”ഈ വൈറസ് ഉടന്‍ ഇല്ലാതാകില്ല, രോഗവ്യാപന തീവ്രത എപ്പോള്‍ കുറയുമെന്നറിയില്ല”: മാര്‍ഗനിര്‍ദ്ദേശം പുതുക്കി

തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധ ഉടന്‍ ഇല്ലാതാകില്ലെന്നും രോഗവ്യാപന തീവ്രത എപ്പോള്‍ കുറയുമെന്നറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

ഈ വൈറസ് ഉടന്‍ ഇല്ലാതാകില്ല. രോഗവ്യാപന തീവ്രത എപ്പോള്‍ കുറയുമെന്നറിയില്ല. ഈ ഘട്ടത്തില്‍ സംസ്ഥാനത്തേക്ക് എത്തിപ്പെട്ടവര്‍ 2,19,492 പേര്‍ എത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് 17.71% 38,881 പേര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 82.29% ശതമാനമാണ്. 1,50,621 പേര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ 63.63% റെഡ് സോണുകളില്‍ നിന്ന് വന്നവരാണ്.

വിദഗ്ദ്ധ സമിതി നിര്‍ദ്ദേശപ്രകാരം മാര്‍ഗനിര്‍ദ്ദേശം പുതുക്കുന്നു:

വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമുള്ള വിദേശത്ത് നിന്നുള്ളവര്‍ക്ക് മുന്‍ഗണനാ നിര്‍ദ്ദേശം നല്‍കിയ ശേഷം വീടുകളിലേക്ക് പോകാം. പൊലീസിനും ആരോഗ്യവകുപ്പിനും ക്വാറന്റൈന്‍ കൈമാറും.

വീട്ടില്‍ സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശ സ്ഥാപനത്തിനാണ്. എന്തെങ്കിലും കുറവുണ്ടെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റും. സുരക്ഷിത ക്വാറന്റീന്‍ ഉറപ്പാക്കാന്‍ വീടുകളിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കും. കുട്ടികളും പ്രായമായവരും ഉണ്ടെങ്കില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കും. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റീന്‍ ലംഘിച്ചാല്‍ പൊലീസ് നടപടിയെടുക്കും.

വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സൗകര്യം നല്‍കും. പെയ്ഡ് ക്വാറന്റീന്‍ പ്രത്യേകം ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കും. ഈ രണ്ട് കേന്ദ്രത്തിലും ആവശ്യമായ സൗകര്യവും കര്‍ശന നിരീക്ഷണവും തദ്ദേശ സ്ഥാപനം റവന്യു, പൊലീസ് എന്നിവര്‍ ഉറപ്പാക്കും.

വിമാനം, ട്രെയിന്‍ റോഡ് മാര്‍ഗം മറ്റ് സംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്ക് ക്വാറന്റീന് പുതിയ മര്‍ഗനിര്‍ദ്ദേശം ഉണ്ട്. കൊവിഡ് പോര്‍ട്ടല്‍ വഴി സത്യവാങ്മൂലം നല്‍കണം.

സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതില്‍ തെരഞ്ഞെടുക്കാം. കൊവിഡ് കണ്‍ട്രോള്‍ റൂമോ പൊലീസോ സുരക്ഷിതത്വം ഉറപ്പാക്കും. അല്ലെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ പെയ്ഡ് ക്വാറന്റീന്‍ സൗകര്യമോ ഉറപ്പാക്കും.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം

കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം വരുത്തുന്നു. ഓരോ ദിവസവും രാത്രി 12 മണിക്ക് മുന്‍പ് കണ്ടെയ്ന്‍മെന്റ് സോണ്‍ വിജ്ഞാപനം ചെയ്യും. പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍. കോര്‍പ്പറേഷനുകളില്‍ സബ് വാര്‍ഡ് തലത്തില്‍. ചന്ത, തുറമുഖം, കോളനി സ്ട്രീറ്റ്, താമസ പ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യം അനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കാം.

ഒരു വ്യക്തി ലോക്കല്‍ സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായാല്‍, വീട്ടിലെ രണ്ട് പേര്‍ ക്വാറന്റീനില്‍ ആയാല്‍ വാര്‍ഡില്‍ പത്തിലേറെ പേര്‍ നിരീക്ഷണത്തിലായാല്‍, വാര്‍ഡില്‍ സെക്കന്ററി ക്വാറന്റീനില്‍ ഉള്ളവര്‍ തുടങ്ങിയ സാഹചര്യം ഉണ്ടാകുമ്പോള്‍ പ്രത്യേക പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാകും. ഇത് ഏഴ് ദിവസത്തേക്ക് പ്രഖ്യാപിക്കും. നീട്ടുന്ന കാര്യം കളക്ടറുടെ ശുപാര്‍ശ പ്രകാരം തീരുമാനിക്കും.

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പോസിറ്റീവായാല്‍, വീടും ചുറ്റുമുള്ള വീടുകളും ചേര്‍ത്ത് കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റും. ദീര്‍ഘദൂര ട്രെയിനുകളില്‍ വരുന്നവര്‍, ഒരിടത്ത് ഇറങ്ങി അവിടെ നിന്ന് മറ്റൊരു ട്രെയിനില്‍ കയറി യാത്ര തുടര്‍ന്ന് പരിശോധന വെട്ടിക്കുന്നു. അത്തരക്കാരെ കഴിഞ്ഞ ദിവസം കണ്ടെത്തി. അത്തരം നടപടികള്‍ ഒരു തരത്തിലും സ്വീകരിക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News