കൊവിഡ് മരണം: ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്; രാജ്യത്ത് രോഗബാധിതര്‍ മൂന്ന് ലക്ഷം

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ മൂന്നുലക്ഷം കടന്നു. മരണം ഒമ്പതിനായിരത്തോടടുത്തു. മരണത്തിൽ ഇറാനെ മറികടന്ന് ഇന്ത്യ ആഗോള പട്ടികയിൽ പത്താമതും ഏഷ്യൻ പട്ടികയിൽ ഒന്നാമതുമായി. മഹാരാഷ്ട്രയിൽ രോ​ഗികള്‍ ലക്ഷം കടന്നു.

രോ​ഗികളുടെ എണ്ണത്തില്‍ ചൈനയെ നേരത്തേ മറികടന്ന മഹാരാഷ്ട്ര വെള്ളിയാഴ്‌ച ക്യാനഡയെയും പിന്തള്ളി. മഹാരാഷ്ട്രയ്‌ക്കു പിന്നിലുള്ള തമിഴ്‌‌നാട്ടിൽ രോ​ഗികള്‍ 40,000 കടന്നപ്പോൾ ഡൽഹി 35,000, രാജസ്ഥാന്‍ 12,000, ബംഗാള്‍ പതിനായിരവും കടന്നു.

മാളുകളും ആരാധനാലയങ്ങളും അടക്കം തുറന്നുകൊണ്ട്‌ മോഡി സർക്കാർ അൺലോക്ക്‌ ഒന്നിന്‌ തുടക്കമിട്ട ജൂൺ എട്ടിനുശേഷമുള്ള അഞ്ച്‌ ദിവസം രാജ്യത്ത് അരലക്ഷത്തിലേറെ പുതിയ രോ​ഗികള്‍, മരണം 1500ൽ ഏറെ. ജനുവരി 30ന്‌ രാജ്യത്ത്‌ ആദ്യ കോവിഡ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തശേഷം 109 ദിവസമെടുത്താണ് രോ​ഗികള്‍ ഒരു ലക്ഷമായത്.

എന്നാൽ‌, രണ്ടുലക്ഷമെത്താൻ വേണ്ടിവന്നത് 25 ദിവസംമാത്രം. വെറും പത്തുദിവസംകൊണ്ട് മൂന്ന് ലക്ഷമായി. ഈ നില തുടര്‍ന്നാല്‍ ഈ മാസം അവസാനത്തോടെ രോ​ഗികള്‍ അഞ്ചുലക്ഷം കടക്കും. 24 മണിക്കൂറില്‍ 396 പേര്‍ മരിച്ചെന്നും 10,956 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ദിവസം രോ​ഗികള്‍ പതിനായിരം കടന്നതായി കേന്ദ്രം സ്ഥിരീകരിക്കുന്നത് ഇതാദ്യം. ഒറ്റ ദിവസം ഇത്രയേറെ മരണവും ആദ്യം.

ഇളവിന് പിന്നാലെ രോ​ഗവ്യാപനമേറി

അടച്ചിടൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ മെയ്‌ 18ന്‌ ശേഷമുള്ള മൂന്നാഴ്‌ച കാലയളവിൽ 98 ജില്ലയിലേക്ക്‌ പുതുതായി രോഗം പടര്‍ന്നതായി വെളിപ്പെടുത്തി കേന്ദ്ര ക്യാബിനറ്റ്‌ സെക്രട്ടറി രാജീവ്‌ ഗൗബ. ഇതിൽ 53 ജില്ല വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍‌. ഛത്തീസ്‌ഗഢ്‌, ജാർഖണ്ഡ്‌, ഒഡിഷ, ബംഗാൾ എന്നീ കിഴക്കൻ സംസ്ഥാനങ്ങളിലെ 25 ജില്ലയിലേക്കുകൂടി രോഗമെത്തി. സംസ്ഥാന ചീഫ്‌ സെക്രട്ടറിമാരുമായുള്ള വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യമറിയിച്ചത്.

മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്‌, ബംഗാൾ, കർണാടകം, ജമ്മു -കശ്‌മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായാണ്‌ കോവിഡ് തീവ്രജില്ലകളേറെയും. ഗുരുഗ്രാം (ഹരിയാന), ഉഡുപ്പി (കർണാടകം), യാദ്‌ഗിർ (കർണാടകം), കോലാപ്പുർ (മഹാരാഷ്ട) എന്നീ ജില്ലകളിലെ നാനൂറിലേറെ രോ​ഗികളില്‍ 90 ശതമാനവും മെയ്‌ 18ന്‌ ശേഷമാണ്.

രാജ്യത്തെ രോഗം ഇരട്ടിക്കൽ നിരക്കും മരണനിരക്കും നേരിയ തോതിൽ മെച്ചപ്പെട്ടു. അതിൽ ആശ്വാസപ്പെട്ട്‌ അലംഭാവത്തിലേക്ക്‌ നീങ്ങരുത്‌. രണ്ടാഴ്‌ചമുമ്പ്‌ 4.87 ശതമാനമായിരുന്ന രോഗസ്ഥിരീകരണ നിരക്ക്‌ നിലവിൽ 5.7 ശതമാനമായി. 13 സംസ്ഥാനത്തിലെ 46 ജില്ലയിൽ രോഗസ്ഥിരീകരണം 10 ശതമാനത്തിലേറെയാണ്‌.

മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ രോഗസ്ഥിരീകരണം 10 ശതമാനത്തിനു മുകളിലാണ്‌. മുംബൈ, താനെ, ചെന്നൈ എന്നീ നഗരങ്ങളിലും പാൽഘർ (മഹാരാഷ്ട്ര), മൽകജ്‌ഗിരി (തെലങ്കാന), ഹൊജോയ്‌ (അസം) എന്നീ ഗ്രാമീണ ജില്ലകളിലും രോഗസ്ഥിരീകരണം 20 ശതമാനത്തിലേറെയാണ്‌.

