മുംബൈയിൽ യുവ എഞ്ചിനീയർ കൊവിഡ് ബാധിച്ചു മരിച്ചു; നടുക്കം മാറാതെ നഗരം

മുംബൈയിലെ വിക്രോളിയിൽ താമസിച്ചിരുന്ന പ്രശാന്ത് പ്രകാശ് ആണ് കൊവിഡ് ബാധിച്ചു മരണത്തിന് കീഴടങ്ങിയത്. എഞ്ചിനീയർ ആയിരുന്നു. 32 വയസ്സ് പ്രായം. ഭാര്യ പ്രീത. 3 വയസ്സുള്ള ഒരു മകനുണ്ട്. മുംബൈയിൽ ടയർ ഷോപ്പുണ്ടായിരുന്ന അച്ഛൻ പ്രകാശ് ഇപ്പോൾ സ്വദേശമായ അടൂരിൽ വിശ്രമജീവിതത്തിലാണ്.

മുംബൈയിൽ അന്റോപ് ഹിൽ ഗാലക്‌സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബോംബെ മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരമാണ് പ്രസവ ശുശ്രുഷകൾക്കുള്ള ആശുപത്രിയായ ഗാലക്സിയിൽ ചികിത്സ തേടിയത്. വേറെ എവിടെയും കിടക്കകൾ ഒഴിവില്ലായിരുന്നുവെന്നാണ് ഇവർ പറഞ്ഞത്. പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ ചെറിയ ആശുപത്രിയായിരുന്നു ഗാലക്‌സി.

ഇന്നലെ മുതൽ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്ന യുവാവിന് ഡോക്ടർ എഴുതി കൊടുത്ത മരുന്ന് പോലും ആശുപത്രിയിലോ പരിസരത്തുള്ള മെഡിക്കൽ ഷോപ്പുകളിലോ ലഭ്യമായിരുന്നില്ലെന്ന് സഹോദരൻ പ്രശോഭ് പറയുന്നു. തുടർന്നാണ് വേറെ ആശുപത്രിയിലേക്ക് മാറ്റുവാനുള്ള ശ്രമം ബന്ധുക്കൾ നടത്തിയത്.

എന്നാൽ നിരവധി ആശുപത്രികളിൽ തിരക്കിയെങ്കിലും വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകൾ എവിടെയും ഒഴിവുണ്ടായിരുന്നില്ല. ഇതോടെ യുവാവിന്റെ ജീവൻ രക്ഷിക്കാനായുള്ള അവസാന ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

മുംബൈ നഗരം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്കുള്ള ആവശ്യമായി വരുന്ന അത്യാഹിത വിഭാഗങ്ങളുടെ അഭാവം. കേരളത്തിൽ നിന്നെത്തിയ മെഡിക്കൽ ടീം സെവൻ ഹിൽസ് ആശുപത്രിയിൽ 100 കിടക്കകളാണ് യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കി വരുന്നത്.

കുറഞ്ഞത് 1000 ഐ സി യു കിടക്കകളെങ്കിലും വരും നാളുകളിൽ ആവശ്യമായി വരുമെന്നാണ് നഗരത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയ മെഡിക്കൽ സംഘത്തെ നയിക്കുന്ന ഡോ സന്തോഷ്‌കുമാർ അറിയിച്ചത്. മുംബൈയിൽ രോഗബാധയുണ്ടാകുന്നവരിൽ 10 ശതമാനം പേരും ഗുരുതരാവസ്ഥയിലുള്ളവരാണെന്നും ഡോക്ടർ പറഞ്ഞു.

ഇതോടെ മുംബൈയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 21 ആയി. ഇതര രോഗങ്ങൾക്ക് ചികിത്സ ലഭിക്കാതെ പത്തോളം മലയാളികൾക്കാണ് രണ്ടു മാസത്തിനിടെ ജീവൻ നഷ്ടപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News