പാനൂരിന്റെ പോരാളിക്ക് ജന്മനാടിന്റെ യാത്രാമൊഴി; മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

സിപിഐഎം നേതാവ് പി കെ കുഞ്ഞനന്തന് ജന്‍മനാടിന്റെ യാത്രാമൊഴി. പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിലും പാറാട് ടൗണിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ഉച്ചക്ക് ഒരു മണിയോടെ വീട്ട് വളപ്പില്‍ സംസ്‌ക്കരിച്ചു.

രാവിലെ 8 മണിയോടെയാണ് പി കെ കുഞ്ഞനന്തന്റെ മൃതദേഹം സിപിഐഎം പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിലെത്തിച്ചത്. പാനൂരിലേക്കുള്ള യാത്രാമധ്യേ ഒഞ്ചിയത്ത് സിപിഐഎം പ്രവര്‍ത്തകര്‍ പ്രിയസഖാവിന് യാത്രാമൊഴിയേകി. സംസ്ഥാന കമ്മിറ്റിഅംഗം പി സതീദേവി, ഏരിയാ സെക്രട്ടറി ടി പി ബിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സിപിഐഎം നേതാക്കളായ പി കെ ശ്രീമതി ടീച്ചര്‍, എം വിജയരാജന്‍, പി ജയരാജന്‍, കെപി സഹദേവന്‍, കെ കെ രാഗേഷ് എം പി, എ എന്‍ ഷംസീര്‍ എം എല്‍എ, സിപിഐ നേതാവ് സി എന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

മുഖ്യമന്ത്രിക്ക് വേണ്ടി മണ്ഡലം പ്രതിനിധി പി ബാലന്‍ റീത്ത് സമര്‍പ്പിച്ചു. പാറാട്ട് ടൗണിലും നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. 12 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. അടുത്ത ബന്ധുക്കളും അയല്‍വാസികളും അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ഒരു മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പൊതുദര്‍ശനവും സസ്‌ക്കാരച്ചടങ്ങും നടത്തിയത്. സംസ്‌ക്കാര ശേഷം അനുശോചന യോഗവും ചേര്‍ന്നു. കുഞ്ഞനന്തനോടുള്ള ആദരസൂചകമായി പാനൂര്‍ ടൗണിലും കുന്നോത്ത് പറമ്പ് പഞ്ചായത്തിലും ഹര്‍ത്താല്‍ ആചരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here