കേരള ബാങ്ക് മാതൃകയിൽ ബാങ്ക് രൂപീകരണത്തിന് പഞ്ചാബ് സംസ്ഥാനത്തിന് റിസർവ് ബാങ്കിന്റെ അനുമതി. പഞ്ചാബ് സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ചാണ് പുതിയ ബാങ്ക് രൂപീകരിക്കുന്നത്. പഞ്ചാബ് ഭരിക്കുന്ന കോൺഗ്രസ് സർക്കാരാണ് നടപടികൾ തുടങ്ങിയതും അനുമതി നേടിയതും.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എതിർക്കുന്ന കേരള ബാങ്കിനെ മാതൃകയാക്കിയാണ് പഞ്ചാബ് ബാങ്ക് രൂപീകരിക്കുന്നത്. കേരള ബാങ്കിനെക്കുറിച്ചും ലയനത്തെക്കുറിച്ചും പഠിക്കാൻ പഞ്ചാബിൽനിന്നും ഉന്നത ഉദ്യോഗസ്ഥർ നേരത്തെ കേരളത്തിലെത്തിയിരുന്നു.
പഞ്ചാബ് സഹകരണ വകുപ്പ് രജിസ്ട്രാർ വികാസ് ഗാർഖ്, പഞ്ചാബ് സഹകരണ ബാങ്ക് എംഡി ഡോ. ബി കെ ബാട്ടിഷ് എന്നിവർ അടങ്ങിയ സംഘം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും ചർച്ച നടത്തി. കേരളം നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചാണ് സംഘം മടങ്ങിയത്. കേരള മാതൃകതന്നെയായിരിക്കും തങ്ങളും സ്വീകരിക്കുകയെന്ന് പഞ്ചാബ് സംഘം അന്നേ വ്യക്തമാക്കിയിരുന്നു.
അനാവശ്യ വിവാദങ്ങളുമുയർത്തി കേരള ബാങ്ക് രൂപീകരണത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ സങ്കുചിത രാഷ്ട്രീയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അനാവശ്യ താൽപ്പര്യങ്ങളുടെ പേരിലാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇപ്പോഴും കേരള ബാങ്കിനോട് നിസ്സഹകരിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.