ശബരിമല ഉത്സവം ഉപേക്ഷിച്ചു, ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി കടകംപള്ളി; ‘ജനങ്ങളുടെ ആരോഗ്യം പ്രധാനം’; സര്‍ക്കാര്‍ ഭക്തര്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് തന്ത്രി

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല ഉത്സവം ഉപേക്ഷിച്ചു.

ശബരിമലയില്‍ ഭക്തര്‍ക്കും പ്രവേശനമുണ്ടാകില്ല. ദേവസ്വം അധികൃതരുമായും തന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളാണ് ചര്‍ച്ചയില്‍ എല്ലാവരും പ്രകടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉത്സവത്തിന്റെ നടത്തിപ്പിന്റെ കാര്യത്തിലോ മാസപൂജ നടത്തുന്ന കാര്യത്തിലോ യാതൊരുതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടില്ല. ക്ഷേത്രം തുറക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. അവരിപ്പോള്‍ പ്ലേറ്റ് മാറ്റിയിരിക്കുകയാണ്. ആരാണ് ഭക്തര്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതെന്ന് അരി ആഹാരം കഴിക്കുന്ന ജനങ്ങള്‍ക്കറിയാമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

സര്‍ക്കാര്‍ ഭക്തര്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തന്ത്രി മഹേഷ് മോഹനരര് പറഞ്ഞു.

ദേവസ്വം ബോര്‍ഡും തന്ത്രിയും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ല. കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്താണ് പോകുന്നത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഉത്സവം മാറ്റി വയ്ക്കുന്നതുകൊണ്ട് പ്രശ്നങ്ങളൊന്നുമില്ലെന്നും തന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവും ചര്‍ച്ചയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here