‘കൊവിഡ് കാലത്തെ നിയമനം വലിയ ഉത്തരവാദിത്തം’; കോഴിക്കോടിന്‍റെ അസിസ്റ്റൻ്റ് കളക്ടറായി ശ്രീധന്യ സുരേഷ്

കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് വയനാട് പൊഴുതന സ്വദേശിനിയായ ശ്രീധന്യ. കൊവിഡ് കാലത്തെ നിയമനം വലിയ ഉത്തരവാദിത്തമാണെന്ന് ശ്രീധന്യ സുരേഷ് പറഞ്ഞു. സിവില്‍ സര്‍വീസ് പരീക്ഷയിലെ 410ാം റാങ്ക് ജേതാവാണ് ശ്രീധന്യ സുരേഷ്.

വ്യാഴാഴ്ച വൈകിട്ട് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ സാംബശിവറാവു മുമ്പാകെയാണ് ശ്രീധന്യ സുരേഷ് ചുമതലയേറ്റത്. പരിശീലനത്തിന്റെ ഭാഗമായി. മസൂറിയില്‍ ആയിരുന്ന ശ്രീധന്യ നാട്ടിലെത്തി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാഴ്ച തിരുവനന്തപുരത്ത് ക്വാറന്റൈനിലായിരുന്നു. കോവിഡ് കാലത്ത് ചുമതലയേല്‍ക്കുന്നത് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നതെന്ന് ശ്രീധന്യ പറഞ്ഞു.

ഭരണരംഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതുവഴി സാധിക്കും. കേരളത്തിൽ ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വീസ് നേടുന്ന ആദ്യ വ്യക്തിയാണ് വയനാട് പൊഴുതന ഇടിയംവയല്‍ സുരേഷ്-കമല ദമ്പതികളുടെ മകള്‍ ശ്രീധന്യ.

ബിരുദ – ബിരുദാനന്തര പഠനം പൂർത്തിയാക്കിയ കോഴിക്കോട്, തന്റെ രണ്ടാമത്തെ വീടാണെന്നും, തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഒരുപാട് ഘടകങ്ങള്‍ ഇവിടെയുണ്ടെന്നും ശ്രീധന്യ പറഞ്ഞു വലിയൊരു ചുമതലയിലേക്കാണ് കാലെടുത്തുവച്ചത്. ആത്മാര്‍ഥയോടെ അതൊക്കെ ചെയ്യുമെന്നും ശ്രീധന്യ വ്യക്തമാക്കി. നിലവിൽ കോഴിക്കോട് കളക്ടരായ സാംബശിവറാവു 2016 ൽ മാനന്തവാടിയില്‍ സബ് കലക്ടറായിരിക്കുമ്പോള്‍ ട്രൈബല്‍ വകുപ്പില്‍ ജീവനക്കാരിയായിരുന്നു ശ്രീധന്യ.

സാംബശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണങ്ങളും പ്രതികരണങ്ങളുമാണ് ആഗ്രഹങ്ങള്‍ വളര്‍ത്തിയത്. 4 വര്‍ഷത്തിനിപ്പുറം അതേ വ്യക്തിയുടെ കീഴില്‍ അസി. കളക്ടർ ആയി ജോലിചെയ്യാന്‍ കഴിയുന്നത് വലിയ സന്തോഷമാണ് നല്‍കുന്നതെന്നും ശ്രീധന്യ പറഞ്ഞു.

എട്ട് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് ശ്രീധന്യയുടെ ഐഎഎസ് നേട്ടമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു പറഞ്ഞു. ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടിയാണ് ശ്രീധന്യ അയൽ ജില്ലയുടെ ഭരണസിരാകേന്ദ്രത്തിൽ പ്രധാന പദവിയിൽ എത്തിനിൽക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News