വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹസമ്മാനവുമായി തിരുവല്ലയിലെ പൂര്‍വകാല എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

സംസ്ഥാനത്ത് നിലവില്‍ കാലത്തിനൊപ്പം പഠനരീതിയിലും മാറ്റം അനിവാര്യമായ ഘട്ടത്തില്‍ ആ മാറ്റത്തിനൊപ്പം വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ സഹായം. പത്തനംതിട്ട തിരുവല്ലയിലെ പൂര്‍വകാല എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വാട്‌സാപ്പ് കൂട്ടായ്മ 16 സ്മാര്‍ട്ട് ടെലിവിഷനുകള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി.

കൊവിഡ് വിതച്ച പ്രതിസന്ധിയില്‍ വിദ്യാഭ്യാസത്തിന്റെ രീതികളും മാറുകയാണ്. ഈ മാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ തങ്ങളാല്‍ കഴിയുന്ന അര്‍ഹമായ സഹായം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയാണ് പത്തനംതിട്ട തിരുവല്ലയിലെ മുന്‍കാല എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വാട്‌സാപ്പ് കൂട്ടായ്മ.

ജില്ലയിലെ സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട 16 വിദ്യാര്‍ത്ഥികള്‍ക്ക് ,സ്‌നേഹസമ്മാനമായി ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് ടിവികള്‍ വിതരണം ചെയ്തു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എന്‍. ബാലഗോപാല്‍ സ്മാര്‍ട്ട് ടിവികളുടെ വിതരണോത്ഘാടനം നിര്‍വ്വഹിച്ചത്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വേദിയില്‍വച്ച് ഇത് കൈമാറുകയും ചെയ്തു.

വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞാല്‍ ആ മേഖലയോടുള്ള ഉത്തരവാദിത്വം അവസാനിക്കില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാറി വരുന്ന വിദ്യാഭ്യാസ രീതികള്‍ക്കൊപ്പം സഞ്ചരിക്കാന്‍ അര്‍ഹരായവര്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

അദ്യഘട്ടത്തില്‍ 20 പേര്‍ക്കാണ് സ്മാര്‍ട്ട് ടെലിവിഷനുകള്‍ വിതരണം ചെയ്തതെങ്കിലും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക സഹായം തുടര്‍ന്നും ലഭ്യമാക്കുമെന്ന് പൂര്‍വകാല എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കൂട്ടായ്മ അറിയിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സാങ്കേതിക സഹായങ്ങള്‍ ഇനിയും തുടരുമെന്നും ജില്ലയിലെ മറ്റിടങ്ങളിലേക്ക് സഹായ വിതരണം വ്യാപിപ്പിക്കാനുമാണ് കൂട്ടായ്മയുടെ തീരുമാനം.

കാലം മാറുന്നതിനനുസരിച്ച് സാങ്കേതിക സഹായത്തോടെ എങ്ങനെ വിദ്യാഭ്യാസം കൊണ്ടുപോകാമെന്നോര്‍ത്ത് പ്രതിസന്ധിയിലായ വലിയ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ നല്‍കുന്ന സഹായം വളരെ വലുതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here