പതിമൂന്ന്‌ സംസ്ഥാനത്തിലെ 63 ജില്ലയിൽ മരണനിരക്ക്‌ (സ്ഥിരീകരിക്കുന്ന കേസുകളിൽ മരണപ്പെടുന്നവർ) അഞ്ച്‌ ശതമാനത്തിൽ കൂടുതലാണ്‌. ഇതിൽ 51 ജില്ല നാല്‌ സംസ്ഥാനങ്ങളിലാണ്‌–- മധ്യപ്രദേശ്‌ (21), യുപി (11), മഹാരാഷ്ട്ര (10), ഗുജറാത്ത്‌ (9). രാജ്യത്തെ 72 ശതമാനം കേസും 30 പ്രഭവകേന്ദ്ര ജില്ലകളിലായാണ്‌. ഇതിലേറെയും നഗരമേഖലകളാണ്‌. 23 ജില്ല ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്‌, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണെന്നും ക്യാബിനറ്റ് സെക്രട്ടറി.

മഹാരാഷ്‌ട്രയിൽ രോഗികൾ ലക്ഷം കടന്നു

കോവിഡ് ബാധിതരുടെ എണ്ണം ലക്ഷം കടന്നതോടെ മഹാമാരിക്കു മുന്നില്‍ ശ്വാസംമുട്ടി മഹാരാഷ്ട്ര. രാജ്യത്തെ രോ​ഗികളുടെ മൂന്നിലൊന്നും മഹാരാഷ്‌ട്രയിൽ. ആകെ രോഗികൾ 1,01, 141 ആയി. 3717 പേര്‍ മരിച്ചു. ധാരാവി ചേരിയിൽ മാത്രം 2000 രോഗികൾ.

മാർച്ച്‌ ഒമ്പതിന്‌ ആദ്യ കോവിഡ്‌ പോസിറ്റീവ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്‌ത്‌ മൂന്നുമാസം പിന്നിടുമ്പോഴാണ്‌ രോഗികളുടെ എണ്ണം കുതിക്കുന്നത്‌. ഈ മാസം നാലുമുതൽ 11 വരെ 22,788 പുതിയ രോ​ഗികള്‍, 1003 മരണം. മുംബൈയിൽമാത്രം 54,085 രോ​ഗികള്‍. താനെ–- 15,679, പുണെ–-10,882, ഔറംഗാബാദ്‌–-2300, പാൽഘർ–-1842 എന്നിങ്ങനെയാണ്‌ മറ്റ്‌ സ്ഥലങ്ങളിലെ കണക്ക്‌.

ഭരണത്തില്‍ പടലപ്പിണക്കം

കോവിഡ്‌ പ്രതിരോധത്തിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കേണ്ട വേളയില്‍ ‘മഹാവികാസ് ‌അഘാഡി’ സർക്കാരില്‍ അഭിപ്രായഭിന്നത ശക്തമാണ്‌. ശിവസേനയും കോൺഗ്രസും എൻസിപിയും പലതട്ടുകളിലാണ്‌. മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ ഒറ്റയ്‌ക്കാണ്‌ തീരുമാനങ്ങൾ എടുക്കുന്നതെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവും റെവന്യൂമന്ത്രിയുമായ ബാലാസാഹേബ്‌ തൊറാട്ട്‌ തുറന്നടിച്ചു. എൻസിപി നേതാവ്‌ ശരദ്‌ പവാർ ഉദ്ധവ്‌ താക്കറെയെക്കണ്ട്‌ വിയോജിപ്പറിയിച്ചു. കോവിഡ്‌ പ്രതിസന്ധിയും പടലപ്പിണക്കവും മുതലാക്കാൻ ബിജെപി രംഗത്തുണ്ട്‌.

40,000 കടന്ന്‌ തമിഴ്‌നാട്‌

ഇരുപത്തിനാല്‌ മണിക്കൂറിനിടെ 1982 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 40,698 ആയി. സംസ്ഥാനത്ത്‌ രോഗം സ്ഥിരീകരിച്ച പ്രതിദിന കണക്കിൽ റെക്കോഡാണിത്‌. 18 പേർക്കുകൂടി ജീവൻ നഷ്ടമായതോടെ മരണം 367 ആയി. സംസ്ഥാനത്തെ രോഗികളിൽ പകുതിയിലധികവും ചെന്നൈയിലാണ്‌. വെള്ളിയാഴ്‌ച 1477 പേർക്കുകൂടി രോഗബാധ ഏറ്റത്തോടെ രോഗികൾ 28,924 ആയി.

ആരോഗ്യ സെക്രട്ടറിയെ മാറ്റി

തമിഴ്‌നാട്ടിൽ കോവിഡ്‌ വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യ സെക്രട്ടറി ബീല രാജേഷിനെ മാറ്റി. കോവിഡ്‌ നിയന്ത്രണങ്ങളിൽ സർക്കാരിന്‌ വീഴ്‌ച സംഭവിച്ചെന്ന വിമർശനം രൂക്ഷമായതിനു പിന്നാലെയാണ് മുഖംരക്ഷിക്കൽ‌ നടപടി. മുൻ ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണനാണ്‌ ചുമതല. നിലവിൽ റവന്യൂ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്‌. ഗ്രേറ്റർ ചെന്നൈ കോർപറേഷന്റെ കോവിഡ്‌ പ്രവർത്തനങ്ങളുടെ പ്രത്യേക നോഡൽ ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like