കേരള കോൺഗ്രസ് തർക്കം പരിഹരിക്കാൻ കോട്ടയം ജില്ലാപഞ്ചായത്ത് അധ്യക്ഷപദവി രാജിവയ്ക്കുന്നതിനായി ജോസ് കെ മാണി മുന്നോട്ടുവെച്ച ഉപാധിയിൽ തീരുമാനമെടുക്കുന്നതിനായി ജോസഫ് പക്ഷം ഇന്ന് ചങ്ങനാശ്ശേരിയിൽ യോഗം ചേരും. ഇന്നത്തെ യോഗം യുഡിഎഫിനെ സംബന്ധിച്ച് നിർണായകമാണ്.
ചർച്ച പലതവണ പലരുമായി ആവർത്തിച്ചെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. എന്നാൽ ഇപ്രാവശ്യം വിട്ടുവീഴ്ച ചെയ്യണമെങ്കിൽ പുതിയ ഉപാധികളുമായാണ് ജോസ് കെ മാണി യുഡിഎഫ് നേതാക്കളെ നേരിട്ടത്. കെഎം മാണി – പിജെ ജോസഫ് ലയന സമയത്തെ സീറ്റ് അനുപാതം തന്നെ വരുന്ന തെരഞ്ഞെടുപ്പിലും പാലിക്കണമെന്നാണ് നിബന്ധന.
ജില്ലാ പഞ്ചായത്തിൽ അടുത്ത തവണ കൂടുതൽ സീറ്റ് അനുവദിക്കാമെന്ന് ഉറപ്പുതരികയാണെങ്കിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാമെന്നാണ് ജോസ് കെ മാണി ഉപാധി വെക്കുന്നത്. സീറ്റിന്റ കാര്യത്തിൽ പാർട്ടിയിൽ ആലോചിച്ചേ തീരുമാനിക്കാനാകുവെന്ന് പിജെ ജോസഫും വ്യക്തമാക്കി. ഇതോടെ ജോസഫ് വിഭാഗത്തിന്റെ നിർണായക യോഗമാണ് ഇന്ന് ഉച്ചയ്ക്കുശേഷം ചങ്ങനാശേരിയിൽ നടക്കുന്നത്.
ചങ്ങനാശേരി നഗരസഭ ചെയർമാൻ അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും ഇന്ന് നടക്കുകയാണ്. യോഗം ഉപാധിയെ അംഗീകരിച്ചാൽ ഇന്നോ നാളെയോ കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ജോസ് കെ മാണി വിഭാഗത്തിന്റെ സെബാസ്റ്റ്യൻ കുളത്തുങ്കൽ രാജി വയ്ക്കും. പക്ഷേ ജോസ് കെ മാണി വിഭാഗത്തിന് കൂടുതൽ സീറ്റുകൾ വിട്ടുനൽകുന്ന പഴയ മാനദണ്ഡം വീണ്ടും കൊണ്ടുവരണമെന്ന് ജോസ് കെ മാണി യുടെ ആവശ്യത്തിനു മുന്നിൽ ജോസഫിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരും.
യോഗത്തിൽ ഉപാധി അംഗീകരിക്കേണ്ട എന്നാണ് തീരുമാനമെങ്കിൽ ജോസഫ് വിഭാഗം വീണ്ടും പഞ്ചായത്തിൽ അവിശ്വാസ നടപടികളുമായി മുന്നോട്ടു പോകും. പിന്നെ കോൺഗ്രസ് അവിശ്വാസത്തെ അനുകൂലിക്കുമോ പ്രതികൂലിക്കുമോ എന്നതാകും അടുത്ത വിഷയം. അത് വീണ്ടും യുഡിഎഫിനെ കൂടുതൽ പ്രതിസന്ധിയിലാക്കും

Get real time update about this post categories directly on your device, subscribe now.