ചെറുത്ത് നില്‍പ്പുകളില്‍ നെടുനായകത്വമായി ഇനി കുഞ്ഞനന്തേട്ടന്‍ ഉണ്ടാകില്ല; ആ പോരാളിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ എക്കാലവും ഉണ്ടാകും

കണ്ണൂര്‍: പാനൂരിന്റെ പോരാളി പി കെ കുഞ്ഞനന്തന് വികാരനിര്‍ഭരമായ അന്ത്യയാത്ര. ഇങ്കുലാബ് വിളികളില്‍ മുഖരിതമായ അന്തരീക്ഷത്തിലാണ് മൃതദേഹം ചിത ഏറ്റുവാങ്ങിയത്.

പാനൂരുകരുടെ മനസ്സില്‍ പി കെ കുഞ്ഞനന്തന് മരണമില്ല.നാടിന്റെ നായകന് ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ജന്മനാട് വിട ചൊല്ലിയത്. കുഞ്ഞനന്തന് പാര്‍ട്ടി തന്നെയായിരുന്നു ജീവിതം. പാനൂരില്‍ കുഞ്ഞനന്ദന് പരിചിതമല്ലാത്ത മുഖങ്ങളില്ല.നാട്ടുകാര്‍ക്ക് എല്ലായ്പ്പോഴും വിളിപ്പുറത്തുള്ള നേതാവ്.

അടിമുടി പാര്‍ട്ടിയായിരിക്കുമ്പോഴും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ചു.നാട്ടുകാര്‍ക്ക് പ്രിയങ്കരനായ കുഞ്ഞനന്തേട്ടനെ അവസാനമായി ഒരു നോക്ക് കാണാന്‍ നാടൊട്ടുക്ക് എത്തി. നാല് പതിറ്റാണ്ട് കാലം പ്രവര്‍ത്തന കേന്ദ്രമായിരുന്ന സി പി ഐ എം പാനൂര്‍ ഏറിയ കമ്മിറ്റി ഓഫീസിലായിരുന്നു ആദ്യം പൊതു ദര്‍ശനം.

തുടര്‍ന്ന് പാറാട് ടൗണില്‍.അവസാനമായി വീട്ടില്‍ മൃതദേഹം എത്തിച്ചപ്പോഴും വിങ്ങിപ്പൊട്ടുന്ന മനസ്സുമായി നിരവധി പേര്‍ അവിടെയുമെത്തി. എല്ലാവരും സ്വയം അച്ചടക്കം പാലിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കാതെ ഒരു നോക്ക് കണ്ട് മടങ്ങി.

പാനൂരുകാര്‍ക്ക് വിഷമ ഘട്ടങ്ങളില്‍ ആശ്വാസ തീരമായി, പോരാട്ടങ്ങളില്‍ ആവേശമായി, ചെറുത്ത് നില്‍പ്പുകളില്‍ നെടുനായകത്വമായി ഇനി കുഞ്ഞനന്തേട്ടന്‍ ഉണ്ടാകില്ല. എങ്കിലും അവര്‍ക്ക് കൂട്ടായി ആ പോരാളിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ എല്ലാ കാലവും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News