വൈറസിനോടൊപ്പം ജീവിക്കാൻ പഠിക്കണം; സ്ഥിതിഗതികൾ വഷളായാൽ ലോക് ഡൌൺ കർശനമാക്കും- ഉദ്ദവ് താക്കറെ

മഹാരാഷ്ട്രയിലെ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും സ്ഥിതി കൂടുതൽ വഷളാക്കുകയാണെങ്കിൽ സംസ്ഥാന സർക്കാർ ലോക് ഡൌൺ ഇളവുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകി.

മഹാരാഷ്ട്രയിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക് ഡൌൺ വീണ്ടും കർശനമായി നടപ്പിലാക്കാനുള്ള സാധ്യതകളും മുഖ്യമന്ത്രി സൂചിപ്പിച്ചു. സർക്കാരിന് മുന്നിൽ തൽക്കാലം മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടുമാസത്തിലേറെ നീണ്ട ലോക് ഡൗണിന് ശേഷം ജൂൺ 8 മുതലാണ് കൂടുതൽ ഇളവുകളോടെ സംസ്ഥാന സർക്കാർ റോഡുകൾ തുറന്നതും ഓഫീസുകൾ പ്രവർത്തിക്കുവാൻ അനുമതി നൽകിയതും. എന്നിരുന്നാലും, പൊതുസ്ഥലങ്ങളിൽ വലിയ ജനക്കൂട്ടവും സാമൂഹിക അകലം പാലിക്കുന്നതിൽ പരാജയപ്പെടുന്നതുമെല്ലാം ആനുകൂല്യങ്ങൾ പിൻവലിക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

കൊറോണ വൈറസ് ഭീഷണി ഇനിയും അവസാനിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഇളവുകൾ ജീവന് ഭീഷണിയാണെന്ന് തെളിഞ്ഞാൽ കൂടുതൽ കർശനമായ നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണമെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാനാണ് ലോക്ക്ഡൗൺ നടപടികൾ ലഘൂകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാൽ ഇളവുകൾ നൽകിയതോടെ റോഡുകളിലെ തിരക്ക് ഗണ്യമായി വർദ്ധിച്ചതും തിരക്ക് കൂട്ടുന്നതും ആശങ്കാജനമാണെന്നും അദ്ദേഹം പറഞ്ഞു.

അവശ്യ സേവന ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെ സൗകര്യത്തിനായി മുംബൈയിൽ സബർബൻ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

ഇതിനായി കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളുടെ അഭാവം നിരവധി ആളുകളെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. മുംബൈയിൽ അര ലക്ഷം പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 3254 പുതിയ കേസുകളും 149 മരണവുമാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇത് വരെ 94041 രോഗബാധിതരുണ്ട്. മുംബൈയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 1567 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News