മെഡിക്കല്‍ ഷോപ്പുകളില്‍ ഇന്ത്യൻ ആർമിയുടെ പേരില്‍ പണം തട്ടാൻ ശ്രമം

ഇന്ത്യൻ ആർമിയുടെ പേര് പറഞ്ഞ് മെഡിക്കൽ ഷോപ്പിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതായി പരാതി. കൊച്ചി ഇടപ്പള്ളിയിലെ മെഡിക്കൽ ഷോപ്പിലാണ് മാസ്ക്കും സാനിറ്റൈസറും ആവശ്യപ്പെട്ട് ഓൺലൈൻ ഇടപാട് വഴി പണം തട്ടാൻ ശ്രമം നടന്നത്.

ഇന്ത്യൻ ആർമിയിലെ ഭടനാണ് എന്ന് പറഞ്ഞ് ഫോണിൽ വിളിച്ചയാളാണ് മെഡിക്കൽ ഷോപ്പുടമയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത്.ഷോപ്പുടമയുടെ പരാതിയിൽ എളമക്കര പോലീസ് അന്വേഷണം തുടങ്ങി.

ഇക്കഴിഞ്ഞ 6 നാണ് ഇടപ്പള്ളിയിലെ എ എസ് മെഡിക്കൽ ഷോപ്പുടമയ്ക്ക് ഇന്ത്യൻ സേന കൊച്ചി റെജിമെൻ്റലെ ഭടനാണെന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു ഫോൺ കോൾ വന്നത്.

60 സാനിറ്റൈസറും 100 മാസ്ക്കും വേണം എന്നാവശ്യപ്പെട്ടായിരുന്നു ഫോൺ കോൾ. പണം നൽകാനായി അക്കൗണ്ട് നമ്പർ ആവശ്യപ്പെട്ട ഇയാൾ പിന്നീട് ഗൂഗിൾ പേ വഴി പണം കൈമാറാം എന്ന് പറഞ്ഞ് QR കോഡ് വാട്സാപ്പിൽ അയച്ചു നൽകി.

എന്നാൽ സംശയം തോന്നി QR കോഡ് സെറ്റിംഗ്സ് പരിശോധിച്ചപ്പോൾ ഏതാണ്ട് 12000 ത്തോളം രൂപ ഉടമയുടെ അക്കൗണ്ടിൽ നിന്നും ഫോൺ വിളിച്ചയാളുടെ അക്കൗണ്ടിലേയ്ക്ക് പോകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് കണ്ടെത്തി. ഉടൻ തന്നെ ഈ വിവരം പോലീസിനും സൈബർ സെല്ലിനും കൈമാറുകയായിരുന്നുവെന്ന് മെഡിക്കൽ ഷോപ്പുടമ അസർ പറഞ്ഞു.

ഇന്ത്യൻ സൈന്യത്തിലെ ഭടൻ എന്ന് പറഞ്ഞ് വിളിച്ച നമ്പർ ഉത്തരേന്ത്യയിൽ നിന്നാണെന്ന് എളമക്കര പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ പേരും ഫോട്ടൊയും വ്യാജമാണെന്നും നിഗമനമുണ്ട്.

ഇടപ്പള്ളിയിലെ മറ്റ് ചില മെഡിക്കൽ ഷോപ്പുകളിലും സമാന രീതിയിൽ തട്ടിപ്പിന് ശ്രമം നടന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News