വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; കോളേജ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് എംജി വിസി; പരീക്ഷാകേന്ദ്രങ്ങള്‍ വിദ്യാര്‍ഥി സൗഹൃദമാക്കണം

കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിവിഎം കോളേജിന് വീഴ്ചപറ്റിയെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്.

കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ഥിനിയെ കൂടുതല്‍ സമയം ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതാണ്. സര്‍വകലാശാലയ്ക്കാണ് അത് ആദ്യം കൈമാറേണ്ടത്.

പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് യൂണിവേഴ്സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോളേജ് വിഷയം ഗൗരവത്തിലെടുത്തില്ല. സംഭവം നടന്ന അന്നു വൈകീട്ട് ഏഴുമണിയ്ക്കും ഏഴരയ്ക്കും ഇടയില്‍ ബിവിഎം കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തന്നിരുന്നു. ഹാള്‍ ടിക്കറ്റിന്റെ ഫോട്ടോകോപ്പി അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

പരീക്ഷാകേന്ദ്രങ്ങള്‍ കുറച്ചുകൂടി വിദ്യാര്‍ഥി സൗഹൃദമാക്കേണ്ടതുണ്ട്. ഭാവിയില്‍ ഇത്തരം സംഭവമുണ്ടായാല്‍ മാതാപിതാക്കളെ അറിയിക്കുന്ന രീതിയുണ്ടാകണം.

സര്‍വകലാശാല പരീക്ഷകളില്‍ നവീന രീതികള്‍ ആരംഭിക്കേണ്ട കാലമായി. ഹാള്‍ടിക്കറ്റിന്റെ ആവശ്യമില്ല, ഇലക്ട്രോണിക് മീഡിയയിലൂടെ നമുക്ക് അത് ചെയ്യാന്‍ സാധിക്കും. ഇത്തരം കാര്യങ്ങള്‍ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യുമെന്നും വിസി അറിയിച്ചു.

അഞ്ജുവിന്റെ മരണത്തില്‍ ഇടക്കാല റിപ്പോര്‍ട്ടാണ് നിലവില്‍ സര്‍വകലാശാല പുറത്തിറക്കിയിരിക്കുന്നത്. സംഭവത്തില്‍ പരീക്ഷാഹാളിലുണ്ടായിരുന്ന മറ്റു കുട്ടികളുടെ കൂടി മൊഴിയെടുക്കേണ്ടതുണ്ട്. പരീക്ഷ അവസാനിച്ച ശേഷമായിരിക്കും മൊഴിയെടുക്കുക.

പൊലീസിന്റെ കൈവശമുളള കുട്ടിയുടെ ഹാള്‍ടിക്കറ്റും സര്‍വകലാശാലയ്ക്ക് പരിശോധിക്കേണ്ടതുണ്ട്. കോപ്പിയടി ആരോപണം സത്യമാണോ എന്നാണ് അന്വേഷിച്ചറിയാനുള്ളത്.

അതിന് ആദ്യം കാലിഗ്രാഫി റിപ്പോര്‍ട്ട് വരേണ്ടതുണ്ട്. അതിനാണ് കാത്തിരിക്കുന്നത്. തുടര്‍ന്നായിരിക്കും മറ്റുനടപടികള്‍. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കും.

കുട്ടി ഒരുമണിക്കൂര്‍ ക്ലാസില്‍ ഇരിക്കണമെന്ന പരീക്ഷാചട്ടം ഉണ്ട്. അതിനാലാണ് കുട്ടിയെ ഇറക്കി വിടാതിരുന്നതെന്നാണ് കോളേജ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത്തരമൊരു സര്‍വകലാശാല ചട്ടമില്ല.

അതിനാല്‍ സംഭവത്തിന് ശേഷം പരീക്ഷാഹാളില്‍ 40 മിനിട്ടോളം ഇരുന്ന കുട്ടി വലിയ മാനസിക വ്യഥ അനുഭവിച്ചിരിക്കാം എന്നാണ് സിന്‍ഡിക്കേറ്റ് അഭിപ്രായപ്പെടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here