അർധ അതിവേഗ റെയിൽപാത; വിശദ പദ്ധതി റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; ഇനി വേണ്ടത്‌ കേന്ദ്രാനുമതി

തലസ്ഥാന നഗരിയിൽനിന്ന്‌ കാസർകോട്ടേക്ക്‌ വെറും നാലുമണിക്കൂറിൽ എത്താവുന്ന അർധ അതിവേഗ റെയിൽപാത ഒരു പടികൂടി മുന്നിലേക്ക്. വിശദ പദ്ധതി റിപ്പോർട്ടിനും അലൈൻമെന്റിനും മന്ത്രിസഭ അംഗീകാരം നൽകി. 63,941 കോടി രൂപയാണ് ചെലവ്‌. പദ്ധതി തുടങ്ങി അഞ്ചുവർഷം കൊണ്ട്‌ പൂർത്തിയാക്കും.

ഭൂമി ഏറ്റെടുക്കലിന്‌ തുക കണ്ടെത്താൻ ധനകാര്യ സ്ഥാപനങ്ങൾ, ദേശസാൽക്കൃത ബാങ്കുകൾ എന്നിവരെ സമീപിക്കാൻ കേരള റെയിൽ ഡെവലപ്‌മെന്റ്‌ കോർപറേഷന്‌ (കെ- റെയിൽ) നിർദേശം നൽകി. ജെഐസിഎ, കെഎഫ്ഡബ്ല്യൂ, എഡിബി, എഐഐബി എന്നീ ധനകാര്യ സ്ഥാപനങ്ങളെയും ‌സമീപിക്കും.

രാജ്യാന്തര കൺസൾട്ടിങ്‌ ഗ്രൂപ്പായ സിസ്‌ട്രയാണ്‌ വിശദ പദ്ധതി തയ്യാറാക്കിയത്‌. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, നെടുമ്പാശേരി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവയാണ്‌ സ്റ്റേഷനുകൾ.

തിരുവനന്തപുരം മുതൽ കാസർകോടുവരെ 531 കിലോമീറ്ററാണ് പാത. മണിക്കൂറിൽ 180 മുതൽ 200 കിലോ മീറ്റർവരെ വേഗമുണ്ടാകും. തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂറിനുള്ളിൽ എറണാകുളത്തെത്താം. ഒമ്പതു ബോഗിയുണ്ടാകും. 645 പേർക്ക് യാത്ര ചെയ്യാം. ബിസിനസ്‌, സ്റ്റാന്റേർഡ് എന്നിങ്ങനെ രണ്ടുതരം നിരക്ക്‌ ഉണ്ടാകും.

ഇനി വേണ്ടത്‌ കേന്ദ്രാനുമതി

വിശദ പദ്ധതി റിപ്പോർട്ട്‌ റെയിൽവേ ബോർഡ്, നിതി ആയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവ അംഗീകരിക്കണം. ജനസാന്ദ്രത കുറഞ്ഞ മേഖലകളിൽക്കൂടി 15 മുതൽ 25 മീറ്റർമാത്രം വീതിയിൽ സ്ഥലം ഏറ്റെടുത്തു പദ്ധതി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിന് മികച്ച പ്രതിഫലം നൽകും.

തിരുവനന്തപുരം മുതൽ തിരൂർവരെ ഇപ്പോഴത്തെ റെയിൽപാതയിൽനിന്ന് മാറിയും തിരൂരിൽനിന്ന് കാസർകോടുവരെ ഇപ്പോഴത്തെ റെയിൽപാതയ്ക്ക് സമാന്തരവുമായാണ്‌ പുതിയ പാത. സാധ്യതാ പഠനറിപ്പോർട്ടിൽ വടകര, മാഹി എന്നിവിടങ്ങളിൽ നിലവിലെ റെയിൽവേ പാതയിൽനിന്ന്‌‌ മാറിയായിരുന്നു അലൈൻമെന്റ്. ഇപ്പോഴിത്‌ നിലവിലെ പാതയ്‌ക്ക്‌ അരികിലൂടെ തന്നെയാക്കി.

കൊവിഡ് കാലത്തെ മാന്ദ്യത്തിനുശേഷം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലായിരിക്കും അർധ അതിവേഗ റെയിൽപാത വരിക.

നിർമാണസമയത്തും അതിനുശേഷവും നിരവധി തൊഴിലവസരങ്ങളായിരിക്കും പദ്ധതിയിലൂടെ ലഭിക്കുന്നതെന്ന്‌ കെ- റെയിൽ മാനേജിങ്‌ ഡയറക്ടർ വി അജിത് കുമാർ ദേശാഭിമാനിയോട്‌ പറഞ്ഞു. കേരളത്തിലേക്ക്‌ മടങ്ങുന്ന പ്രവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകാനും പദ്ധതി പ്രാപ്തമാണ്.

രണ്ട്‌ തരം ടിക്കറ്റ്‌
ട്രെയിനിൽ രണ്ടുതരം ക്ലാസ്‌ യാത്രക്കാരുണ്ടാകും. ബിസിനസ് ക്ലാസിൽ ഓരോ വശത്തും രണ്ടു സീറ്റു വീതവും സ്റ്റാന്റേർഡ് ക്ലാസിൽ ഒരുവശത്ത് മൂന്നും മറുവശത്ത് രണ്ടും സീറ്റുകളായിരിക്കും.

തൃശൂരിൽ അർധ അതിവേഗ റെയിൽവേ സ്‌റ്റേഷൻ ഇന്റർചെയ്ഞ്ച് സൗകര്യത്തോടെ ഉയർന്നുനിൽക്കുന്ന തരത്തിലായിരിക്കും. ഇപ്പോഴത്തെ തൃശൂർ റെയിൽവേ സ്‌റ്റേഷന് ഇടതുഭാഗത്തായിട്ടാണിത്‌.

തൃശൂരിൽ മൂരിയാടിനു സമീപം ചരക്ക്‌ സ്‌റ്റേഷനും പദ്ധതിയിലുണ്ട്. പ്രത്യേക വാഗണിൽ ചരക്കു വാഹനങ്ങൾ കൊണ്ടുപോകാൻ വേണ്ടിയാവും ഇത്. തിരൂർ സ്‌റ്റേഷൻ തറനിരപ്പിലാണു നിർമിക്കുന്നത്. ഇപ്പോഴത്തെ സ്‌റ്റേഷന്റെ ഇടതുഭാഗത്ത് 3.82 കിലോമീറ്റർ അകലെ നിലവിലുള്ള റെയിൽപാതയ്ക്കു സമാന്തരമായിട്ടായിരിക്കും സ്‌റ്റേഷൻ. കോഴിക്കോട് ഭൂഗർഭ സ്‌റ്റേഷനാണ് ആലോചനയിലുള്ളത്.

നിലവിലുള്ള സ്‌റ്റേഷനു സമീപത്തായി ഭാവിയിൽ രണ്ടു സ്‌റ്റേഷൻ തമ്മിൽ എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്ന തരത്തിലായിരിക്കും നിർമാണം. കണ്ണൂരിൽ നിലവിലുള്ള സ്‌റ്റേഷന്റെ വലതുഭാഗത്തായിരിക്കും സ്‌റ്റേഷൻ.സോളാർ ഊർജം ഉപയോഗിച്ചാകും ട്രെയിൻ ഓടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News