രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷത്തിലേക്ക്; പ്രതിദിന രോഗ വ്യാപനനിരക്കില്‍ ഇന്ത്യ 3-ാം സ്ഥാനത്ത്

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷത്തിലേക്ക്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 10956 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് ഇതാദ്യമായാണ് പ്രതിദിന വര്‍ധന പതിനായിരം കടക്കുന്നത്. നിലവില്‍ 2,97,535 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ 8498 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 396 പേരാണ് രാജ്യത്ത് മരിച്ചത്. രാജ്യത്ത് ഇത് വരെ 1,47,194 പേരാണ് കൊവിഡ് രോഗമുക്തി നേടിയത്. അതേസമയം 5 സംസ്ഥാനങ്ങളില്‍ കൊവിഡ് ചികിത്സയ്ക്കുള്ള ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്കു കുറവുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

കൊവിഡ് ബാധ ഗുരുതരമായി പടരുന്ന ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, യുപി സംസ്ഥാനങ്ങളില്‍ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ക്ഷാമം നേരിട്ടേക്കുമെന്നാണു മുന്നറിയിപ്പ്.

അതേസമയം ലോകരാജ്യങ്ങളിലെ കൊവിഡ് രോഗികളുടെ കണക്കില്‍ ഇന്ത്യ നാലാംസ്ഥാനത്താണ്. പ്രതിദിന രോഗബാധ പതിനായിരത്തോളമായ സാഹചര്യത്തില്‍ ഇന്ത്യ ബ്രിട്ടണിനെ മറികടന്നതായാണ് കൊവിഡ് വേള്‍ഡോ മീറ്റര്‍ വ്യക്തമാക്കുന്നത്.

പ്രതിദിന രോഗബാധ നിരക്കില്‍ ഇന്ത്യ മൂന്നാമതാണ്. മെയ് 24 ന് പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ പതിനെട്ടു ദിവസം കൊണ്ടാണ് നാലാം സ്ഥാനത്തേക്ക് എത്തിയത്. അതേസമയം ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം എഴുപത്തിയഞ്ച് ലക്ഷത്തി എണ്‍പത്തിരണ്ടായിരം പിന്നിട്ടു. ഇതുവരെ ലോകത്ത് നാല് ലക്ഷത്തി ഇരുപത്തിമൂന്നായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News