് ലഭിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി; നാളെ ചര്‍ച്ച

ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്ന വിഷയം തന്ത്രിമാരും ദേവസ്വം ബോര്‍ഡ് അംഗങ്ങളുമായി നാളെ ചര്‍ച്ച നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ് തന്ത്രിയില്‍ നിന്ന് കത്ത് ലഭിച്ചിട്ടില്ല. വിഷയത്തില്‍ തന്ത്രിമാരുമായി പലവട്ടം ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തതെന്ന് മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിനെതിരെ തന്ത്രി കത്ത് നല്‍കിയെന്ന് വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് നാളെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്ത്രിമാരുമായും ദേവസ്വം ബോര്‍ഡുമായും ചര്‍ച്ച നടത്തുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശവും രാഷ്ട്രിയപാര്‍ടികളുടെ അഭിപ്രായവും കൂടി മാനിച്ചാണ് വിഷയത്തില്‍ തീരുമാനം എടുത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വിഷയത്തില്‍ തന്ത്രിമാരുടെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും തീരുമാനം എടുക്കുക. ആള്‍കൂട്ടം ഒഴിവാക്കുകയാണ് സര്‍ക്കാര്‍ നയം. ഭക്തരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് കേന്ദ്ര തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, തന്ത്രിയില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് കത്ത് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News