കേന്ദ്ര ഇറക്കുമതി നയവും സാമ്പത്തിക നയവും കശുവണ്ടി വ്യവസായത്തെ തകര്‍ത്തു; കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി

കടബാധ്യതയും ജപ്തിഭീഷണിയും മൂലം കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി. നല്ലില സ്വദേശി പുത്തന്‍വീട്ടില്‍ സൈമണ്‍ (40) ആണ് മരിച്ചത്. കേന്ദ്ര ഇറക്കുമതി നയവും സാമ്പത്തിക നയവും കശുവണ്ടി വ്യവസായത്തെ തകര്‍ത്തെന്ന് സൈമണിന്റെ പിതാവ് മത്തായി പറഞ്ഞു.

സൈമണും പിതാവ് മത്തായിയും നിര്‍മ്മല മാതാ കശുവണ്ടി ഫാക്ടറി നടത്തിവരികയായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും കശുവണ്ടി ഇറക്കുമതി ചെയ്തിരുന്നു. സാമ്പത്തിക നഷ്ടം മൂലം 2015 ല്‍ ഫാക്ടറി അടച്ചു.

ആ സമയത്ത് നാല് കോടി രൂപയുടെ കടബാധ ഉണ്ടായിരുന്നതായി പറയുന്നു. കടബാധ്യതകള്‍ അടച്ചുതീര്‍ക്കാനാവാതെ ബാങ്കില്‍നിന്ന് ജപ്തി ഭീഷണി നേരിട്ടുവരികയായിരുന്നു. തിരിച്ചടവില്‍ സാവകാശം നല്‍കുന്നതിന് മന്ത്രി മേഴ്‌സികുട്ടിയമ്മ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

സ്വന്തം വസ്തുകവകളോടൊപ്പം ബന്ധുക്കളുടെ വസ്തുക്കളും ഈടുനല്‍കിയതില്‍ ഉള്‍പ്പെടും തോട്ടണ്ടി ഇറക്കുമതിയിലെ കേന്ദ്ര നയമാണ് വ്യവസായ തകര്‍ച്ചക്ക് വഴിവെച്ചതെന്ന് സൈമണിന്റെ പിതാവ് പറഞ്ഞു. ബാങ്ക് ജപ്തി നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പായതോടെ സൈമണ്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.

ആശയാണ് ഭാര്യ. ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനി സഞ്ജനയും ആറാംക്ലാസ് വിദ്യാര്‍ത്ഥി ആല്‍വിനുമാണ് മക്കള്‍. അസ്വഭാവിക മരണത്തിനു കണ്ണനല്ലൂര്‍ പോലിസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News