കേന്ദ്രം നല്‍കാനുള്ളത് 5250 കോടിയുടെ ജിഎസ്ടി കുടിശിക; നികുതി വരുമാനത്തില്‍ ചെറിയ തോതില്‍ വര്‍ധനവുണ്ടാകുന്നു: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ഫെബ്രുവരി മാസം വരെയുള്ള ജിഎസ്ടി കുടിശിക മാത്രമെ സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളുവെന്നും മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ പണം ലഭിക്കേണ്ടതുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്.

കോവിഡ് മൂലം നികുതി വരുമാനം ഇടിഞ്ഞിരിക്കുന്ന മൂന്ന് മാസത്തെ നികുതിയാണ് ലഭിക്കാനുള്ളത്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

14 ശതമാനം വച്ചുള്ള വര്‍ധനവ് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. അല്ലാത്ത പക്ഷം ആ വിടവ് നഷ്ടപരിഹാരമായി നല്‍കേണ്ടതാണ്. നികുതി വരുമാനം കഴിഞ്ഞ രണ്ട് മാസമായി പാതി പോലുമില്ലാത്ത അവസ്ഥയാണ്.സെസിനെ സംബന്ധിച്ചാണെങ്കില്‍ വില്‍പ്പന കുറഞ്ഞതിനാല്‍ അതും ചുരുങ്ങി. സെസ് ഫണ്ടില്‍ കേന്ദ്രത്തിന്റെ പക്കല്‍ 8000 കോടി രൂപയെ ഉള്ളു.

കോവിഡിന്റെ പ്രശ്നം എന്നാണ് കേന്ദ്രം പറയുന്നത്. കൗണ്‍സില്‍ വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കേരളം ആവശ്യം ഉന്നയിച്ചു. വായ്പയ്ക്ക് കേന്ദ്രം ഗ്യാരണ്ടി നില്‍ക്കണം. ഇത് കേന്ദ്രത്തിന്റെ ധനകമ്മി വര്‍ധിപ്പിക്കില്ല, കൗണ്‍സിലാണ് വായ്പയെടുക്കുന്നതെന്നും ഐസക് വ്യക്തമാക്കി.

കടം വാങ്ങിയായാലും നഷ്ടപരിഹാരം നല്‍കേണ്ടത് നിയമപരമായി കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും ഐസക് പറഞ്ഞു. 5250 കോടി രൂപയാണ് ജിഎസ്ടി കുടിശിക ലഭിക്കാനുള്ളത്. ഒരു തരത്തിലുള്ള നികുതിയും കോവിഡ് കാലത്ത് വര്‍ധിപ്പിക്കേണ്ടതില്ല എന്നാണ് പൊതു ധാരണ. നികുതിവരുമാനത്തില്‍ ചെറിയ തോതിലുള്ള മെച്ചപ്പെടല്‍ ഉണ്ടായിട്ടുണ്ട്. ഇനിയുള്ള മാസങ്ങളില്‍ സാമ്പത്തിക സ്ഥിതി പതിയെ മെച്ചപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

ഏപ്രില്‍ മാസത്തില്‍ 390 കോടിയാണ് പിരിഞ്ഞുകിട്ടിയതെന്നും എന്നാല്‍ പിന്നീടതില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here