മൃതദേഹങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ തള്ളുന്നു; രോഗികളോട് മോശമായി പെരുമാറുന്നു; രാജ്യത്തെ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി; ദില്ലിയില്‍ കാര്യങ്ങള്‍ പരിതാപകരം

രാജ്യത്ത് കൊവിഡ് രോഗികളോടും മൃതദേഹങ്ങളോടും അപമര്യാദയായി പെരുമാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. രോഗികളോട് മൃഗങ്ങളേക്കാള്‍ മോശമായാണ് ചിലര്‍ പെരുമാറുന്നത്. കൊവിഡ് പ്രതിരോധത്തില്‍ ദില്ലി സര്‍ക്കാര്‍ വരുത്തിയ വീഴ്ചകളില്‍ കോടതി അതൃപ്തിയും ആശങ്കയും അറിയിച്ചു.

കോവിഡ് രോഗികളുടെ മൃതദേഹം മോശമായി കൈകാര്യം ചെയ്യുന്നതിലും രോഗികളോട് അപമര്യാദയായി പെരുമാറുന്ന വിഷയത്തിലും കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തത്. ഈ കേസ് പരിഗണിച്ചുകൊണ്ടാണ് ഇത്തരം സംഭവ വികാസങ്ങളില്‍ കോടതി ആശങ്ക രേഖപ്പെടുത്തിയത്.

മൃതദേഹങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ വരെ തള്ളുകയാണ്. മൃഗങ്ങളോടുള്ളതിനെക്കാള്‍ മോശമായാണ് ചിലര്‍ രോഗികളോട് പെരുമാറുന്നത്. രോഗികള്‍ മരിച്ചാല്‍ ബന്ധുക്കളെപ്പോലും അറിയിക്കാതെ അവസ്ഥയാണെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച കോടതി ജൂണ്‍ 17ന് കേസ് വീണ്ടും പരിഗണിക്കും മുന്‍പ് മറുപടി നല്‍കാനും നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധത്തില്‍ ദില്ലിയില്‍ സംഭവിച്ച വീഴ്ചകള്‍ കേസ് പരിഗണിക്കവെ കോടതി പ്രത്യേകം എടുത്തു പറഞ്ഞു.

ദില്ലിയില്‍ കാര്യങ്ങള്‍ പരിതാപകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ആശുപത്രികളില്‍ ബെഡുകള്‍ ഒഴിവുള്ളപ്പോള്‍ ചികില്‍സ ലഭിക്കാന്‍ ആളുകള്‍ നെട്ടോട്ടം ഓടുകയാണ്. മുംബൈയിലും ചെന്നൈയിലും പരിശോധന കൂട്ടുമ്പോള്‍ രോഗികളുടെ എണ്ണം കൂടി വരുന്ന ദില്ലിയില്‍ പരിശോധന കുറയുകയാണെന്നും കോടതി കുറ്റപ്പെടുത്തി.നോട്ടീസ് സ്വീകരിക്കുന്നു എന്ന ദില്ലി സര്‍ക്കാരിന്റെ അഭിഭാഷകന്റെ മറുപടിക്ക് അത് മാത്രം പോരെന്നും മറ്റ് പലതും ചെയ്യണമെന്നും കോടതി പറഞ്ഞു.

ഇതിനിടെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടികുറയ്ക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. മറ്റൊരു ഹര്‍ജി പരിഗണിക്കവേ ആയിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് തന്നെ അതൃപ്തി പ്രകടമാക്കിയത്. ഇതൊരു യുദ്ധമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ സൈനികരും. അവരെ രാജ്യത്തിന് നിരാശരാക്കാന്‍ പറ്റില്ല. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here