സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല; ഉത്തരവ് റദ്ദാക്കി

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല. യാത്രക്കാരില്‍ നിന്നും അധിക നിരക്ക് ഈടാക്കാന്‍ ബസ്സുടമകളെ അനുവദിച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടികഴിഞ്ഞ ദിവസം ഹൈകോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തതിരുന്നു. അധിക നിരക്ക് ഈടാക്കാന്‍ ബസ്സുടമകള്‍ക്ക് സിംഗിള്‍ ബഞ്ച് അനുമതി നല്‍കുകയും ചെയ്തിരുന്നു.

ഇതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി. ഇനിമുതല്‍ കുറച്ച നിരക്ക് മാത്രമെ ബസ് ചാര്‍ജായി ഈടാക്കാന്‍ കഴിയു.

ബസ് ചാര്‍ജ്ജ് നിശ്ചയിക്കുക എന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അക്കാര്യത്തില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. നയപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന സുപ്രീംകോടതി ഉത്തരവും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ലോക് ഡൌണിലെ അസാധാരണമായ സാഹചര്യം കണക്കിലെടുത്താണ് ബസ് ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിച്ചതെന്നും നിയന്ത്രണങ്ങള്‍ മാറിയ പശ്ചാത്തലത്തിലാണ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചതെന്നും ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബസ് ഉടമകള്‍ക്കുള്ള ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഉടമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടികാട്ടിയിരുന്നു.

ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റി പരിശോധിച്ച് വരുകയാണെന്നും സിംഗിള്‍ ബഞ്ചിന്റെ സ്റ്റേ നിയമപരമായി നിലനില്‍കുന്നതല്ലെന്നും ചൂണ്ടികാട്ടിയാണ് അപ്പീല് സമര്പിച്ചത്. നിരക്ക് പുതുക്കി നിശ്ചയിക്കുമ്പോള്‍ ബസ്സുടമകളുടെ ഭാഗം കൂടി കേള്‍ക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് കോടതി നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here